പാര്‍ട്ടി നിശ്ചയിച്ച പ്രായപരിധി പ്രകാരം സ്ഥാനമൊഴിയുമോ? പിണറായിയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: സിപിഎം നയപ്രകാരം പ്രായപരിധി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനത്ത് നിന്ന് താന്‍ മാറണമോ എന്നത് പാര്‍ട്ടി തീരുമാനിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 23-ം പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ച 75 വയസിന്റെ പ്രായപരിധി മാനദണ്ഡപ്രകാരം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പുതുമുഖങ്ങള്‍ക്ക് വേണ്ടി മാറിക്കൊടുക്കണം.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനമൊഴിയാന്‍ തയ്യാറാണോ എന്നായിരുന്നു ചോദ്യം. ഇതിന് അക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഞാനല്ല. ഒരു വ്യക്തിക്ക് ഇക്കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാന്‍ കഴിയില്ല. കൂട്ടായ തീരുമാനങ്ങളിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.

പ്രായപരിധി മാനദണ്ഡം ഞങ്ങള്‍ എന്തായാലും തുടരും. എന്റെ കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എല്ലായ്പ്പോഴും പാര്‍ട്ടിക്ക് വേണ്ടിയും പാര്‍ട്ടിയെ അനുസരിച്ചുമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ പിണറായിയ്ക്ക് 79 വയസായി. 2026 ല്‍ ആണ് ഇനി കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം അന്‍വര്‍ ഉയര്‍ത്തുന്ന വിവാദങ്ങളെ സംബന്ധിച്ചും പിണറായി പ്രതികരിക്കുന്നുണ്ട്.
അന്‍വറിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇടതുപക്ഷവും സിപിഎമ്മും എല്ലാകാലത്തും ആര്‍എസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുള്ളവരാണ് എന്നും അതിനാല്‍ തന്നെ തങ്ങള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ട് എന്ന കള്ളക്കഥകള്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെയാണ് പിന്തുണയ്ക്കുന്നത്. ഇതില്‍ വിറളി പൂണ്ട യുഡിഎഫ് ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ മുസ്ലീം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍, ഞങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൊലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പണം കേരളത്തില്‍ എത്തുന്നത്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളെല്ലാം സര്‍ക്കാരിന്റെ അത്തരം നടപടികളോടുള്ള പ്രതികരണമാണ് എന്നും പിണറായി ചൂണ്ടിക്കാട്ടി. അതിനിടെ സംസ്ഥാനത്ത് ബിജെപിക്ക് വോട്ടുവിഹിതം കൂടുന്നു എന്നത് സിപിഎം ഗൗരവമായി സമീപിക്കുന്ന വിഷയമാണ് എന്നും എന്നാല്‍ അതിന് സഹായകമാകുന്നത് കോണ്‍ഗ്രസാണ് എന്നും അദ്ദേഹം ആരോപിച്ചു.
2016 ല്‍ നേമത്ത് സംഭവിച്ചത് തന്നെയാണ് 2024ല്‍ തൃശൂരിലും സംഭവിച്ചത്. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് നേരിയ തോതിലെങ്കിലും വോട്ട് കൂടുകയാണ് ചെയ്തത് എന്നും അദ്ദേഹം അവകാശപ്പെട്ടു.


Click it and Unblock the Notifications