വീട് തിരിച്ചുകൊടുക്കുമോ? ബഹ്‌റൈനില്‍ നിന്ന് എത്തിയ രേണുവിന്റെ മറുപടി; 'ഞാന്‍ ടെന്‍ഷനിലാണ്'
സോഷ്യല്‍ മീഡിയ താരം രേണു സുധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തര്‍ക്കങ്ങളും ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ. കൊല്ലം സുധിയുടെ മരണശേഷം രേണു സുധിക്കും മക്കള്‍ക്കും ഇഷ്ടദാനമായി ലഭിച്ച സ്ഥലവും വീടുമാണ് ഇപ്പോള്‍ വിവാദത്തിന്റെ കേന്ദ്രം. രേണുവിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ബിഗ് ബോസില്‍ നിന്ന് പോസിറ്റീവ് ആയി ഇറങ്ങിയ രേണു ഇപ്പോള്‍ വിവാദ പരാമര്‍ശങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. പ്രധാനമായും വീട് നിര്‍മ്മിക്കാന്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പിനെയും വീട് നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കിയ ഫിറോസിനെയും കുറ്റപ്പെടുത്തി സംസാരിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബിഷപ്പിനെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ചതോടെ പ്രശ്‌നങ്ങള്‍ വഷളായി. വീടിന്റെ തകരാറുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ഫിറോസുമായും പ്രശ്‌നങ്ങള്‍ ഉണ്ടായി.

ഇപ്പോഴിതാ ബിഷപ്പിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ രേണുവിനെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് ഇദ്ദേഹം. ബിഷപ്പിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഭൂമി ഇഷ്ടദാനം നല്‍കിയത് ക്യാന്‍സല്‍ ചെയ്യുമെന്നാണ് ബിഷപ്പ് നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഏഴു ദിവസത്തിനകം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് മാറ്റണമെന്നാണ് ബിഷപ്പിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തോട് രേണു അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. സുധിയുടെ മൂത്തമകന്‍ കിച്ചുവിനും വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. രേണുവിന്റെ അതിരുവിട്ട അധിക്ഷേപ പരാമര്‍ശങ്ങളാണ് ഇതിനെല്ലാം കാരണമെന്ന വിലയിരുത്തലുകളാണ് പല യൂട്യൂബര്‍മാരും പങ്കുവെച്ചത്.
രേണുവും കുടുംബവും താമസിക്കുന്ന വീട് നഷ്ടമാകുമോ എന്ന് ആശങ്ക ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ നിയമനടപടികളിലൂടെ ഇഷ്ടദാനം റദ്ദാക്കാന്‍ കഴിയും. ബിഷപ്പ് നോട്ടീസ് അയച്ച സമയത്ത് രേണു ഒരു റസ്റ്റോറന്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബഹ്‌റൈനില്‍ ആയിരുന്നു. നാട്ടില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് ബഹ്‌റൈനില്‍ നിന്ന് എത്തിയ രേണു പറയുന്നത്. വിവാദങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ലഭിച്ച രേണുവിന്റെ മറുപടി ഇതായിരുന്നു. ക്രൈം ഫയല്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ഫാദര്‍ ക്ലമന്റ് കാളിയാര്‍ പറയുന്ന ഡയലോഗ് ആണ് എനിക്ക് ഓര്‍മ്മ വരുന്നതെന്നും എന്റെ പിഴ, എന്റെ മാത്രം പിഴ എന്നുമാണ് രേണു പറഞ്ഞത്.
ബഹ്‌റൈനില്‍ നിന്ന് കൊച്ചിയില്‍ വിമാനം ഇറങ്ങിയപ്പോള്‍ ഒരു ചേച്ചി വിളിച്ചു. മോളെ കിച്ചു ഇറക്കിവിട്ടോ എന്ന് ചോദിച്ചാണ് ആ ചേച്ചി കരഞ്ഞത്. ചേച്ചി എന്തിനാ ഇതൊക്കെ വിശ്വസിക്കുന്നത് എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. ഈ സമയത്ത് തന്നെ കിച്ചു, അമ്മ ഇവിടെ എത്തിയോ എന്ന് ചോദിച്ച് വിളിച്ചു. ഒരു വിവാദം നടക്കുകയല്ലേ എന്ന് പറഞ്ഞപ്പോള്‍ അമ്മയെന്തിനാ അതൊക്കെ മൈന്‍ഡ് ചെയ്യുന്നത്, പോകാന്‍ പറ എന്നാണ് കിച്ചു പറഞ്ഞത്.
വീട് തിരിച്ചു കൊടുക്കാന്‍ ബിഷപ്പ് നോട്ടീസ് അയച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രേണുവിന്റെ മറുപടി ഇതായിരുന്നു. വീട് തിരിച്ചു കൊടുക്കേണ്ടത് ഞാനല്ല. ഇതിനെക്കുറിച്ച് ഞാന്‍ ഒന്നു അറിഞ്ഞില്ല. ഇനി വേണം വിശദമായി അന്വേഷിക്കാന്‍. വിവാദം നടക്കുന്നുവെന്ന് അറിഞ്ഞിരുന്നു. പക്ഷേ എന്താണ് സംഭവം എന്ന് അറിയില്ലായിരുന്നു. ഇവിടെ നിന്ന് പോയാല്‍ കുറച്ചു നാള്‍ സമാധാനം ഉണ്ടാവുമല്ലോ എന്നാണ് ഞാന്‍ ഓര്‍ത്തത്. അവിടെ ചെന്നപ്പോള്‍ അതിലും വലിയ പ്രശ്‌നം ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആകെ ടെന്‍ഷനിലാണ് - രേണു കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications