സർക്കാരിന്റെ ധിക്കാരത്തിന് മുൻപിൽ വഴങ്ങിക്കൊടുക്കില്ല;എംപിമാരുടെ സസ്പെൻഷനിൽ എളമരം കരീം
ദില്ലി:രാജ്യസഭയിൽ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച എം പിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ സി പി എം നേതാവും രാജ്യസഭാ എംപിയുമായ എളമരം കരീം. പ്രതിഷേധിക്കാനുള്ള വേദി കൂടിയാണ് പാർലമെന്റെന്നും സർക്കാരിന്റെ ധിക്കാരത്തിന് മുൻപിൽ വഴങ്ങിക്കൊടുക്കില്ലെന്നും എളമരം കരീം പറഞ്ഞു.
വിലക്കയറ്റം, തൊഴിലില്ലായ്മ, സംസ്ഥാനങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയണമെന്ന ആവശ്യമാണ് സഭയിൽ ഉയര്‍ത്തിയത്. എന്നാൽ ചർച്ചയിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാര്‍ ശ്രമിക്കുന്നതെന്ന് കരീം കുറ്റപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായാണ് 19 എംപിമാരെ ഒരുമിച്ച് സസ്പെന്റ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ജനാധിപത്യപരമായാണ് ചർച്ച ആവശ്യപ്പെട്ടതെന്നും സസ്പെൻഷൻ നടപടി അടിച്ചമർത്താൻ ഉള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും സസ്പെന്റ് ചെയ്യപ്പെട്ട സിപിഎം അംഗം വി ശിവദാസൻ പറഞ്ഞു. അതേസമയം ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് എ എ റഹീം എം പി പറഞ്ഞു.
'രാജ്യസഭയിൽ നിന്ന് ഞങ്ങൾ 19 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തു.എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസൻ, സഖാവ് പി സന്തോഷ്‌കുമാർ എന്നിവരെയും സസ്‌പെന്റ് ചെയ്തു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല.ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ്.
ജനാധിപത്യ അവകാശങ്ങൾ സഭയ്ക്കുള്ളിൽ പോലും അനുവദിക്കുന്നില്ല.
ഇന്നാണെങ്കിൽ സിപിഐ(എം) ലെ ബികാസ് രഞ്ജൻ ഭട്ടാചാര്യയെ ഒരു ബില്ലിൽ ചർച്ച ചെയ്യാൻ പോലും അനുവദിച്ചില്ല.തുടർന്ന് പ്രതിഷേധിച്ച ഞാനടക്കമുള്ള
പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.അടിച്ചമർത്താനാകില്ല.ഏകാധിപത്യം അനുവദിക്കില്ല.
ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച ഈ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു',അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എം പിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. ഡി എം കെ എം പി കനിമൊഴി , തൃണമൂൽ എം പിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സി പി എം, സി പി ഐ എംപിമാരായ എ എ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ, ടി ആർ എസ് എംപിമാർ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെയാണ് സസ്പെന്റ് ചെയ്തത്.
ഇതാണ് ദിൽഷ..ദിലുവിനെ എന്തുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമെന്ന് ഈ ഫോട്ടോകൾ പറയും..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications