SSLC Exam: എസ്എസ്എൽസി പരീക്ഷാ ചോദ്യങ്ങൾക്ക് കടുപ്പമേറുമോ? പ്രചാരണങ്ങൾക്ക് മറുപടി നൽകി വി ശിവൻകുട്ടി
എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുതിയ പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തവണ പരീക്ഷാ ചോദ്യങ്ങൾ കഠിനമാകും എന്നുളള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പുതിയ ചോദ്യ മാതൃകകൾ കുട്ടികളെ പരിചയപ്പെടുത്തിയിട്ടുളളതാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പത്താം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന തരത്തിലുളള പ്രചാരണങ്ങളും ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ താല്പര്യം മുൻനിർത്തി മാത്രമേ ഇത്തരം കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്നും വ്യാജ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രി പ്രതികരിച്ചു.
വി ശിവൻകുട്ടിയുടെ കുറിപ്പ്: '' പ്രിയപ്പെട്ട വിദ്യാർത്ഥികളേ, രക്ഷിതാക്കളേ, എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് അടിസ്ഥാനരഹിതമായ ആശങ്കകൾ പടർത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതിയ പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ പരീക്ഷ എന്നതിനാൽ ചോദ്യങ്ങൾ കടുപ്പമേറിയതാകുമെന്ന പ്രചാരണം തീർത്തും വാസ്തവവിരുദ്ധമാണ്.

പുതിയ രീതിയിലുള്ള ചോദ്യമാതൃകകൾ അധ്യയന വർഷാരംഭത്തിൽ തന്നെ SCERT വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ളതുമാണ്. കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനായി കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
സിലബസ് ലഘൂകരണത്തെക്കുറിച്ചും സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ പത്താം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ ശരിയല്ല. ഫീൽഡിൽ നിന്നുള്ള ഫീഡ്ബാക്കുകൾ കൃത്യമായി പരിശോധിച്ച ശേഷം കുട്ടികളുടെ താല്പര്യം മുൻനിർത്തി മാത്രമേ ഇത്തരം കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കൂ. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതപഠനത്തിന് യോഗ്യത നേടുന്ന എല്ലാ കുട്ടികൾക്കും പ്ലസ് വണ്ണിൽ പഠിക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട് എന്നതിനാൽ ആരും തന്നെ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.
പരീക്ഷാ നടത്തിപ്പും ചോദ്യപ്പേപ്പർ നിർമ്മാണവും അടക്കമുള്ള കാര്യങ്ങൾ അതീവ രഹസ്യമായാണ് നടക്കുന്നത്. സംസ്ഥാനത്തിന് പുറത്താണ് ചോദ്യപ്പേപ്പർ പ്രിന്റ് ചെയ്യുന്നത് പോലും. ഇത്രയും ജാഗ്രതയോടെ നടത്തുന്ന പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനും കുട്ടികളെ മാനസികമായി ഭയപ്പെടുത്തി ലാഭം കൊയ്യാനും ചില മാഫിയകൾ ശ്രമിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പോലീസും വിദ്യാഭ്യാസ വകുപ്പും ഗൗരവമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ നിന്ന് തൽപരകക്ഷികൾ പിന്മാറണം. കുട്ടികൾക്ക് ദോഷകരമായ ഒരു തീരുമാനവും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാകില്ല. സർക്കാരിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ എല്ലാ വിദ്യാർത്ഥികളോടും അഭ്യർത്ഥിക്കുന്നു''.












Click it and Unblock the Notifications