''അന്തോം കുന്തോം തിരിയാത്ത ഒരു സാധനം'',വീണാ ജോര്‍ജിനെ അധിക്ഷേപിച്ച കെഎം ഷാജിക്കെതിരെ കേസ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. കെഎം ഷാജിയുടെ പ്രസംഗം അങ്ങേയറ്റ് സ്ത്രീ വിരുദ്ധവും പ്രതിഷേധാര്‍ഹവും ആണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് 15 ദിവസങ്ങൾക്കകം റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും പി സതീദേവി വ്യക്തമാക്കി.
അന്തോം കുന്തോം തിരിയാത്ത ഒരു സാധനമാണ് ഇപ്പോള്‍ കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ തലപ്പത്തുളള മന്ത്രി എന്നായിരുന്നു കെഎം ഷാജിയുടെ അധിക്ഷേപം. വാചകമടിച്ചും മുഖ്യമന്ത്രിയെ സ്തുതിച്ചും നടക്കാമെന്നല്ലാതെ അവര്‍ക്ക് ഒന്നിനും കഴിയില്ല. ഈ കപ്പല്‍ കുലുങ്ങില്ല സര്‍ എന്ന പ്രസംഗത്തിന് കിട്ടിയ സമ്മാനമാണ് ആരോഗ്യമന്ത്രി സ്ഥാനം എന്നും വീണാ ജോര്‍ജിന് എന്താണ് യോഗ്യത എന്നും കെഎം ഷാജി പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനേയും ലീഗ് നേതാവ് കടന്നാക്രമിച്ചിരുന്നു. നിപ്പ എന്ന് പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരുന്നത് വവ്വാലിനേയും ദുരന്തം എന്ന് പറഞ്ഞാല്‍ പിണറായിയേയും ആണെന്ന് കെഎം ഷാജി പറഞ്ഞു. ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ സിപിഎമ്മുകാര്‍ക്കും മുഖ്യമന്ത്രിക്കും പ്രത്യേക സന്തോഷമാണ്. ആള്‍ക്കാരെ പേടിപ്പിച്ച് നിര്‍ത്തി മോള്‍ക്കും കക്കാം, മോനും കക്കാം, മോന്റെയും മോളുടേയും അമ്മായിയപ്പന്മാര്‍ക്ക് ഒന്നിച്ചിരുന്നും കക്കാം, കെഎം ഷാജി പറഞ്ഞു.
വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം ഇങ്ങനെ: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണ്. തന്റെ കർമ്മ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജന പിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കെ എം ഷാജി അപമാനിച്ചിരിക്കുന്നത്.
ഇത്തരത്തിൽ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരേണ്ടതുണ്ട്. അനുചിതമായ ആ പ്രസ്താവനയിൽ അദ്ദേഹം ഉപയോഗിച്ച "സാധനം" എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാൻ. മുൻപ് നമ്പൂതിരി സമുദായത്തിനിടയിൽ ഉണ്ടായിരുന്ന സ്മാർത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു "സാധനം"എന്നത്.
കെ എം ഷാജിയെ പോലെയുള്ളവരുടെ മനസ്സിൽ നിന്നും തികട്ടിവരുന്ന ഫ്യൂഡൽമാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ. ആധുനിക കാലത്തും പിന്തിരിപ്പൻ ചിന്താഗതി വെച്ച് പുലർത്തുന്ന കെ എം ഷാജിമാരെ പോലുള്ളവരെ ഒറ്റപ്പെടുത്താൻ നമ്മുടെ സമൂഹം തയ്യാറാവണം''.












Click it and Unblock the Notifications