വിപ്രോയുടെ റോഡ് പൊതുഗതാഗതത്തിനായി തുറക്കണമെന്ന് സിദ്ധരാമയ്യ; പറ്റില്ലെന്ന് അസിം പ്രേംജി
വിപ്രോ കാമ്പസ് റോഡ് പൊതുഗതാഗതത്തിനായി തുറക്കില്ലെന്ന് വ്യക്തമാക്കി അസിം പ്രേംജി. വിപ്രോയുടെ ബെംഗളൂരു കാമ്പസിലെ റോഡ് നഗരത്തിലെ പ്രധാന പാതയായ ഔട്ടർ റിംഗ് റോഡിലെ (ഒ ആർ ആർ) ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പൊതുജനങ്ങൾക്കായും തുറന്നുകൊടുക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു നീക്കത്തിന് ഇപ്പോള്‍ സാധ്യമല്ലെന്ന് വിപ്രോ സ്ഥാപകൻ അസിം പ്രേംജി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം മുഖ്യമന്ത്രി കത്ത് എഴുതുകയും ചെയ്തു.
നിയമപരവും ഭരണപരവുമായ കാര്യങ്ങള്‍ ഉയർത്തിക്കാട്ടിയാണ് അസിം പ്രേംജി മുഖ്യമന്ത്രിയുടെ ആവശ്യം നിരാകരിച്ചിരിക്കുന്നത്. സർജാപൂർ കാമ്പസ് സ്വകാര്യ സ്വത്താണ്, കൂടാതെ ആഗോള ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഒരു പ്രത്യേക സാമ്പത്തിക മേഖലയുടെ (എസ്.ഇ.സെഡ്) ഭാഗമാണ്. കമ്പനികളുമായുള്ള കരാർ പ്രകാരം കർശനമായ പ്രവേശന നിയന്ത്രണം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ കാമ്പസ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ പരിഹാരമാകില്ല," അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

എന്നിരുന്നാലും, ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഡാറ്റാധിഷ്ഠിതമായ ഒരു സമീപനം സ്വീകരിക്കാൻ വിപ്രോ തയ്യാറാണെന്നും അസിം പ്രേംജി വ്യക്തമാക്കി. നഗര ഗതാഗത മാനേജ്മെന്റിലെ വിദഗ്ധർ നയിക്കുന്ന ഒരു സമഗ്ര പഠനം നടത്താനും അദ്ദേഹം നിർദ്ദേശിച്ചു. "ഇത്തരമൊരു പഠനം ഹ്രസ്വകാല, മധ്യകാല, ദീർഘകാല പരിഹാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമഗ്ര റോഡ്മാപ് തയ്യാറാക്കാൻ നമ്മെ സഹായിക്കും. പരിഹാരത്തിന്റെ ഭാഗമാകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നതിന്, ഈ വിദഗ്ധ പഠനത്തിന്റെ ഗണ്യമായ ചെലവ് വഹിക്കാൻ വിപ്രോ തയ്യാറാണ്," അസിം പ്രേംജി എഴുതി.
കർണാടകയുടെ വികസനത്തിന് വിപ്രോ നൽകിയ സംഭാവനകളെ അംഗീകരിച്ച മുഖ്യമന്ത്രിക്ക് അസിം പ്രേംജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഒ.ആർ.ആറിലെ ഗതാഗത പ്രശ്നങ്ങളുടെ അടിയന്തിര ആവശ്യവും അദ്ദേഹം എടുത്തുപറഞ്ഞു. "ഒന്നിലധികം ഘടകങ്ങളിൽ നിന്നുണ്ടാകുന്ന ഈ പ്രശ്നത്തിന്റെ സങ്കീർണ്ണത കണക്കിലെടുക്കുമ്പോൾ, ഒറ്റപ്പെട്ട ഒരു പരിഹാരം മാത്രം മതിയാകില്ല," അദ്ദേഹം കുറിച്ചു.
വെല്ലുവിളികൾ ഉണ്ടെങ്കിലും, "ഡാറ്റാധിഷ്ഠിതമായ സമീപനമാണ് നമ്മുടെ നഗരത്തിന് ഏറ്റവും ഫലപ്രദമായ ഫലങ്ങൾ നൽകുക" എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, കർണാടക സർക്കാരുമായി സഹകരിക്കാനുള്ള വിപ്രോയുടെ പ്രതിബദ്ധത പ്രേംജി കത്തിലൂടെ വീണ്ടും ഉറപ്പിച്ചു.












Click it and Unblock the Notifications