സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിക്ക് തുടക്കം, 10 ലക്ഷത്തിലധികം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണമെത്തി
എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ പെൻഷന് സംസ്ഥാനത്ത് ഇന്ന് തുടക്കമായി. ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരം മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് വെച്ച് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യഘട്ടത്തിൽ പദ്ധതിയിലൂടെ ഇതിനകം പത്ത് ലക്ഷത്തിന് മുകളിലുളള സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ ആണ് പണം എത്തിച്ചിരിക്കുന്നത്.
പ്രതിമാസം ആയിരം രൂപ വെച്ചാണ് സർക്കാർ ധനസഹായം അനുവദിക്കുന്നത്. ഇതിനായി ഇതിനായി 105.87 കോടി രൂപ സർക്കാർ അനുവദിച്ചു. 15,88,267 അപേക്ഷകളാണ് ലഭിച്ചത്. ഈ പദ്ധതി കേരളത്തിനൊരു നിർണായക ചുവട് വെപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
'' സ്ത്രീപക്ഷ നവകേരള നിർമ്മിതിയിൽ നിർണ്ണായകമായ ഒരു ചുവടു കൂടി നമ്മൾ വച്ചിരിക്കുകയാണ്. 'സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി'-യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു ഉച്ച 12 മണിയ്ക്ക് കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ നിലവിലുള്ള 10,18,042 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ ഇനി ലഭിച്ചു തുടങ്ങും.

സാമ്പത്തിക പരാശ്രിതത്വം പലപ്പോഴും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ട്. ആ നിശബ്ദതയ്ക്ക് വിരാമമിടാനും 'ഈ നാട് നിങ്ങളോടൊപ്പമുണ്ട്' എന്ന ഉറപ്പ് നൽകാനുമാണ് ഈ ഇടപെടൽ. ആരോടും കൈനീട്ടാതെ, സ്വന്തം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കാതെ തലയുയർത്തി ജീവിക്കാൻ ഓരോ സ്ത്രീക്കും അവകാശമുണ്ട്. ആ അവകാശത്തിനു കൈത്താങ്ങാകുയാണ് സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി.
ജെൻഡർ ബജറ്റിംഗിലൂടെയും കുടുംബശ്രീയുടെ ശാക്തീകരണത്തിലൂടെയും നാം തുടങ്ങിവെച്ച മാറ്റങ്ങൾ ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണ്. സ്ത്രീ സൗഹൃദമായ പൊതു ഇടങ്ങൾ, തുല്യവേതനം, ഭരണനിർവ്വഹണത്തിലെ 50 ശതമാനം സംവരണം, തുടങ്ങി നിരവധി കാര്യങ്ങൾ ഈ സർക്കാർ നടപ്പാക്കി.
വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, അവ നടപ്പിലാക്കാനുള്ളവയാണെന്ന് എൽ ഡി എഫ് സർക്കാർ വീണ്ടും തെളിയിക്കുകയാണ്. ലൈഫ് മിഷനിലൂടെ വീടും, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കിയതുപോലെ, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷയും ഉറപ്പാക്കുന്ന ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാൻ ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടു പോകും'', മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷാ പെൻഷൻ കൂടാതെ വിദ്യാഭ്യാസത്തിന് ശേഷം തൊഴിൽ അന്വേഷിക്കുന്ന യുവാക്കൾക്ക് സഹായകരമാകുന്ന കണക്‌ട് ടു വർക്ക് സ്‌കോളർഷിപ്പ് ജനുവരി 20ന് നിലവിൽ വരികയും ആദ്യഘട്ടമായി പതിനായിരം പേരുടെ അക്കൗണ്ടിലേക്ക് 1000രൂപ വീതം എത്തുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications