കത്തിന്റെ പൂര്‍ണ രൂപവും കൂടുതല്‍ തെളിവുകളും ഹാജരാക്കാമെന്ന് സരിത
കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അവസരം തരണമെന്ന് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. അഭിഭാഷകന്‍ മുഖേനയാണ് സരിത ഇക്കാര്യം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ തെളിവുകളും നേരത്തെ പുറത്തുവന്ന കത്തിന്റെ പൂര്‍ണരൂപവും ഹാജരാക്കാമെന്നാണ് സരിത വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ കത്ത് ഹാജരാക്കാന്‍ കമ്മീഷന്‍ സരിതയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ സ്വകാര്യതയാണെന്ന പറഞ്ഞ് സരിത കത്ത് ഹാജരാക്കിയില്ല. പിന്നീട് കമ്മീഷന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും കോടതിയില്‍ നിന്നും സരിത സ്‌റ്റേ വാങ്ങുകയായിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിലൂടെ സരിത കത്തിന്റെ ഒരു ഭാഗം പുറത്തുവിട്ടത് ഏറെ വിവാദമാകുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ലൈംഗിക പരാമര്‍ശം ഉള്‍ക്കൊള്ളുന്നതായിരുന്നു സരിതയുടെ കത്ത്.

കത്ത് നേരത്തെ കാമാറീതിരുന്നത് കുടുംബത്തിന്റെ ഭാവിയെ കരുതിയായിരുന്നെന്ന് സരിത പറയുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്മതത്തോടെയാണ് ഇപ്പോള്‍ കത്ത് പുറത്തുവിടാന്‍ തീരുമാനിച്ചത്. ഇതിനൊപ്പം മൊഴികളെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും കൈമാറുമെന്ന് സരിത അഭിഭാഷകന്‍ മുഖേന വ്യക്തമാക്കിയിട്ടുണ്ട്.
സോളാര്‍ കമ്മീഷനില്‍ സരിതയുടെ മൊഴി എടുക്കല്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ച്ചയായി ഹാജരാകാതിരുന്നതോടെ സരിതയ്ക്ക് ഇനി അവസരം തരില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ സരിതയുടെ പുതിയ ആവശ്യം കമ്മീഷന്‍ അംഗീകരിക്കുമോയെന്ന് ഉറപ്പില്ല. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ സരിത കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ അത് യുഡിഎഫിന് കനത്ത ആഘാതമാകും.












Click it and Unblock the Notifications