'പൃഥ്വിയും ടൊവിനോയും അടക്കമുളളവർ ഈ ഫോട്ടോയും ഷെയർ ചെയ്യണം', ഫ്രാങ്കോ കേസ് വിധിയിൽ പ്രതികരണങ്ങൾ
കോഴിക്കോട്: കന്യാസ്ത്രീയെ ബലാത്സം ചെയ്തു എന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുളള കോടതി വിധിക്കെതിരെ പ്രതിഷേധം ഉയരുന്നു. ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ ചുമത്തിയ 7 കുറ്റങ്ങളും നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.
നടിയെ ആക്രമിച്ച കേസില്‍ ഇരയോടൊപ്പം നിന്ന യുവതാരങ്ങള്‍ ഈ കന്യാസ്ത്രീകള്‍ക്കൊപ്പവും നില്‍ക്കണമെന്ന് നടന്‍ ഹരീഷ് പേരടി ആവശ്യപ്പെട്ടു. വിമന്‍ ഇന്‍ സിനിമ കളക്ടീവും കോടതി വിധിയില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെ: '' പൃഥിരാജിനോടും ടൊവിനോ തോമസ്സിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവിശ്യപ്പെടുന്നു... ഇരയോടൊപ്പം നിന്നവരാണ് ഇവർ ... പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്...''

''ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം... അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം... നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം... അവർ കാത്തിരിക്കുകയാണ്... നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ... ആശംസകൾ..''

ഡബ്ല്യൂസിസിയുടെ പ്രതികരണം ഇങ്ങനെ: '' ചില ദിവസങ്ങളിൽ നമ്മുടെ പോരാട്ടങ്ങൾ വെറുതെ ആയെന്നു് തോന്നുമ്പോൾ നിരാശ തോന്നും , ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്. അക്രമത്തെയും അനീതിയെയും നേരിടാൻ സ്ത്രീകൾക്ക് ധൈര്യവും ശക്തിയും ഏറെ ആവശ്യമാണ്. പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നമുക്ക് നേരിടേണ്ടത്. ആ യാത്രയാവട്ടെ ദീർഘവും കഠിനവുമായ പാതയിലൂടെയാണ്.

അതുകൊണ്ട് നമ്മൾ പരസ്പരം പറയണം. ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും, നീതിയും കൂടുതൽ സമാധാനപരവും മനോഹരവുമായ ഒരു ലോകത്തിനായുള്ള പോരാട്ടമാണിത്.. നമുക്ക് ഹൃദയം നഷ്ടപ്പെടാതെ മുന്നേറാം. അവസാനത്തെ വിജയം നമ്മുടേതായിരിക്കുമെന്ന് ഉറപ്പാണ്! അധികാരത്തിനു മുമ്പിൽ സത്യം പറയാൻ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകൾക്കുമൊപ്പമാണ് ഞങ്ങൾ!''

തിരക്കഥാകൃത്ത് ദീദി ദാമോദരനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്: '' എനിക്ക് നിരാശയുണ്ട്. അത്ഭുതമില്ല. ഇങ്ങിനെ കുറ്റവാളികളായ പ്രബലരെ കുറ്റവിമുക്തരാക്കുന്ന വിധികൾ സ്ത്രീ നീതി തേടുന്ന ഏത് കേസിന് മുകളിലും പതിയിരിപ്പുണ്ട് . എന്നും എപ്പോഴും എവിടെയും. ഓർമ്മയിൽ ഞാനൊക്കെ ആദ്യം തെരുവിലെത്തിയ എൺപതുകളുടെ അവസാനം മുതൽ ഇങ്ങോട്ട് എത്രയോ സ്ത്രീ പീഡനകേസുകൾ നീതിശൂന്യമായി അവസാനിക്കുകയാണ് ഉണ്ടായത്. ഒരു കന്യാസ്ത്രീയെ 13 തവണ ബലാത്സംഗം ചെയ്ത കുറ്റത്തിന് ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി പരിസരത്ത് തൽസമയം ഫ്രാങ്കോ ആരാധകർ ലഡു വിതരണം നടത്തിയതും ജലന്തർ രൂപത ആശ്വാസലഘുരേഖ തയ്യാറാക്കി വിതരണം ചെയ്തതും കണ്ട് ആരും ഞെട്ടിയില്ല.

