പത്മനാഭന്റെ പ്രസ്‌താവന വസ്‌തുതകള്‍ മനസിലാക്കാതെ; വേദനയുണ്ടാക്കിയെന്ന് ജോസഫൈന്‍
തിരുവനന്തപുരം: കഥാകൃത്ത് പത്മനാഭന്റെ പ്രസ്‌താവന വസ്‌തുതകള്‍ മനസിലാക്കാതെയെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. വസ്‌തുതകള്‍ മനസിലാക്കാതെ നടത്തിയ പ്രസ്‌താവന അങ്ങേയറ്റം വേദനയുണ്ടാക്കി. അദ്ദേഹം താന്‍ ബഹുമാനിക്കുന്ന വ്യക്തിയാണ്. തന്നോട് സംഭവത്തെക്കുറിച്ച് വിളിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമായിരുന്നെന്ന് ജോസഫൈന്‍ പറഞ്ഞു.

അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നുവരെ അദ്ദേഹം പറഞ്ഞു. വസ്‌തുതകള്‍ മനസിലാക്കി പ്രതികരിക്കനുള്ള ഉത്തരവാദിത്വം അദ്ദേഹം കാണിക്കണമായിരുന്നെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. വൃദ്ധക്ക് നീതി ലഭിക്കുമെന്നും കേസ് കോടതിയുടെ പരിധിയിലാണെന്നും ജോസഫൈന്‍ വ്യക്തമാക്കി. കിടപ്പു രോഗിയായ 89വയസുകാരിയായ വൃദ്ധ വനിത കമ്മിഷനു മുന്‍പിന്‍ നേരിട്ട് ഹാജരാകണമെന്ന് അധ്യക്ഷ ജോസഫൈന്‍ നിര്‍ബന്ധം പിടിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് എഴുത്തുകാരന്‍ പത്മനാഭന്‍ നടത്തിയത്. ഗൃഹസന്ദര്‍ശനത്തിനെത്തിയ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കു മുന്നിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ദയയും സഹിഷ്‌ണുതയും ഇല്ലാതെയാണ് ആധ്യക്ഷ പെരുമാറിയത്. വലിയ ഇന്നോവാക്കാറും ശമ്പളവും നല്‍കി എന്തിനാണ് ഇവരെ നിയമിച്ചതെന്നും പത്മനാഭന്‍ ചോദിച്ചിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ വസ്‌തുത വിരുദ്ധമാണെന്ന് വിവാദത്തിന് പിന്നാലെ ജോസഫൈന്‍ പ്രതികരിച്ചിരുന്നു.
വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചുവെന്ന 89 വയസുകാരിയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉണ്ടായത്. വൃദ്ധ ഫോണ്‍ വഴി വനിതാ കമ്മിഷന്‍ അധ്യക്ഷയെ ബന്ധപ്പെട്ടപ്പോള്‍ മോശമായ പ്രതികരണമായിരുന്നു ജോസഫൈനില്‍ നിന്നും ലഭിച്ചത്. ഈ ഫോണ്‍ രേഖകള്‍ പുറത്തുവന്നതോടെയാണ് വിവാദമുണ്ടായത്.