വനിത സംവരണ ബിൽ; കേന്ദ്രസർക്കാരിന്റേത് വോട്ട് തട്ടാനുള്ള അജണ്ട മാത്രമെന്ന് എംവി ജയരാജൻ
കണ്ണൂർ: വനിത സംവരണ ബിൽ സർക്കാരിന്റെ തിരഞ്ഞെടുപ്പ് അജണ്ട മാത്രമായിരുന്നുവെന്ന് സി പി എം നേതാവ് എം വി ജയരാജൻ.
ന്യൂനപക്ഷ ദളിത് വേട്ടയോടൊപ്പം സ്ത്രീകൾക്കെതിരായ അക്രമങ്ങളും പീഡനങ്ങളും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്നതിനാൽ തെരഞ്ഞെടുപ്പിൽ തങ്ങൾ സ്ത്രീസമൂഹത്തിനിടയിൽ നിന്നും ഒറ്റപ്പെട്ടുപോകുമെന്ന ഭീതിയുള്ളതുകൊണ്ടാണ് എപ്പോൾ നടപ്പാക്കുമെന്ന് പറയാൻ കഴിയാത്ത ഒരു നിയമനിർമാണത്തിന് ബി ജെ പി മുതിർന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'ലോകസഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്തുകൊണ്ടുള്ള ഭരണഘടനാഭേദഗതി ധൃതിപിടിച്ച് ലോകസഭയിൽ അവതരിപ്പിക്കുമ്പോൾ എല്ലാവരും കരുതിയത് ഉടൻ പ്രാബല്യത്തിൽ വരുമെന്നായിരുന്നു. മണ്ഡലം പുനർനിർണയത്തിന് ശേഷമായിരിക്കുമെന്നാണ് കേന്ദ്രസർക്കാർ ബിൽ അവതരിപ്പിച്ചതിന് ശേഷം പറഞ്ഞത്. മണ്ഡലപുനർനിർണയം ഇതുവരെ പ്രഖ്യാപിക്കുകയോ അതിനായി നിയമം കൊണ്ടുവരികയോ ചെയ്തിട്ടില്ല. 2021ലെ സെൻസസ് പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലോ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലോ കൂടുതൽ വനിതകൾക്ക് മത്സരിക്കാനാവില്ലെന്ന് വളരെ വ്യക്തം. പിന്നെന്തിനാണ് ധൃതിപിടിച്ച് ബിൽ അവതരിപ്പിച്ചത് എന്ന ചോദ്യം പ്രസക്തമാണ്.

ന്യൂനപക്ഷ ദളിത് വേട്ടയോടൊപ്പം സ്ത്രീകൾക്കെതിരായ അക്രമങ്ങളും പീഡനങ്ങളും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്നതിനാൽ തെരഞ്ഞെടുപ്പിൽ തങ്ങൾ സ്ത്രീസമൂഹത്തിനിടയിൽ നിന്നും ഒറ്റപ്പെട്ടുപോകുമെന്ന ഭീതിയുള്ളതുകൊണ്ടാണ് എപ്പോൾ നടപ്പാക്കുമെന്ന് പറയാൻ കഴിയാത്ത ഒരു നിയമനിർമാണത്തിന് ബി ജെ പി മുതിർന്നത്. വനിതാബിൽ അടിയന്തിരമായും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ എന്ന സംഘടനയുടെ ഹരജി വർഷങ്ങളായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കേന്ദ്രസർക്കാറും രാഷ്ട്രീയ പാർട്ടികളും അഭിപ്രായം അറിയിക്കാത്തതുകൊണ്ട് മാത്രമാണ് കോടതിക്ക് തീരുമാനമെടുക്കാൻ കഴിയാത്തത്. 2023 ആഗസ്ത് 11ന് സുപ്രീംകോടതി നടത്തിയ നിരീക്ഷണം ഇപ്രകാരമാണ്. ''സി പി ഐ(എം) ഒഴികെ മറ്റ് രാഷ്ട്രീയ പാർട്ടികളും കേന്ദ്രസർക്കാരും വനിതാബിൽ സംബന്ധിച്ച നിലപാട് കോടതിയെ ഇതുവരെ അറിയിച്ചിട്ടില്ല. എല്ലാവരുടെയും നിലപാട് അറിയാൻ കോടതിക്ക് ആഗ്രഹമുണ്ട്.'' കേന്ദ്രസർക്കാറിന്റേത് വോട്ടുതട്ടാനുള്ള അജണ്ട മാത്രം.












Click it and Unblock the Notifications