എന്തൊരു ഉറപ്പാണ് അവർക്കൊക്കെ. വാങ്ങി വച്ച മധുരവും മുൻകൂട്ടി തയ്യാറാക്കപ്പെട്ട ലഘുരേഖയും എല്ലാം കൃത്യമായാണ് ദൗത്യ നിർവ്വഹണം നടത്തിയത്. അതെന്നെ കാലത്തിലൂടെ പിറകോട്ട് നടത്തുന്നു: ഐസ്ക്രീം പാർലർ കേസിൽ പ്രതികളെ ഒന്നടങ്കം കുറ്റവിമുക്തമാക്കിയ കോഴിക്കോട്ടെ കോടതി പരിസരത്തേക്ക്. അതേ ലഡു വിതരണവും അതേ ആഘോഷവും അന്നും അവിടെ കണ്ടു : അന്ന് രാത്രി ഇന്നില്ലാത്ത ഇന്ത്യാവിഷൻ ചാനൽ ചർച്ചയിൽ നികേഷ് കുമാർ അജിതേച്ചിയോട് ചോദിച്ചു: ദുഃഖം തോന്നുന്നുണ്ടോ എന്ന്. അജിയേച്ചിയുടെ മറുപടി ഇന്നും വേദനയുടെ ചോരയൊഴുക്കുന്നതാണ്: " തോറ്റത് ഞാനല്ലല്ലോ , പൊതു സമൂഹമല്ലേ " .

അത്രയേ ആവർത്തിക്കാനാനുള്ളൂ. പൊതു സമൂഹം വീണ്ടും വീണ്ടും തോൽപ്പിക്കപ്പെടുകയാണ് , പ്രബലരാൽ, അവരുടെ ആണത്ത നീതി ശാസ്ത്രത്താൽ. എന്നാൽ സിസ്റ്റർ അനുപമ പറഞ്ഞിടത്താണ് ഞാനും നിൽക്കുന്നത്. ഞങ്ങൾ പിന്മാറില്ല. മരണം വരെ പോരാടും. അത് ബിഷപ്പ് ഫ്രാങ്കോക്ക് എതിരായ കേസിലായാലും സിനിമയിൽ എന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിലായിലും. ഈ ലോകവും ഈ കോടതികളും ഞങ്ങൾക്കും നീതി കിട്ടുന്ന ഒന്നായിരിക്കുന്നത് വരെ . ഇപ്പോഴത് ഞങ്ങളുടെതല്ല എന്ന യാഥാർത്ഥ്യത്തിന് ഒരിക്കൽക്കൂടി അടിവരയിടുന്നു ഈ ഫ്രാങ്കോ വിധി എങ്കിലും .

ഒരു സാക്ഷി പോലും കൂറുമാറാത്ത കേസിൽ തോറ്റു പോകുന്ന പ്രോസിക്യൂഷൻ മാപ്പർഹിക്കുന്നില്ല. ബലാത്സംഗത്തിന് കോടതിക്ക് മുമ്പാകെ ശാസ്ത്രീയ തെളിവുകൾ കിട്ടിയില്ല പോലും ! ആരുടെ ശാസ്ത്രം സർ ? ബലാത്സംഗക്കേസുകളിൽ ആക്രമിക്കപ്പെട്ട ഇരയുടെ മൊഴി വിശ്വാസ യോഗ്യമായി കണക്കാക്കണമെന്ന സുപ്രീം കോടതി വിധി പോലും കാറ്റിൽ പറത്തപ്പെടുമ്പോൾ എന്ത് ശാസ്ത്രം സർ ! #അവൾക്കൊപ്പം''












Click it and Unblock the Notifications