പിണറായി മറ്റ് മതങ്ങളെ ഇതുപോലെ അവഹേളിക്കുമോ?: സാനതന ധർമ്മ പരാമർശത്തിനെതിരെ ബിജെപി ദേശീയ നേതൃത്വവും
ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാനതന ധർമ്മ പരാമർശത്തില്‍ വിമർശനവുമായി ബി ജെ പി കേന്ദ്ര നേതൃത്വവും. സാനതന ധർമ്മത്തെ അവഹേളിക്കുന്ന പ്രസ്താവനയാണ് പിണറായി വിജയന്‍ നടത്തിയതെന്ന് ബി ജെ പി ദേശീയ വക്താവ് ഷഹ്സാദ് പുനെവാല. പരാമർശം ചില പ്രത്യേക വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനുള്ളതാണ്. മറ്റ് മതങ്ങളെ ഇതുപോലെ അവഹേളിക്കാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ശിവഗിരി തീർത്ഥാടനത്തിനോട് അനുബന്ധിച്ച് നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കേരളത്തില്‍ നിന്നുള്ള മുതിർന്ന ബി ജെ പി നേതാക്കളായ വി മുരളീധരനും കെ സുരേന്ദ്രനും രംഗത്ത് വന്നിട്ടുണ്ട്. സനാതന ധർമത്തെ അധിക്ഷേപിക്കാൻ ശിവഗിരി സമ്മേളന വേദി ഉപയോഗിച്ചതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണ് പിണറായി വിജയനെന്നാണ് വി മുരളീധരന്‍ വ്യക്തമാക്കിയത്. പരിശുദ്ധ ഖുറാനെ കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെക്കുറിച്ചോ ഇതുപോലെ പറയാൻ മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയിൽ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു സാമൂഹിക പരിഷ്കർത്താവായി മാത്രം കാണുന്നത് പിണറായി വിജയന് വരേണ്യ മനസ്സുള്ളത് കൊണ്ടാണ്. ഗുരുദേവൻ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണ്. അദ്ദേഹം 60 ഓളം കൃതികൾ ഹിന്ദു ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്. സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ സനാതന ധർമ്മത്തെ നിർവചിച്ച മഹാത്മാവാണ് ഗുരുദേവനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ അവഹേളിച്ചവരുടെ പാരമ്പര്യമാണ് പിണറായി വിജയനുള്ളത്. കേവല ഭൗതിക വാദി എന്ന നിലയിലാണ് ഹിന്ദുക്കളെയും ഹൈന്ദവ പാരമ്പര്യങ്ങളെയും പിണറായി വിജയന്‍ ആക്ഷേപിച്ചതെങ്കില്‍ അതേ മാനദണ്ഡമുപയോഗിച്ച് മറ്റ് മതങ്ങളെയും ആക്ഷേപിക്കാനുള്ള ചങ്കൂറ്റം പിണറായിക്കുണ്ടാകുമോ? കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ പോലുള്ളവരുടെ മുന്നില്‍ മുട്ടിട്ട് നില്‍ക്കുന്ന പിണറായി വിജയന്റെ ചിത്രമാണ് നമ്മള്‍ ഈയിടെ കണ്ടത്. മറ്റ് യുക്തിവാദികള്‍ ചെയ്യുന്നതുപോലെ ഖൂര്‍ആനെയോ വിമര്‍ശിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുമോ.
മറ്റ് മത വിശ്വാസങ്ങളെ ഇതേ തള്ളിപ്പറയാന്‍ സി പി എമ്മും പിണറായി വിജയനും തയ്യാറാകുമോ. ഗുരുദേവൻ സനാതന ധർമ്മി അല്ലെന്നുള്ള പിണറായി വിജയന്റെ പ്രസ്താവന വിവരക്കേടാണ്. ശ്രീനാരായണ ഗുരുവിന്റെ സന്നിധിയില്‍ പോയി സനാതന ധര്‍മ്മത്തെ വിമര്‍ശിക്കുന്ന പിണറായി വിജയന്റെ നിലപാട് അപക്വവും മുതിര്‍ന്ന രാഷ്ട്രീയ നേതാവിനും മുഖ്യമന്ത്രി പദവിക്കും യോജിച്ചതല്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications