മുത്തലാഖ് നിയമത്തിനെതിരെ വനിതാ ലീഗ്; സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുമെന്ന് നൂര്‍ബിന
കൊച്ചി: മുത്തലാഖ് നിരോധിച്ചുള്ള നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനിതാ ലീഗ്. പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷുകാരുടെ കാലത്തും ശേഷവും വ്യക്തിനിയമം വകവച്ചുകൊടുത്താണ് രാജ്യം മുന്നോട്ട് പോയത്. വ്യക്തി നിയമം അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. ഇതിന് വിരുദ്ധമാണ് പുതിയ മുത്തലാഖ് നിയമം. വ്യക്തിപരമായ കാര്യങ്ങളില്‍ വരുന്നതാണ് വിവാഹം. സിവില്‍ നിയമത്തിലാണ് ഇവ ഉള്‍പ്പെടുക. എന്നാല്‍ പുതിയ നിയമ പ്രകാരം മുസ്ലിംകള്‍ക്ക് മാത്രം വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ക്രിമിനല്‍ നിയമം ചാര്‍ത്തുമ്പോള്‍ വിവേചനമാണ് നടക്കുന്നതെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു.
സുപ്രീംകോടതി നിരോധിച്ചതാണ് മുത്തലാഖ്. ഈ സാഹചര്യത്തില്‍ പിന്നീട് നിയമത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ല. എന്നാല്‍ ഇത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കേസുമാക്കിയത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. മുസ്ലിം സ്ത്രീയുടെയും പുരുഷന്റെയും ജീവിതം നിയമക്കുരുക്കില്‍ പെട്ട് ദുസ്സഹമാക്കുകയാണ്. മൗലികാവകാശം ഹനിക്കുന്ന ഈ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.
നേരത്തെ ലോക്‌സഭയും രണ്ടുദിവസം മുമ്പ് രാജ്യസഭയും പാസാക്കിയ മുത്തലാഖ് ബില്ല് രാഷ്ട്രപതി അംഗീകരിച്ചു ഒപ്പുവച്ചതോടെ നിയമമായി. മുത്തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കാവുന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. രാജ്യസഭയില്‍ ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ മുസ്ലിം ലീഗ് അംഗം അബ്ദുല്‍ വഹാബ് പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. വൈകിയെത്തിയതിനാല്‍ ഇദ്ദേഹത്തിന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications