എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം?രാത്രിയില്‍ ഒന്നിച്ചിരുന്ന യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ചെന്ന്
ക്യാംപസിലെ കൂത്തമ്പലത്തില്‍ സുഹൃത്തായ യുവാവിനോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ഒരു സംഘം എസ്എഫ്‌ഐക്കാര്‍ വന്ന് മര്‍ദ്ദിക്കുകയും ബാഗ് തട്ടിയെടുക്കുകയും ചെയ്തതെന്നാണ് യുവതി ആരോപിക്കുന്നത്.
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സദാചാര പോലീസ് ചമഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ സ്വദേശിനിയും സര്‍വകലാശാലയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയുമായ യുവതിയെയും കൂടെവന്ന യുവാവിനെയുമാണ് എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതായി ആരോപിക്കുന്നത്.
കഴിഞ്ഞ 21 ന് രാത്രിയായിരുന്നു സംഭവം. സര്‍വകലാശാലയിലെ കലോത്സവത്തിന് കൂട്ടുകാര്‍ വിളിച്ചത് പ്രകാരമാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ യുവതി ക്യാംപസിലെത്തിയത്. രാത്രി പരിപാടി കഴിഞ്ഞ് ക്യാംപസിലെ കൂത്തമ്പലത്തില്‍ സുഹൃത്തായ യുവാവിനോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെയാണ് ഒരു സംഘം എസ്എഫ്‌ഐക്കാര്‍ വന്ന് മര്‍ദ്ദിക്കുകയും ബാഗ് തട്ടിയെടുക്കയും ചെയ്തതെന്നാണ് യുവതി ആരോപിക്കുന്നത്. പേടികൊണ്ട് സംഭവം പുറത്തുപറയാതിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യാംപസിലെത്തി...
സുഹൃത്തുക്കള്‍ വിളിച്ചത് പ്രകാരമാണ് കലോത്സവം കാണാനായി യുവതി സര്‍വകലാശാലയിലെത്തിയത്. സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ യുവതി നിലവില്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. സംഭവ ദിവസം രാത്രി സുഹൃത്തുക്കളോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്ന് യുവതി ആരോപിക്കുന്നു.

ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദ്യം...
പരിപാടി കഴിഞ്ഞ് ക്യാംപസിലെ കൂത്തമ്പലത്തില്‍ സംസാരിച്ചിരിക്കുകയായിരുന്ന യുവതിയോടും യുവാവിനോടും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നായിരുന്നു എസ്എഫ്‌ഐക്കാര്‍ ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞിട്ടും അവര്‍ തങ്ങളുടെ ബാഗ് തട്ടിപ്പറിക്കുകയും ബാഗിലെ ലാപ്‌ടോപ്പും വസ്ത്രങ്ങളും വലിച്ചിട്ട് പരിശോധിച്ചെന്നും യുവതി പറയുന്നു.

പേടികൊണ്ട് പരാതിപ്പെട്ടില്ല...
ഇതിനെതിരെ പ്രതികരിക്കാന്‍ ശ്രമിച്ച സുഹൃത്തായ യുവാവിനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആദ്യം മര്‍ദ്ദിച്ചത്. പിന്നീട് തന്നെ മര്‍ദ്ദിക്കുകയും ബാഗ് തട്ടിയെടുക്കയും ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു. അവിടെ നിന്ന് ഓടിരക്ഷപ്പെട്ട യുവതിയ്ക്കും യുവാവിനും പിറ്റേദിവസം വേറെ ചില സുഹൃത്തുക്കളുടെ സഹായത്താലാണ് ബാഗ് തിരിച്ചു കിട്ടിയത്. ബാഗ് നഷ്ടപ്പെട്ടതിനാല്‍ അന്നേദിവസം ബെംഗളൂരുവിലേക്ക് മടങ്ങേണ്ട യുവതിയുടെ യാത്ര മുടങ്ങുകയും ചെയ്തു. പേടികൊണ്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും, ഭാവിയെ മുന്‍നിര്‍ത്തി പരസ്യമായി പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

അന്വേഷണം നടക്കുന്നു...
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാംപസിലെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പേരുകള്‍ യുവതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മര്‍ദ്ദനത്തിനിരയായ യുവാവ് നേരത്തെ ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications