പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു! ഉയർന്ന ഡോസിലുള്ള മരുന്നും കുത്തിവെയ്പിലെ പിഴവും ജീവനെടുത്തെന്ന്
തിരുവനന്തപുരം വർക്കല ചാത്തമ്പാര കെടിസിടി ആശുപത്രിയിലാണ് സംഭവം.
തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സാപിഴവ് കാരണം മരിച്ചതായി പരാതി. തിരുവനന്തപുരം കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടിൽ ശ്രീജ(24)യാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടത്. തിരുവനന്തപുരം വർക്കല ചാത്തമ്പാര കെടിസിടി ആശുപത്രിയിലാണ് സംഭവം.
പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ശ്രീജയ്ക്ക് ഉയർന്ന ഡോസിൽ മരുന്ന് നൽകിയതും, കുത്തിവെയ്പ്പിലുണ്ടായ പിഴവും മരണകാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ബന്ധുക്കളുടെ ആരോപണം തെറ്റാണെന്നും, തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതരും പ്രതികരിച്ചു. യുവതിയുടെ മരണത്തെ തുടർന്ന് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ആശുപത്രി കവാടം ഉപരോധിച്ചു.

കെടിസിടി ആശുപത്രിയിലേക്ക്...
കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടിൽ ശ്രീജ(24)യെ ജൂൺ എട്ട് വെള്ളിയാഴ്ചയാണ് വർക്കല കെടിസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ശ്രീജയ്ക്ക് വിറ്റാമിൻ മരുന്നുകളും അലർജിക്കുള്ള മരുന്നുകളും നൽകിയിരുന്നു. ഈ മരുന്നുകൾ ഉയർന്ന ഡോസിൽ നൽകിയതിനാൽ യുവതി അവശയായെന്നാണ് ബന്ധുക്കളുടെ ആരോപണം. മരുന്നുകൾ ഉയർന്ന ഡോസിൽ നൽകിയത് യുവതിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യനില വഷളാക്കിയെന്നും ബന്ധുക്കൾ ആരോപിച്ചു.

ശസ്ത്രക്രിയ...
അനുദിനം ആരോഗ്യനില വഷളായിക്കൊണ്ടിരിന്നിട്ടും ആശുപത്രി അധികൃതർ ഇതേക്കുറിച്ചൊന്നും ബന്ധുക്കളോട് പറഞ്ഞില്ല. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ യുവതിയെ സിസേറിയനായി കൊണ്ടുപോയി. തുടർന്ന് സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളാവുകയും ചെയ്തു. തുടർന്ന് രാത്രി വൈകി യുവതിയെ നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

പുലർച്ചെ...
നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ രണ്ടു മണിയോടെ ശ്രീജ മരിച്ചു. കെടിസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ നൽകിയ മരുന്നുകളും സിസേറിയന് ശേഷം നൽകിയ കുത്തിവെയ്പ്പിലെ പിഴവുമാണ് ശ്രീജയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. രോഗിയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരുന്നിട്ടും കെടിസിടി ആശുപത്രി അധികൃതർ ഈ വിവരം മറച്ചുവച്ചെന്നും ഇവർ ആരോപിക്കുന്നു.

ആൺകുഞ്ഞ്...
യുവതിയുടെ മരണത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ ഉപരോധ സമരം നടത്തി. എന്നാൽ ബന്ധുക്കളുടെ ആരോപണം തീർത്തും തെറ്റാണെന്നും, ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. അതേസമയം, ശ്രീജ ജന്മം നൽകിയ ആൺകുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുഞ്ഞ് ആശുപത്രിയിൽ സുഖമായിരിക്കുകയാണ്. സംഭവത്തിൽ ശ്രീജയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications