ശമ്പളം 76000 ആകുമോ അതോ 87000 രൂപയോ? കാത്തിരിക്കുന്നത് വൻ ലോട്ടറി..ലക്ഷങ്ങൾ ഒറ്റയടിക്ക് കൈയ്യിൽ വരും
ശമ്പള പരിഷ്കരണത്തിൽ ഫിറ്റ്മെൻ്റ് ഫാക്ടർ നിർണായകമാണ്. ഇത് സംബന്ധിച്ച് നിരവധി നിർദേശങ്ങൾ കേന്ദ്രസർക്കാർ ജീവനക്കാരുടെ സംഘടനകൾ കമ്മീഷന് മുന്നിൽ വെച്ചിട്ടുണ്ട്. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (എൻസി-ജെസിഎം), ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (എഐഇഡിഎഫ്), ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (എഫ്എൻപിഒ) തുടങ്ങിയ ഭൂരിഭാഗം സംഘടനകളും 3.833 എന്ന നിർദേശമാണ് പങ്കുവെച്ചത്.
ഏഴാം ശമ്പള കമ്മീഷനിൽ എൻസി-ജെസിഎം 3.71 എന്ന ഫിറ്റ്മെൻ്റ് ഫാക്ടറാണ് നിർദേശിച്ചത്. എന്നാൽ കമ്മീഷൻ നടപ്പാക്കിയത് 2.57 എന്ന ഫിറ്റ്മെൻറ് ഫാക്ടറായിരുന്നു. എട്ടാം ശമ്പള കമ്മീഷൻ 2.0 - 2.50 നും ഇടയിലുള്ള ഫിറ്റ്മെൻ്റ് ഫാക്ടറായിരിക്കും നടപ്പാക്കുകയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ലെവൽ 1 ജീവനക്കാരുടെ ശമ്പളം 18,000 രൂപയായിരുന്നു. ലെവൽ 2 മുതൽ 5 വരെ യഥാക്രമം 19900, 21700, 25500, 29200 എന്നിങ്ങനെയാണ് ശമ്പളം. അതേസമയം 2.62 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ എട്ടാം ശമ്പള കമ്മീഷൻ പരിഗണിച്ചാൽ ലെവൽ 1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർധനവ് രേഖപ്പെടുത്തും. അതായത്ശമ്പളം 18,000 ത്തിൽ നിന്നും 47160 ആയി ഉയരും. ലെവൽ 2 മുതൽ 5 വരെയുള്ളവരുടെ ശമ്പളം യഥാക്രമം 52138, 56854, 66810, 76504 എന്നിങ്ങനെയായി വർധിക്കും.
3.0 ആണ് ഫിറ്റ്മെൻ്റ് ഫാക്ടറെങ്കിൽ 1-5 വരെയുള്ള ജീവനക്കാരുടെ ശമ്പളം 54000, 59700, 65100, 76500, 87600 എന്നിങ്ങനെയാകും. അതേസമയം എട്ടാം ശമ്പളകമ്മീഷൻ ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ ഫിറ്റ്മെൻ്റ് ഫാക്ടർ സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
അടുത്ത വർഷം മെയ് മാസത്തോടെ
കഴിഞ്ഞ വർഷം നവംബർ 3നാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ ഔദ്യോഗികമായി രൂപീകരിച്ചത്.
ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇതുപ്രകാരം 2027 മെയ് 3 നകം റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴത്തെ നിലയിൽ റിപ്പോർട്ട് സമർപ്പണം വൈകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കമ്മീഷൻ റിപ്പോർട്ട് സർക്കാർ വിശദമായി അവലോകനം ചെയ്ത് ഔദ്യോഗിക പ്രഖ്യാപനം വരുമ്പോഴേക്കും 2028 ആകാനും സാധ്യതയുണ്ട്. എന്നാൽ റിപ്പോർട്ട് വെകുന്നതിൽ ജീവനക്കാർക്ക് യാതൊരു ആശങ്കയും വേണ്ട. കാരണം 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും എട്ടാം ശമ്പളകമ്മീഷൻ നടപ്പാകുന്നതോടെ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വലിയ വർധനവ് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.


Click it and Unblock the Notifications
