മതം മാറി വിവാഹം കഴിച്ച ദിൽന ആശുപത്രിയിൽ; സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയും ഭീഷണി,പോലീസ് അന്വേഷണം
മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂർ ഹിൽസിൽ നെല്ലുവേലിൽ ദിൽന ബേബിയെന്ന ദിൽന അൽഫോൻസ(29)യെയാണ് വൈക്കം പോലീസ് ആശുപത്രിയിലെത്തിച്ചത്.
Recommended Video

കോട്ടയം: ഭർത്താവ് പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച യുവതിയുടെ വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ട വൈക്കം പോലീസ് കഴിഞ്ഞദിവസം റിസോർട്ടിലെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂർ ഹിൽസിൽ നെല്ലുവേലിൽ ദിൽന ബേബിയെന്ന ദിൽന അൽഫോൻസ(29)യെയാണ് വൈക്കം പോലീസ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് മതം മാറി വിവാഹം കഴിച്ച തന്നെ ഭർത്താവ് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണെന്നും, ഭർത്താവ് വേറെ കല്ല്യാണം കഴിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ രംഗത്തെത്തിയത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൺ ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു. തുടർന്നാണ് വൈക്കം പോലീസ് സംഭവത്തിൽ ഇടപെട്ടത്.

വൈക്കം പോലീസ്...
യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വൈക്കം പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് വൈക്കത്തെ സ്വകാര്യ റിസോർട്ടിലെത്തിയ എസ്ഐ എം സാലിഹിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മെഡിക്കൽ കോളേജിൽ...
ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച ദിൽനയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്.

വീഡിയോ...
കഴിഞ്ഞദിവസമാണ് തന്നെ ഭർത്താവ് പീഡിപ്പിക്കുകയാണെന്നും, രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ദിൽന ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ രംഗത്തെത്തിയത്. കോഴിക്കോട് ബാലുശേരി സ്വദേശിയായ അഭിജിത്തിനെയാണ് ദിൽന 2014 ജനുവരിയിൽ മതംമാറി വിവാഹം കഴിച്ചത്.

പീഡനം....
കോഴിക്കോട് ആര്യസമാജത്തിൽ വെച്ചാണ് ദിൽനം ഹിന്ദുമതം സ്വീകരിച്ചത്. തുടർന്ന് ഭർത്താവായ അഭിജിത്തിനോടൊപ്പം അദ്ദേഹം ജോലി ചെയ്യുന്ന വൈക്കത്തെ റിസോർട്ടിലെത്തി. ഇവിടെ താമസിക്കുന്നതിനിടെയാണ് ഭർത്താവ് യുവതിയെ പീഡിപ്പിക്കാൻ ആരംഭിച്ചത്.

മറ്റൊരു വിവാഹം കഴിക്കാൻ...
ഭർത്താവിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു. ഇതിനിടെ മറ്റൊരു വിവാഹം കഴിക്കാൻ ഭർത്താവ് ശ്രമിച്ചെന്നും, തന്നെ ഒഴിവാക്കാനായി പീഡിപ്പിച്ചെന്നും, വിവാഹ മോചനം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചുവെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.

ഭീഷണി...
മറ്റൊരു വിവാഹം കഴിക്കാനുള്ള ഭർത്താവിന്റെ ശ്രമങ്ങളെ എതിർത്ത ദിൽനയെ നിരന്തരം ഉപദ്രവിക്കുന്നത് പതിവായിരുന്നു. യുവതിയുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നും ഇതെല്ലാം പുറത്തു പറഞ്ഞാൽ ആ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുമെന്നും അഭിജിത്ത് ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

മർദ്ദനം...
റിസോർട്ടിലെ മുറിയിൽ താമസിക്കുകയായിരുന്ന തന്നെ ഭർത്താവ് വീണ്ടും മർദ്ദിച്ചുവെന്നും, നെറ്റിയിൽ മുറിവേറ്റെന്നും പറഞ്ഞാണ്
ദിൽന കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിലെത്തിയത്. ലൈവ് വീഡിയോ എടുക്കുമ്പോൾ ഭർത്താവ് മുറിക്ക് പുറത്തുനിന്നും വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് ബഹളം വെയ്ക്കുന്നുണ്ടെന്നും ദിൽന പറഞ്ഞിരുന്നു.

രക്ഷിക്കണമെന്ന്...
അഭിജിത്തിനോടൊപ്പം ജീവിക്കാനായി വീടും വീട്ടുകാരെയും ഉപേക്ഷിച്ചിറങ്ങിയ തനിക്ക് മറ്റൊരു അഭയകേന്ദ്രമില്ലെന്നും, തന്നെ രക്ഷിക്കണമെന്നും അഭ്യർത്ഥിച്ചായിരുന്നു യുവതിയുടെ വീഡിയോ അവസാനിച്ചത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെയാണ് പോലീസ് സംഭവത്തിൽ ഇടപെട്ട് യുവതിയെ റിസോർട്ടിൽ നിന്ന് മോചിപ്പിച്ചത്.












Click it and Unblock the Notifications