Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി സൗജന്യ യാത്ര ഓഡിനറി ബസുകളിൽ മാത്രമോ? അന്തിമ തീരുമാനം നാളെ

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച അന്തിമ രൂപരേഖ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ നാളെ ഉന്നതതല യോഗം ചേരും. പദ്ധതിയുടെ പ്രായോഗികത, സാമ്പത്തിക ബാധ്യത, ഏത് സർവീസുകളിൽ ആനുകൂല്യം അനുവദിക്കണം തുടങ്ങിയ കാര്യങ്ങളായിരിക്കും നാളത്തെ യോഗത്തിൽ ചർച്ച ചെയ്യുക. ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനമായാണ് സ്ത്രീകൾക്കുള്ള സൗജന്യയാത്ര പ്രഖ്യാപിച്ചത്. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ "അഞ്ച് ഇന്ദിരാ ഗ്യാരന്റികളിൽ" പ്രധാന വാഗ്ദാനമായിരുന്ന പദ്ധതി അധികാരമേറ്റ് മണിക്കൂറുകൾക്കകം പ്രഖ്യാപിച്ചതോടെ രാഷ്ട്രീയമായും സാമൂഹികമായും വലിയ ശ്രദ്ധ നേടിയിരുന്നു.

ksrtcmain2

നിലവിൽ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിലേക്കാണ് സൗജന്യയാത്ര പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാൽ ജില്ലാതിർത്തി കടന്ന് യാത്ര ചെയ്യാനാകുമോ, എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ആനുകൂല്യം ലഭ്യമാകുമോ, യാത്രയ്ക്ക് പ്രത്യേക നിബന്ധനകളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ അന്തിമതീരുമാനം എടുത്തിട്ടില്ല. നാളത്തെ യോഗത്തിന് ശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ.

പ്രതിദിനം ഏകദേശം 12 ലക്ഷം സ്ത്രീകൾ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ യാത്രകൾ സൗജന്യമാകുമ്പോൾ വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പ്രതിമാസം കുറഞ്ഞത് 60 കോടി രൂപയെങ്കിലും സർക്കാർ സബ്‌സിഡിയായി കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇതിനിടെ, മറ്റ് സംസ്ഥാനങ്ങളിലെ സമാന പദ്ധതികളും കേരള സർക്കാർ പഠിച്ചുവരികയാണ്. കർണാടകയിൽ സ്ത്രീകൾക്ക് എസി, സ്ലീപ്പർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ചിട്ടില്ല. തമിഴ്നാട്ടിൽ ഓർഡിനറി സർവീസുകളിലാണ് ആനുകൂല്യം പരിമിതപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ കൂടുതൽ വിപുലമായ രീതിയിൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകളിലും ആനുകൂല്യം നൽകാനാണ് സർക്കാർ ആലോചിക്കുന്നതെന്ന സൂചനകളുണ്ട്.

അതേസമയം സാമൂഹികക്ഷേമ പദ്ധതിയായിട്ടാണ് ഇത് അവതരിപ്പിക്കപ്പെടുന്നതെങ്കിലും, സാമ്പത്തികമായി ഇതിനോടകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് പദ്ധതി വലിയ വെല്ലുവിളിയാകുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ ഏകദേശം 4,000 ബസുകളാണ് കെ.എസ്.ആർ.ടി.സിക്ക് പ്രവർത്തനക്ഷമമായുള്ളത്. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലുള്ളത് ഏകദേശം 7,000 ബസുകളാണ്. .

22,000 സ്ഥിരം ജീവനക്കാരും 43,000 പെൻഷൻകാരും ഉള്ള കെ.എസ്.ആർ.ടി.സിക്ക് ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ചെലവുകൾ വലിയ സാമ്പത്തിക ബാധ്യതയായി തുടരുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ മുൻ എൽ.ഡി.എഫ് സർക്കാർ 14,000 കോടി രൂപയിലധികം പ്രവർത്തനച്ചെലവുകൾക്കായി കോർപ്പറേഷനിലേക്ക് നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ.

പ്രതിദിനം 18 ലക്ഷം മുതൽ 23 ലക്ഷം വരെ യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ സഞ്ചരിക്കുന്നത്. ഇതിൽ ഏകദേശം പകുതിയോളം സ്ത്രീകളാണ്. അടുത്തിടെ ലിംഗഭേദമനുസരിച്ചുള്ള ടിക്കറ്റിംഗ് നടപ്പാക്കിയപ്പോൾ, 7.53 കോടി രൂപയുടെ പ്രതിദിന വരുമാനത്തിൽ 3.75 കോടി മുതൽ 4.25 കോടി രൂപ വരെ സ്ത്രീ യാത്രക്കാരിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സൗജന്യയാത്ര നടപ്പിലാകുമ്പോൾ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

പദ്ധതിക്കെതിരെ സ്വകാര്യ ബസ് മേഖലയിലും ആശങ്ക ഉയർന്നിട്ടുണ്ട്. സ്ത്രീ യാത്രക്കാരുടെ വലിയൊരു വിഭാഗം കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയാൽ സ്വകാര്യ സർവീസുകൾക്ക് തിരിച്ചടിയാകുമെന്നാണ് ബസ് ഉടമകളുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+