'പ്ലീസ് ബാഗില്‍ കയറൂ...' കൂറ്റന്‍ രാജവെമ്പാലയുടെ മുന്നില്‍ കൂസാതെ റോഷ്‌നി: കൈയടിയും ഉപദേശവും
തിരുവനന്തപുരം: അസാധാരണ വലിപ്പമുള്ള രാജവെമ്പാലയെ ഒരു ചെറു ചിരിയോടെ പിടിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 18 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥയായ റോഷ്‌നി പിടികൂടിയത്.
തിരുവനന്തപുരം പേപ്പാറയിലാണ് സംഭവം. അഞ്ചുമരുതുമൂട്ടിലെ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ നാട്ടുകാരാണ് കൂറ്റന്‍ രാജവെമ്പാലയെ ഒരു പാറയ്ക്ക് മുകളിലായി കണ്ടത്. വനംവകുപ്പില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരുത്തിപള്ളി റേഞ്ചിലെ ബീറ്റ് ഓഫീസര്‍ റോഷ്‌നി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. റോഷ്‌നി പാമ്പിനെ പിടികൂടുന്ന വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ആറ് മിനിറ്റോളം സമയം എടുത്താണ് രാജവെമ്പാലയെ പിടികൂടുന്നത്.

ഔദ്യോഗിക ജീവിതത്തില്‍ 500 ഓളം പാമ്പുകളെ പിടികൂടിയിട്ടുണ്ട് എങ്കിലും രാജവെമ്പാലയെ ആദ്യമായിട്ടാണ് പിടികൂടുന്നതെന്ന് റോഷ്‌നി പറഞ്ഞു. പാമ്പിന്റെ നീളമാണ് പെട്ടെന്ന് പിടികൂടാന്‍ തടസം സൃഷ്ടിച്ചത്. പിടികൂടാന്‍ ശ്രമിക്കുംതോറും പാമ്പ് വഴുതി വഴുതി മാറുകയായിരുന്നു.
ശ്വാസം അടക്കിപ്പിടിച്ചാണ് വീഡിയോ കണ്ടു തീര്‍ത്തതെന്ന് പലരും സോഷ്യല്‍ മീഡിയ കമന്റുകളില്‍ കുറിക്കുന്നുണ്ട്. രോഷ്‌നിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതിന് ഒപ്പം ഇത്തരം കൊടും വിഷമുള്ള പാമ്പുകളെ പിടിക്കാന്‍ മിനിമം സുരക്ഷാ ഉപകരണങ്ങള്‍ എങ്കിലും വേണമെന്ന് പ്രശസ്ത ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി അഭിപ്രായപ്പെടുന്നുണ്ട്. സുരക്ഷയ്ക്കായി മുട്ടു വരെയുള്ള ബൂട്ടും കൈയുറകളും ആരും ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
നൂറിലൊന്ന് സെക്കന്‍ഡ് പാളിയാല്‍ പോലും ജീവന്‍ പോകുന്ന കാര്യമായതിനാല്‍ പരമാവധി സുരക്ഷാ തയ്യാറെടുപ്പുകള്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. രോഷ്‌നിയുടെ പാമ്പിനെ പിടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു മുരളി തുമ്മാരുകുടി സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
പ്ലീസ് ബാഗിൽ കയറൂ..
തിരുവനന്തപുരത്ത് ഒരു കൂറ്റൻ രാജവെമ്പാലയെ കൈകാര്യം ചെയ്തു ബാഗിൽ കയറ്റുന്ന ദൃശ്യം കാണുന്നു. ഒന്നു സ്ത്രീയാണ് ഒറ്റക്ക് കൈകാര്യം ചെയ്യുന്നത്. യൂണിഫോം ഉള്ളതിനാൽ ഫോറെസ്റ്റ് വകുപ്പാണെന്നും തോന്നി. നിർദ്ദേശം നല്കാൻ കുറച്ചുപേർ ചുറ്റുമുണ്ട്. കാടിന് നടുക്കാണെന്നു തോന്നുന്നു, അധികം കാണികൾ ഇല്ല.
നല്ല ധൈര്യമുള്ള ആളാണ് (ആദ്യമായിട്ടാണ് രാജവെമ്പാലയെ പിടിക്കുന്നതെന്ന് അവസാനം ആളുകൾ പറയുന്നുണ്ട്). അതുകൂടി അറിയുമ്പോൾ അല്പം ബഹുമാനം കൂടും.
പരിചയക്കുറവ് ഒക്കെ ഉണ്ട്. പാമ്പിനെ കൈകാര്യം ചെയ്യുന്നതിനിടയിൽ ടൂൾ ഒക്കെ കൈയ്യിൽ നിന്നും പോകുന്നുണ്ട്. കൂടെ നിൽക്കുന്ന ആളുകൾ പാമ്പിനോട് പ്ലീസ്, കയറൂ എന്നൊക്കെ പറയുന്നുമുണ്ട്. കയറിത്തുടങ്ങുമ്പോൾ ആണ് മനസ്സിലാകുന്നത് പാമ്പ് അല്പം വലുപ്പമുള്ളതാണ് അല്ലെങ്കിൽ ബാഗ് അല്പം ചെറുതാണ് എന്ന്. ഇതൊക്കെ ആയിട്ടും ആ ഉദ്യോഗസ്ഥയുടെ ആത്മവിശ്വാസം ഒരിക്കലും പോകുന്നുമില്ല. അഭിനന്ദനങ്ങൾ.
ഒരു കാര്യം ഒരിക്കൽ കൂടി പറയേണം. വിഷ സർപ്പങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ആരും ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടില്ല. മുട്ടുവരെ എത്തുന്ന ബൂട്ട്, കയ്യുറകൾ ഒക്കെ. ഒറ്റ കൊത്തിന് ആളെ കൊള്ളാൻ കഴിവുള്ള പാമ്പുകളെ ആണ് കൈകാര്യം ചെയ്യുന്നത്. നൂറിലൊന്ന് സെക്കൻഡ് പാളിയാൽ മതി, ജീവൻ പോകും. അതുകൊണ്ട് തന്നെ നമുക്ക് ചെയ്യാവുന്ന പരമാവധി സുരക്ഷാ തയ്യാറെടുപ്പുകൾ എടുക്കണം.
മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങൾ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം, പരിശീലനത്തിന്റെ ഭാഗമായി അവ ലഭ്യമാക്കണം, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തന്നെ പരിശീലനം നടത്തണം. ധൈര്യമോ പരിശീലനമോ കുറഞ്ഞവർക്ക് ഉള്ളതല്ല വ്യക്തി സുരക്ഷാ ഉപകരണങ്ങൾ മറിച്ച് അറിവും ഉത്തരവാദിത്തവും ഉള്ള എല്ലാവർക്കും വേണ്ടിയാണ്.
മുരളി തുമ്മാരുകുടി












Click it and Unblock the Notifications