കോഴിക്കോട് ഹിജാബ് കത്തിച്ച് മുസ്ലീം സ്ത്രീകള്‍; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം
കോഴിക്കോട്: ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചു. കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച സെമിനാറിനിടെ കോഴിക്കോട് വെച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ചയായിരുന്നു കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച സെമിനാറിനിടെ ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചത്.
അടുത്ത മാസം മലപ്പുറത്ത് നടക്കാനിരിക്കുന്ന മറ്റൊരു സെമിനാറിന് മുന്നോടിയായാണ് ഫാനോസ്-സയന്‍സ് ആന്‍ഡ് ഫ്രീ തിങ്കിംഗ് എന്ന സെമിനാര്‍ കോഴിക്കോട്ട് നടന്നത്. പരിപാടിയുടെ ഭാഗമായി ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലീം സ്ത്രീകള്‍ ഹിജാബ് കത്തിക്കുകയായിരുന്നു.

സംഘടനയിലെ ആറ് മുസ്ലീം സ്ത്രീകളാണ് ഹിജാബ് കത്തിക്കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കിയത് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാന്‍ വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയില്‍ ഹിജാബ് കത്തിക്കുന്ന സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതിഷേധത്തിനിടെ ഹിജാബ് നിര്‍ബന്ധമാക്കുന്നതിനെതിരായ പ്ലക്കാര്‍ഡുകളും സ്ത്രീകള്‍ കൈയിലേന്തിയിരുന്നു.

യുക്തിവാദി സംഘം എന്ന സംഘടനയാണ് സ്വതന്ത്ര ചിന്ത എന്ന വിഷയത്തില്‍ എല്ലാ വര്‍ഷവും ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കാറുണ്ട്. സംഘടനയുടെ ഭാഗമായ മുസ്ലീം സ്ത്രീകളടക്കം വിവിധ മതസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇറാനില്‍ ഹിജാബ് നിര്‍ബന്ധിതമാക്കലിനെ തുടര്‍ന്ന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി എന്ന 22 കാരി മരിച്ചിരുന്നു.

ഇതിന് പിന്നാലെ ആണ് ഇറാനില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്. ഇറാനിലും പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി സ്ത്രീകള്‍ ഹിജാബ് കത്തിച്ചിരുന്നു. ഈ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞായറാഴ്ച കോഴിക്കോടും ഹിജാബ് കത്തിച്ചത്.

അനുചിതമായി ഹിജാബ് ധരിച്ചു എന്നാരോപിച്ചാണ് രാജ്യത്തെ സദാചാര പൊലീസ് സെപ്തംബര്‍ 16 ന് മഹ്സ അമിനിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മഹ്സ അമിനി മരിച്ചത് എന്നാരോപിച്ച് ഇറാനില്‍ ആകെ പ്രതിഷേധം അരങ്ങേറിയിരുന്നു. വടക്ക് പടിഞ്ഞാറന്‍ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ സാക്വസിലാണ് ആഴ്ചകള്‍ നീണ്ട പ്രതിഷേധം ആദ്യം പൊട്ടിപ്പുറപ്പെട്ടത്.












Click it and Unblock the Notifications