തീവണ്ടിയില്‍ തീയിട്ട് കൊല്ലാന്‍ ശ്രമിച്ച സ്ത്രീ മരിച്ചു
കണ്ണൂര്‍: നിര്‍ത്തിയിട്ട തീവണ്ടിയില്‍ വച്ച് യുവാവ് തീയിട്ട് കൊല്ലാന്‍ ശ്രമിച്ച സ്ത്രീ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ഫാത്തിമ എന്ന പാത്തു ആണ് മരിച്ചത്. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു ഫാത്തചിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒക്ടോബര്‍ 20 തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്. കണ്ണൂര്‍- ആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തീവണ്ടിയുടെ ബോഗിയില്‍ നിന്ന് തീപിടിച്ച നിലയില്‍ ഫാത്തിമ പുറത്തേക്കിറങ്ങി ഓടിയപ്പോഴാണ് യാത്രക്കാരും റെയില്‍വേ അധികൃതരും വിവരം അറിഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് യുവാവ് തീവണ്ടിയില്‍ നിന്ന് ഇറങ്ങി ഓടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫാത്തിമയും ഈ യുവാവും തമ്മില്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് വാക്ക് തര്‍ക്കം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
മണ്ണെണ്ണ ഒഴിച്ചാണ് തീക്കൊളുത്തിയത്. ഇതിന്റെ കൂടെ മദ്യവും ഒഴിച്ചതായി സംശയിക്കുന്നുണ്ട്. ഓടിരക്ഷപ്പെട്ട യുവാവിനായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഫാത്തിമ ടിക്കറ്റ് എടുക്കാതെയായിരുന്നു റെയില്‍വേസ്റ്റേഷനില്‍ കയറിയത്. കൊലപാതകം സംബന്ധിച്ച് റെയില്‍വേ എസ്പി അന്വേഷണം നടത്തും.