കെവി തോമസ് ചരടുവലിക്കുന്നത് മകൾ രേഖ തോമസിന് വേണ്ടി? ലക്ഷ്യം കൊച്ചി? ചർച്ചകൾ ഇങ്ങനെ
തിരുവനന്തപുരം; വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതോടെ കെ വി തോമസ് പാർട്ടിക്ക് പുറത്താണെന്ന കാര്യത്തിൽ ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടുള്ള കെ പി സി സി ശുപാർശിയിൽ ഇപ്പോൾ അദ്ദേഹത്തിൽ നിന്നും വിശദീകരണം തേടിയിരിക്കുകയാണ് പാർട്ടി. വിശദീകരണം എന്ത് തന്നെയായാലും ശക്തമായ നടപടിക്ക് തന്നെയാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.
'ഭാവന, എങ്ങനെയാണ് ഇങ്ങനെ സുന്ദരിയായിട്ടിരിക്കാൻ കഴിയുന്നത്';കിടിലൻ ചിത്രങ്ങളുമായി നടി,വൻ വൈറൽ
പാർട്ടി എന്ത് നടപടി സ്വീകരിച്ചാലും കോൺഗ്രസിനൊപ്പമെന്നാണ് തോമസ് ആവർത്തിക്കുന്നത്. മാത്രമല്ല ഒരു കാര്യം കൂടി പറഞ്ഞ് വെയ്ക്കുന്നു, താൻ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും. പിന്നെ എന്താകും തോമസിന്റെ അടുത്ത ലക്ഷ്യം?

കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കിയാൽ സി പി എം അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നൽകുമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിനെ സംബന്ധിച്ച് നഷ്ടമില്ലാത്തതെന്ന് മാത്രമല്ല ഗുണം മാത്രമുള്ളൊരു പാക്കേജ് ആണ് കെവി തോമസ്. ലത്തീൻ സമുദായ വോട്ടുകൾ നിർണായകമായ എറണാകുളത്ത് കെ വി തോമസിലൂടെ സമുദായ വോട്ടുകൾ ഉറപ്പിക്കാനാകുമെന്ന് സി പി എം പ്രതീക്ഷിക്കുന്നുണ്ട്.

എന്നാൽ 78 കാരനായ കെ വി തോമസിന് എന്ത് പദവിയായിരിക്കും പാർട്ടി നൽകിയേക്കുക? തോമസിനെ പോലൊരു കാര്യമായ പദവികൾ തന്നെ നൽകേണ്ടി വരും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സ്ഥാനാർത്ഥിത്വം നൽകുമോ? അതോ തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കുമോ? അതോ മറ്റെന്തെങ്കിലും ഉയർന്ന പദവി? സി പി എമ്മോ കെ വി തോമസ് ഇക്കാര്യത്തിലൊന്നും മനസ് തുറന്നിട്ടില്ല.

ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താൻ ഇല്ലെന്നാണ് കെ വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയായി മകൾ രേഖ തോമസ് വരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ മകൾ രേഖയെ സ്ഥാനാർത്ഥിയാക്കാനുള്ള തീവ്ര ശ്രമങ്ങൾ തോമസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. കൊച്ചി, വൈപ്പിൻ മണ്ഡലങ്ങൾ ഏതെങ്കിലും മകൾക്കായി അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിഞ്ഞതോടെ ആ ആവശ്യം നേതൃത്വം തള്ളി.മാത്രമല്ല കൊച്ചി കോർപറേഷൻ കൗൺസിലിലേക്കും മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അതും വിജയം കണ്ടില്ല.

ലത്തീൻ വോട്ടുകൾ നിർണായകമായ കൊച്ചി മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥിയായി അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ രേഖയെത്തുമോയെന്നതേ ഇനി അറിയാനുള്ളൂ. രേഖയെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് സി പി എം നേതൃത്വവുമായി പല വിധ ചർച്ചകൾ കെ വി തോമസ് നടത്തിയിണ്ടുണ്ടെന്നാണ് വാർത്തകൾ. നിലവിൽ കൊച്ചിയിൽ നിന്നുള്ള എം എൽ എ കെ ജെ മാക്സിയാണ്. മാക്സിക്ക് ശേഷം ആരെന്നത് സംബന്ധിച്ച് സി പി എമ്മിൽ ഇതുവരെ ഒരു പേര് ഉയർന്ന് വന്നിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ രേഖയെ അവതരിപ്പിക്കാനുള്ള സാധ്യത തള്ളാനാകില്ല.

കഴിഞ്ഞ തവണ ലത്തീൻ സഭയുടെ നിർദ്ദേശം അവഗണിച്ച് മണ്ഡലത്തിന് പുറത്ത് നിന്നുള്ള ടോണി ചമ്മിണിയെ മത്സരിപ്പിച്ചത് കോൺഗ്രസിന് തിരിച്ചടിക്ക് കാരണമായിരുന്നു. രേഖയെ സംബന്ധിച്ചെടുത്തോളം അവർ മണ്ഡലത്തിൽ തന്നെയുള്ള നേതാവാണ്. ഇതെല്ലാം അനൂകൂല ഘടകമായിരിക്കും. അതേസമയം സി പി എം സ്വതന്ത്രനായി അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ കെ വി തോമസ് എത്തുമോ? അതും തള്ളിക്കളയാൻ സാധിക്കില്ല. എന്തായാലും കോൺഗ്രസ് വരും ദിവസങ്ങളിൽ എന്ത് നിലപാട് എടുക്കുമെന്നതിന് അനുസരിച്ചാകും കെ വി തോമസിന്റെ അടുത്ത നീക്കങ്ങൾ.












Click it and Unblock the Notifications