വാഗ്ദാനങ്ങൾ എന്താകും? സൗജന്യ യാത്ര പ്രഖ്യാപനം പ്രതീക്ഷിച്ച് വനിതകൾ, വയോജനക്ഷേമ വകുപ്പ് വന്നേക്കും
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, ആശമാരുടെ പ്രതിദിന വേതനം 700രൂപയാക്കൽ, വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തൽ തുടങ്ങിയ വാഗ്ദാനങ്ങൾ വി.ഡി. സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമോയെന്ന കാത്തിരിപ്പിലാണ് കേരളം. വിവിധ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനൊപ്പം പുതുതായി വയോജന ക്ഷേമവകുപ്പ് രൂപവത്കരിക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്തെ മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനുവേണ്ടി സാമൂഹ്യനീതി വകുപ്പിനു കീഴിൽ വയോജന കമ്മിഷൻ നിലവിലുണ്ടെങ്കിലും അതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന വി.ഡി സതീശൻ്റെ പ്രഖ്യാപനം നടപ്പിലാക്കുമെന്നാണ് യുഡിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചന.
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അവകാശ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി രാജ്യത്ത് ആദ്യമായി സംസ്ഥാന വയോജന കമ്മിഷൻ രൂപീകരിച്ചത് കേരളത്തിലാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഈ അർധ ജുഡീഷ്യൽ സംവിധാനത്തിന് സിവിൽ കോടതിക്കുള്ള അധികാരങ്ങളുണ്ട്. വയോജനങ്ങൾ നേരിടുന്ന അവഗണന, ചൂഷണം, അനാഥത്വം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം പുനരധിവാസത്തിനുള്ള സഹായങ്ങൾ നൽകി നിയമസഹായം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാരിന് മാർഗനിർദ്ദേശങ്ങൾ നൽകുന്നതും ഈ കമ്മിഷനാണ്. ഇതെല്ലാം കൂട്ടിയോജിപ്പിച്ചു കൊണ്ട് പുതിയ വകുപ്പ് രൂപീകരിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

ഇതിന് ഒട്ടേറെ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. വിദഗ്‌ധരുടെ അഭിപ്രായം സ്വരൂപിച്ച് സാമൂഹ്യനീതി വകുപ്പ് ഇതുമായി ബന്ധപ്പെട്ട വിശദ നിർദ്ദേശം ചീഫ് സെക്രട്ടറിക്ക് കൈമാറണം. ധന- നിയമ വകുപ്പുകളുമായി ബന്ധപ്പെട്ട് തസ്തിക രൂപീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ തീരുമാനിച്ചാകും തുടർ നടപടികൾ കൈക്കൊള്ളുക. വിദ്യാർഥിനികൾക്ക് പ്രതിമാസ സഹായം, യുവാക്കളുടെ സംരംഭങ്ങൾക്ക് വായ്‌പ അടക്കമുള്ള പ്രഖ്യാപനങ്ങളും കേരളം കാത്തിരിക്കുകയാണ്. യുവാക്കളുടെ ഉന്നമനത്തിനായി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. മതസൗഹാർദ്ദം ഉറപ്പാക്കാൻ 'മിനിസ്ട്രി ഓഫ് ടോളറൻസും' സമാധാനത്തിനായി 'പീസ് ആൻഡ് ഹാർമണി' വകുപ്പും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിൻ്റെ പ്രധാന പ്രഖ്യാപനമായിരുന്ന സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതിക്ക് പ്രതിമാസം 90 കോടി രൂപയുടെ അധികച്ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഓർഡിനറി, ഫാസ്റ്റ്പാസഞ്ചർ ബസുകളിൽമാത്രം അനുവദിച്ചാലും 60 കോടി രൂപ വേണ്ടിവരും. പ്രതിദിനം 23 ലക്ഷത്തോളമുള്ള യാത്രക്കാരിൽ 45ശതമാനവും സ്ത്രീകളാണ്. റിസർവേഷനും സൂപ്പർക്ലാസ് യാത്രയുമൊഴികെ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. പരസ്യവരുമാനവും സർവീസുകളും കൂട്ടി ചെലവ് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ആശമാരുടെ വേതനം പ്രതിദിനം കുറഞ്ഞത് 700 രൂപയാക്കി വർധിപ്പിക്കുമെന്ന വാഗ്ദാനവും പ്രധാനപ്പെട്ടതാണ്. എൽഡിഎഫ് സർക്കാരിൻ്റെ അവസാനകാലത്ത് പ്രതിമാസ ഓണറേറിയം 1000രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 26,125 ആശമാർക്ക് ഈ തുക നൽകാൻ പ്രതിവർഷം 250 കോടി അധിക ചെലവുണ്ടാവും. നിലവിലെ ഓണറേറിയത്തിൽ പ്രതിമാസം 3000രൂപ വർധിപ്പിക്കാൻ പ്രതിവർഷം 94.05കോടിരൂപ വേണ്ടിവരും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങളായിരുന്ന ഇന്ദിരാ ക്യാൻ്റീൻ, വിജിലൻസ് കമ്മിഷൻ എന്നിവയും ആദ്യ മന്ത്രിസഭായോഗത്തിൽ പരിഗണിക്കുമെന്നാണ് അറിയുന്നത്. കൊച്ചിയിൽ ഇപ്പോഴുള്ള ഇന്ദിരാ ക്യാൻ്റീനു സമാനമായി മറ്റു നഗരങ്ങളിൽ 50 രൂപയ്ക്ക് മൂന്നുനേരത്തേ ഭക്ഷണം ലഭ്യമാക്കുന്ന സംവിധാനമാണ് പരിഗണനയിൽ. ഊണിന് മുപ്പതും പ്രഭാത- രാത്രി ഭക്ഷണത്തിന് 10രൂപ വീതവുമാണ് ഉദ്ദേശിക്കുന്നത്. ഭരണതലത്തിലെ അഴിമതി തടയാനാണ് വിജിലൻസ് കമ്മിഷൻ രൂപീകരിക്കുന്നത്. കർഷകർക്ക് ഉപാധിരഹിത പട്ടയത്തിനുള്ള നടപടികൾ, ലഹരിമുക്ത കേരളത്തിനായുള്ള പുതിയ പദ്ധതി, അഞ്ചു വർഷത്തിനുള്ളിൽ അഞ്ചുലക്ഷം പേർക്ക് വീട് നൽകുന്ന പദ്ധതി എന്നിവയും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications