'ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും'; കെടി ജലീൽ
മലപ്പുറം: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എംഎൽഎ കെടി ജലീൽ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും, ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി പി എം സഹയാത്രികനായി തുടരുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജലീൽ പറഞ്ഞു.
'ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി പി ഐ (എം) സഹയാത്രികനായി തുടരും. സി പി ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗ്സ്ഥനായ ഗാന്ധിജി"യുടെ അവസാന അദ്ധ്യായത്തിൽ', ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പിവി അൻവർ എം എൽ എയുടെ ആരോപണങ്ങളെ പിന്തുണച്ച് കൊണ്ട് കെ ടി ജലീൽ നേരത്തേ രംഗത്തെത്തിയിരുന്നു. എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ ആരോപണങ്ങൾ പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവർ. ഐപിഎസുകാർ കീഴുദ്യോഗസ്ഥരോട് അടിമകളെ പോലെയാണ് പെരുമാറുന്നത്. പൊതുപ്രർവർത്തകരോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പുച്ഛമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നുമായിരുന്നു കെ ടി ജലീൽ ആവശ്യപ്പെട്ടത്.
അതേസമയം പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനോ അല്ലെങ്കിൽ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്കോ ആയിരിക്കും പകരം ചുമതല. അൻവറിന്റെ ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
അജിത് കുമാറിന് ക്രമസമാധാന ബറ്റാലിയൻ ചുമതലയുണ്ട്. ഇത് നിലനിർത്തിയേക്കുമെന്നാണ് സൂചന. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികൾ ആലോചിക്കുന്നുണ്ട്.
അതിനിടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയേയും നീക്കിയേക്കുമെന്ന് സൂചനയുണ്ട്. ശശിക്കെതിരെ ഗുരുതര ആരോപണമാണ് അൻവർ ഉന്നയിച്ചത്. അദ്ദേഹം ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ലെന്ന് അൻവർ കുറ്റപ്പെടുത്തിയിരുന്നു. 'പൊളിറ്റിക്കൽ സെക്രട്ടറി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. മലപ്പുറത്തെ പല രാഷ്ട്രീയ വിഷയങ്ങളിലും ശശിയെ പോയി കണ്ട് കത്ത് കൊടുത്തിട്ടുണ്ട്. ഒരു നടപടിയും ഉണ്ടായിട്ടില്ല', എന്നായിരുന്നു അൻവർ പറഞ്ഞത്.












Click it and Unblock the Notifications