കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് പത്ത് കിലോമീറ്റര്‍ ഓടി
ചെങ്ങന്നൂര്‍: വിസില്‍ കേട്ട് ചെങ്ങന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഡ്രൈവര്‍ വണ്ടി വിട്ടു. പിന്നീടാണ് അമളി പറ്റിയ വിവരം അറിയുന്നത്. ബസ്സില്‍ കണ്ടക്ടര്‍ കയറിയില്ല. ചെങ്ങന്നൂരില്‍ നിന്നും പമ്പയ്ക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ്സിനാണ് ഇങ്ങനെയൊരു അബദ്ധം പറ്റിയത്. വിസില്‍ കേട്ട് തെറ്റിദ്ധരിച്ച് ഡ്രൈവര്‍ വണ്ടി വിടുകയായിരുന്നു.
റെയില്‍വെ സ്റ്റേഷനില്‍ എത്തി ആളെ ഇറക്കിയശേഷം ചെങ്ങന്നൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കണ്ടക്ടര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി. പമ്പ സ്‌പെഷല്‍ സര്‍വീസ് ബസ് ആയതുകൊണ്ട് ആളെ കയറ്റാനും ഇറക്കാനും ബെല്‍ ഉപയോഗിക്കാറില്ല. പകരം വിസില്‍ അടിക്കുകയാണ് ചെയ്യാറ്.

തൊട്ടടുത്തു കിടന്ന ബസ്സില്‍ നിന്നും വിസിലടി കേട്ട് തെറ്റിദ്ധരിച്ച ഡ്രൈവര്‍ ബസ് വിടുകയായിരുന്നു. സ്‌പെഷല്‍ സര്‍വീസ് ആയതുകൊണ്ടു ഇടയ്ക്കിടെ സ്റ്റോപ്പുകളും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഡ്രൈവര്‍ കണ്ടക്ടര്‍ കയറിയില്ല എന്ന കാര്യം വൈകിയാണ് അറിയുന്നത്. ഇറങ്ങേണ്ട യാത്രക്കാരന്‍ സ്വയം ബെല്ലടിച്ചപ്പോഴാണ് ഡ്രൈവര്‍ സംഭവം അറിയുന്നത്.
തുടര്‍ന്ന് ബസ് നിര്‍ത്തിയ ഡ്രൈവര്‍ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി വിടുകയായിരുന്നു. തന്നെ കയറ്റാതെ പോയ ബസ്സിനെ കണ്ടക്ടര്‍ ഓട്ടോറിക്ഷയില്‍ പിന്തുടരുകയും ചെയ്തു. പതിനഞ്ച് മിനിട്ടുകള്‍ക്ക് ശേഷമാണ് കണ്ടക്ടര്‍ ബസ്സിനടുത്ത് എത്തിച്ചേര്‍ന്നത്.












Click it and Unblock the Notifications