കടബാധ്യത മൂലം മകന്‍ ജീവനൊടുക്കി; ജഡം കണ്ട അമ്മ കുഴഞ്ഞുവിണ് മരിച്ചു
തൊടുപുഴ: കടബാധ്യത മൂലം തൂങ്ങി മരിച്ച മകന്റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞു വീണ് മരിച്ചു. കുഞ്ചിത്തണ്ണി പൊട്ടന്‍കാട് പഴയ റോഡരികില്‍ പൂതക്കുഴ ഭാഗത്ത് താമസിച്ചിരുന്ന അയ്യപ്പനെ(40)യാണ് ഞായറാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു.തിങ്കളാഴ്ച രാവിലെ 11ഓടെയാണ് പള്ളിവാസല്‍ ആറ്റുകാട്ടില്‍ നിന്നും അമ്മ അമ്മിണി എത്തുന്നത്. മകന്റെ മൃതദേഹം കണ്ട അമ്മിണി കുഴഞ്ഞ് വീഴുകയായിരുന്നു.

അമ്മിണിയെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുമ്പ് ഏലകൃഷി നടത്തിയിരുന്ന അയ്യപ്പന് കൃഷി ലാഭമല്ലാതായതോടെ കടബാധ്യത ഉണ്ടായതായി ബന്ധുക്കള്‍ പറയുന്നു. അയ്യപ്പന്‍ ഭാര്യ ഗീതയും മക്കളായ അക്ഷയ്,അഖിലേഷ് എന്നിവരൊന്നിച്ച് മൂന്നാര്‍ നടയാറിലുള്ള ഗീതയുടെ വീട്ടിലേയ്ക്ക് പോയിരുന്നു.
ഭാര്യയേയും മക്കളെയും അവിടെ നിര്‍ത്തിയ ശേഷം വീട്ടിലെത്തിയ അയ്യപ്പന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലിസിന്റെ നിഗമനം. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.അമ്മയുടേയും മകന്റേയും മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.












Click it and Unblock the Notifications