വനിതാ ദിനത്തില്‍ സെക്കന്റ് ഷോ സിനിമ കാണാം; കട്ടനടിച്ച്, സൊറ പറയാം: പദ്ധതിയുമായി റൂറല്‍ പൊലീസ്
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളാണ് വിവിധ സ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്കായി നടത്തുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയം എറണാകുളം റൂറല്‍ പൊലീസിന്റെ പരിപാടിയാണ്. സ്ത്രീകള്‍ക്ക് അടിപൊളി ഓഫറാണ് റൂറല്‍ പൊലീസ് നല്‍കുന്നത്. രാത്രി ആരെയും ഭയക്കാതെ ഉല്ലസിച്ച് സഞ്ചരിക്കാനുള്ള സൗകര്യമാണ് പൊലീസ് ഒരുക്കുന്നത്. വനിതകള്‍ക്ക് സെക്കന്റ് ഷോ സിനിമ കണ്ട്, കട്ടനടിച്ച്, സൊറ പറഞ്ഞ് ആഹ്ലാദത്തോടെ വീട്ടിലേക്ക് മടങ്ങാം.
റൂറല്‍ ജില്ലയിലെവിടെയും ഏത് പാതിരാത്രിയിലും സ്ത്രീകള്‍ക്ക് തനിച്ച് സഞ്ചരിക്കാന്‍ കഴിയുമെന്ന ഉറപ്പ് നല്‍കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഉറപ്പ് @ എ വാക്ക് വിത്ത് മൂണ്‍ എന്നാണ് പരിപാടിക്കു പേരിട്ടിരിക്കുന്നത്.

മൈ സിനിമാസ്, ആശീര്‍വാദ് സിനിമാസ്, മാതാ - മാധുര്യ തീയറ്ററുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വീട്ടമ്മമാര്‍, വനിതാ മാധ്യമ പ്രവര്‍ത്തകര്‍, വനിതാ പ്രൊഫഷണലുകള്‍, വിദ്യാര്‍ഥിനികള്‍ എന്നിവര്‍ക്ക് ശനിയാഴ്ച്ച സെക്കന്റ് ഷോയ്ക്ക് റൂറല്‍ ജില്ലയിലെ തിരഞ്ഞെടുത്ത തീയറ്ററുകളില്‍ സിനിമ കാണാം. ഇതിനായി റൂറല്‍ പോലീസ് സിനിമാ ടിക്കറ്റ് നല്‍കും.
വനിതകള്‍ മാത്രം സിനിമ കണ്ട് സൊറ പറഞ്ഞ്, കട്ടനടിച്ച്, കപ്പലണ്ടി കൊറിച്ച് തിരിച്ച് പോകും. ആഘോഷങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ല എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു.
ഇതുകൂടാതെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ ജില്ലകളിലെ 94 തിയേറ്ററുകളില്‍ സ്ത്രീകള്‍ക്ക് സെക്കന്റ് ഷോ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കും. വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയില്‍ എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ സംഘടനകളിലെ പ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പതിനായിരത്തിലധികം പേര്‍ സെക്കന്റ് ഷോ സിനിമാ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications