മുകേഷ് അടക്കമുള്ളവർക്കെതിരെ പരാതി ഉന്നയിച്ച നടി കുടുങ്ങുമോ? വീണ്ടും കേസ്..പരാതി നൽകിയത് ബന്ധു
കൊച്ചി: മുകേഷ് അടക്കമുള്ളവർക്കെതിരെ പരാതി ഉന്നയിച്ച ആലുവ സ്വദേശിയായ നടിക്കെതിരെ വീണ്ടും കേസ്. അതിജീവിതയെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. ഇവരുടെ ബന്ധുവായ സ്ത്രീ തന്നെയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മൂവാറ്റുപുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് നടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിക്കാരിയുടെ പരാതിയിൽ നേരത്തേ നടിക്കെതിരെ പോക്സോ കേസ് പ്രകാരം കേസെടുത്തിരുന്നു. ഈ പരാതിക്ക് ശേഷം തന്നെ സോഷ്യൽ മീഡിയയിലൂടെ നടി അപമാനിച്ചുവെന്നാണ് പുതിയ പരാതിയിൽ പറയുന്നത്. നിരന്തരം അധിക്ഷേപിക്കുകയാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

16 വയസുള്ളപ്പോൾ തന്നെ നടി പലർക്കും കാഴ്ചവെച്ചുവെന്ന് ആരോപിച്ചായിരുന്നു യുവതി ആദ്യം പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചെന്നൈയിൽ കൊണ്ടുപോയി കാഴ്ചവെച്ചുവെന്നാണ് പരാതിയിൽ പറഞ്ഞത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് നടിയുടെ ചെന്നൈയിലുള്ള വീട്ടിലേക്ക് താൻ അമ്മയ്ക്കൊപ്പമാണ് പോയത്. അമ്മയെ വീട്ടിലെ പണി ചെയ്യാൻ ഏൽപ്പിച്ച് തന്നെ ഓഡിഷനെന്ന് പറഞ്ഞ് ഒരുക്കി കൊണ്ട് പോയി കാഴ്ചവെയ്ക്കുകയായിരുന്നു. ദുരുദ്ദേശം മനസിലായതോടെ താൻ അവിടെ നിന്ന് കരഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതിക്കാരി പറഞ്ഞത്. നടി സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നേരിട്ടാണ് പെൺകുട്ടി പരാതി നൽകിയത്. കേസിൽ നേരത്തേ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം പരാതിയിൽ അറസ്റ്റ് ഭയന്ന് നടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. യുവതി ഏത് സ്റ്റേഷനിലാണ് പരാതി നൽകിയത് എന്ന് അറിയാത്തതിനാൽ സംസ്ഥാനത്തെ 14 സെഷൻസ് കോടതികളിലും ഇവർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. അതേസമയം ഈ കേസ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് കമാറി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയുടെ നടപടി. നടിക്കെതിരെ പെൺകുട്ടിയുടെ പരാതി അടക്കം ഇതിനോടകം നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
നടൻ മുകേഷ്, മണിയൻ പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, സംവിധായകൻ ബാലചന്ദ്രമേനോൻ, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് നടി നേരത്തേ പരാതി നൽകിയത്.












Click it and Unblock the Notifications