ആർഎസ്എസിനെ അനുകൂലിച്ച് ഏത് കൊടി കുത്തിയ കൊമ്പന്‍ പറഞ്ഞാലും മിണ്ടാതിരിക്കില്ല: യൂത്ത് കോൺഗ്രസ്
പാലക്കാട്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് ജില്ലാ ക്യാമ്പ്. കെ സുധാകരന്‍ മുന്‍പ് നടത്തിയ ആര്‍എസ്എസ് അനുകൂല പ്രസ്താവനകളാണ് യൂത്ത് കോണ്‍ഗ്രസിനുളളില്‍ ചര്‍ച്ചയായതും നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചതും. കോണ്‍ഗ്രസിനുളളില്‍ തന്നെയും കെ സുധാകരന്റെ പ്രസ്താനകള്‍ വലിയ തോതില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു.
രണ്ട് ദിവസമായി പാലക്കാട് അട്ടപ്പാടിയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ ക്യാമ്പ് നടക്കുന്നത്. ആര്‍എസ്എസിനോട് മൃദു സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് യൂത്ത് നേതാക്കളുടെ നിലപാട്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അരുണ്‍ കുമാര്‍ ചാലക്കുഴിയാണ് കെപിസിസി അധ്യക്ഷന് എതിരെ വിമര്‍ശനം ഉന്നയിക്കുന്ന പ്രമേയം അവതരിപ്പിച്ചത്.

പാര്‍ട്ടിക്കുളളില്‍ എത്ര വലിയ സ്ഥാനത്തുളള നേതാവാണെങ്കിലും ആര്‍എസ്എസിന് സംരക്ഷണം നല്‍കുന്ന നിലപാടുകളെ അംഗീകരിക്കില്ല. ആര്‍എസ്എസിനെ അനുകൂലിക്കുന്ന പ്രസ്താവനകള്‍ വെറും നാക്ക് പിഴയായി മാത്രം കണ്ട് മൗനം പാലിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ആര്‍എസ്എസിന് സംരക്ഷണം നല്‍കുന്നു എന്ന തരത്തില്‍ ഏത് കൊടി കുത്തിയ കൊമ്പന്‍ പറഞ്ഞാലും കയ്യും വായും പൊത്തി മിണ്ടാതിരിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്‌സാധിക്കില്ല എന്ന് കെപിസിസിയെ ഓര്‍മ്മപ്പെടുത്തുന്നു. അത്തരത്തില്‍ ആരെങ്കിലും സംസാരിച്ചാല്‍ അവരെ ഒറ്റുകാരനെന്ന് വിളിക്കാനും തങ്ങള്‍ മടിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതനായ ശശി തരൂരിനുളള പരോക്ഷ പിന്തുണയും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലുണ്ട്. ജനങ്ങള്‍ക്ക് ഇടയില്‍ സ്വാധീനമുളള നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഭ്രഷ്ട് കല്‍പ്പിക്കുകയാണ് എങ്കില്‍ അത്തരക്കാര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വേദി നല്‍കുമെന്നാണ് പ്രമേയത്തിലെ പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് കേരളത്തിലെ നേതൃത്വത്തില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. മാത്രമല്ല തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ പരിപാടികളില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കുന്ന സാഹചര്യവും ഉണ്ടായി. അതേസമയം യൂത്ത് കോണ്‍ഗ്രസിലെ ചില നേതാക്കളടക്കം തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയുമുണ്ടായി.
കണ്ണൂരില്‍ വെച്ച് പ്രസംഗിക്കവേയാണ് കെ സുധാകരന്‍ വിവാദമായ ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തിയത്. താന്‍ കെഎസ്യു പ്രവര്‍ത്തകനായിരിക്കെ കണ്ണൂരിലെ കിഴുന്ന, തോട്ടട എന്നീ സ്ഥലങ്ങളില്‍ സിപിഎം ആര്‍എസ്എസിന്റെ ശാഖകള്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആളെ വിട്ട് സംരക്ഷിച്ചിട്ടുണ്ട് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ബിജെപിയില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താനാണ് എന്നുളള പ്രസ്താവനയും വിവാദമായിരുന്നു. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും കെ സുധാകരന്റെ പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്തു എന്നുളള സുധാകരന്റെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു.












Click it and Unblock the Notifications