‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ
'എംഎൽഎ കുപ്പായം തുന്നി കാത്തിരിക്കുന്നവർ’ എന്നൊരു പ്രയോഗം തന്നെ മലയാളത്തിലുണ്ട്. ഇങ്ങനെ എംഎൽഎ കുപ്പായം തുന്നുകയും ജനങ്ങൾ ജയിപ്പിച്ചിട്ടും ആ കുപ്പായം ഇടാൻ കഴിയാതെയും പോയ ജനപ്രതിനിധികൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. വോട്ട് ചെയ്ത ജനങ്ങൾ ജയിപ്പിച്ചിട്ടും രാഷ്ട്രീയ ചതുരംഗക്കളിയിലെ അനിശ്ചിതത്വം കാരണം നിയമസഭാംഗങ്ങളാകാൻ കഴിയാതെ പോയവർ. കേരള രാഷ്ട്രീയത്തിൽ ഈ അപൂർവത നടന്നത് 1965ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ്.
ശങ്കർ മന്ത്രിസഭയുടെ പതനത്തിന് ശേഷം 1965 മാർച്ച് നാലിന് നടന്ന മൂന്നാം കേരള നിയമസഭ തെരഞ്ഞെടുപ്പ് വലിയ രണ്ട് പിളർപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഎം, സിപിഐ എന്നിങ്ങനെ രണ്ടായതിന് ശേഷവും കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസുണ്ടായ ശേഷവും കേരളം ആദ്യമായി പോളിങ് ബൂത്തിലെത്തിയ തെരഞ്ഞെടുപ്പ് ആയിരുന്നു അത്. ഏത് വിഭാഗത്തിനാണ് അതാത് പാർട്ടിയിൽ കൂടുതൽ അംഗീകാരവും പിന്തുണയുമെന്നത് കൂടിയായിരുന്നു മൂന്നാം തെരഞ്ഞെടുപ്പിലെ വിഷയം.

ദ്വയാംഗത്വ മണ്ഡലം ഇല്ലാതാകുകയും സംവരണത്തിന് സ്വതന്ത്ര മണ്ഡലങ്ങൾ നിശ്ചയിക്കുകയും ചെയ്തിരുന്നു. 114 മണ്ഡലവും 126 അംഗങ്ങളുമെന്നത് മാറി 133 മണ്ഡലങ്ങളായി പുനർ വിഭജനവും നടന്നു. ചൈന യുദ്ധകാലത്ത് ചൈനക്ക് അനുകൂലമായി പാർട്ടിക്കകത്ത് അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട് പുതുതായി രൂപം കൊണ്ട സിപിഎമ്മിലെ ഭൂരിഭാഗം നേതാക്കളും ജയിലിൽ കിടന്നുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും.
40 സീറ്റിൽ ജയിച്ച് സിപിഎം ഏറ്റവും വലിയ കക്ഷിയായി. കോൺഗ്രസിന് 36 സീറ്റാണ് ലഭിച്ചത്. സിപിഐക്കാകട്ടെ മൂന്ന് സീറ്റുമാത്രം. കേരള കോൺഗ്രസിന് 23, സഖ്യകക്ഷിയായ മുസ്ലിം ലീഗിന് ആറ്, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിക്ക് 13 എന്നിങ്ങനെയായിരുന്നു സീറ്റ് നില. 12 പേർ സ്വതന്ത്രരായിരുന്നു.
ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കേരള കോൺഗ്രസിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു. ഗവർണർ വി.വി. ഗിരി കേരള കോൺഗ്രസിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്തു. ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഒരു ട്വിസ്റ്റ് ഉണ്ടായത്. കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാറുണ്ടാക്കേണ്ട എന്ന് കേരള കോൺഗ്രസ് തീരുമാനിച്ചു. മന്ത്രിമാരെ അടക്കം നിശ്ചയിച്ച ശേഷമായിരുന്നു കേരളാ കോൺഗ്രസിന്റെ ഈ പിന്മാറ്റം.
ഇതോടെ ഗവർണർ വി.വി. ഗിരിയുടെ ശിപാർശ പ്രകാരം ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ സഭ പിരിച്ചുവിടുകയും ചെയ്തു. മാർച്ച് 17ന് സഭ രൂപവത്കരിച്ചെങ്കിലും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ 24ന് പിരിച്ചുവിടുകയായിരുന്നു. 1967ലെ അടുത്ത തെരഞ്ഞെടുപ്പ് വരെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി.
അന്ന് 133 സീറ്റുകളിൽ നിന്ന് അത്തവണ മാത്രം ജയിച്ച 32 പേരുണ്ടായിരുന്നു. അവരിൽ നാലുപേർ തിരു-കൊച്ചി നിയമസഭയിലും അതിനുമുമ്പുള്ള നിയമസഭയിലും അംഗങ്ങളായി. മൂന്നുപേർ ലോക്സഭാംഗങ്ങളായി. ബാക്കി 25 പേർ പിന്നീട് ജനപ്രതിനിധികളായതേയില്ല. പലരും പിന്നീട് മത്സരിച്ചെങ്കിലും വിജയത്തിന്റെ ഭാഗ്യം അവരെ കനിഞ്ഞില്ല.
ഒന്നാം മന്ത്രിസഭയിൽ ആഭ്യന്തരവും ജയിലും കൈകാര്യം ചെയ്ത വി.ആർ. കൃഷ്ണയ്യർ തലശ്ശേരിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനും നവാഗതനായ പാട്യം ഗോപാലൻ ജയിച്ചതിനുമൊക്കെ 1965 സാക്ഷ്യം വഹിച്ചു. കൃഷ്ണയ്യർ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും നീതിന്യായ രംഗത്തേക്ക് തിരിച്ചുപോകുകയും വൈകാതെ ജഡ്ജിയാകുകയും ചെയ്തു.
അന്ന് ജയിച്ചു വന്ന കെ.എം മാണി പിന്നീട് ധനമന്ത്രിയായി, കെ. കരുണാകരൻ മുഖ്യമന്ത്രിയായി. ഇവരെ കൂടാതെ ഇഎംഎസ്, ഗൗരിയമ്മ, പി.ആർ. കുറുപ്പ്, സി.എച്ച്. കണാരൻ, പാലോളി മുഹമ്മദ് കുട്ടി, കെ.എം. ജോർജ്, സുശീല ഗോപാലൻ, കെ.ആർ. ബാലകൃഷ്ണപ്പിള്ള എന്നിങ്ങനെ പല അതികായരും അന്ന് ജയിച്ചിരുന്നു.
1965ലെ തെരഞ്ഞെടുപ്പിലാണ് സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യത്തെ വിജയിയെ കേരളം കാണുന്നത്. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടാണ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്ന സിനിമാക്കാരൻ. തൃശൂരിലെ നാട്ടിക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാണ് രാമു കാര്യാട്ട് നിയമസഭയിലെത്തിയത്. അദ്ദേഹത്തെ ദേശീയ പ്രശസ്തിയിലെത്തിച്ച സിനിമയായ ചെമ്മീന്റെ ചിത്രീകരണം നടന്നതും നാട്ടിക ബീച്ചിലായിരുന്നു.












Click it and Unblock the Notifications