വാക്കുകൾ മൗനമാകുന്നുവെന്ന് സുജാത,മലയാളി മനസ്സുകളിൽ തേനും വയമ്പും നിറച്ച ജാനകിയമ്മയെന്ന് മോഹൻലാൽ
വിഖ്യാത ഗായിക ജാനകിയമ്മയുടെ വിയോഗത്തിൻ്റെ വേദനയിലാണ് കലാ-സാംസ്കാരിക ലോകം. നിരവധി പ്രമുഖരാണ് പ്രിയ ഗായികയുടെ നിര്യാണത്തിൽ അനുശോചനം പങ്കുവെച്ചത്. വാക്കുകൾ മൗനമാകുന്നുവെന്നും അമ്മയുടെ വേർപാട് ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണെന്നും ഗായിക സുജാത മോഹൻ കുറിച്ചു. ജാനകിയമ്മ മരിച്ചാലും അവർ നെയ്തെടുത്ത മനോഹര ഗാനങ്ങൾക്ക് ഒരിക്കലും മരണമില്ലെന്നായിരുന്നു ജി വേണുഗോപാലിൻ്റെ പ്രതികരണം. ഭാരതത്തിന്റെ ഗാനകോകിലമാണ് നമ്മെ വിട്ടു പിരിഞ്ഞതെന്ന് മോഹൻലാൽ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

പ്രമുഖരുടെ വാക്കുകളിലേക്ക്
സുജാത മോഹൻ-
'വാക്കുകൾ മൗനമാകുന്നു...ഗുരുവായി ഞങ്ങളുടെ കൈപിടിച്ച് നടത്തിയതിന്...വഴികാട്ടിയായി വെളിച്ചമായതിന്... സ്വപ്നങ്ങൾക്ക് ആത്മവിശ്വാസം പകർന്നതിന്...ഞങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിച്ചതിനും,ഞങ്ങളുടെ കണ്ണീരിൽ ചേർന്നു നിന്നതിനും, ഞങ്ങളെ ശിഷ്യരായി മാത്രമല്ല, സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചതിനും...ഞങ്ങൾ പാടുന്ന ഓരോ സ്വരത്തിലും, ഞങ്ങൾ നേടുന്ന ഓരോ വിജയത്തിലും, അമ്മയുടെ സ്നേഹവും അനുഗ്രഹവും എന്നും ജീവിച്ചിരിക്കും. അമ്മയുടെ വേർപാട് ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ്...കണ്ണീരിൽ കുതിർന്ന ഹൃദയത്തോടെ...അമ്മയ്ക്ക് ഞങ്ങളുടെ അശ്രുപൂജയും പ്രണാമവും...'
ഗായകൻ ജി വേണുഗോപാൽ
'ജാനകിയമ്മയും യാത്രയായിരിക്കുന്നു. ഒരു സുവർണ്ണ സംഗീത കാലഘട്ടത്തിൻ്റെ രത്നഘചിതമാം ശബ്ദച്ചിറകിലേറി അവർ നെയ്തെടുത്ത മനോഹര ഗാനങ്ങൾക്ക് മരണമില്ല . 1994 ലായിരിക്കണം ഞാനാദ്യമായി ജാനകിയമ്മയോടൊത്ത് ഒരു ഭക്തിഗാന ആൽബത്തിൽ പാടുന്നത്, വിദ്യാദരൻ മാസ്റ്ററുടെ സംഗീതത്തിൽ. പഴയൊരു ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റിലീസ് ചെയ്തൊരു ആൽബം . "മനിതർപോൽ കടവുൾക്കും ഒരു ടൈം ഇര്ക്ക് " . തൻ്റെ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ അമ്മ പറയുന്ന ഓർമ്മ. അഭിരാമപുരത്തുള്ള അന്നത്തെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. വിസ്തൃതമായ അവരുടെ ലിവിംഗ് മുറിയിലെ സ്റ്റീരിയോ സിസ്റ്റത്തിൽ 1960 കളിൽ ലത മങ്കേഷ്ക്കർ പാടി പ്രസിദ്ധമായ ഗാനങ്ങൾ പലതും ജാനകിയമ്മയുടെ ശബ്ദത്തിൽ, അതേ ഓർക്കസ്ട്രേഷനിൽ കേൾപ്പിച്ചു. ഞാൻ ചോദിച്ചു. ഇത് റീ റിക്കാർഡ് ചെയ്തവയാണോ? " ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും" അമ്മ ചിരിച്ചു. ഒറിജിനൽ ഗാനങ്ങൾ ഒരു സ്റ്റീരിയോയിൽ പ്ലേ ചെയ്യുമ്പോൾ, ഓർക്കസ്ട്ര മാത്രം ഇന്നൊരു ടേപ്പ് റിക്കാർഡിൽ റിക്കാർഡ് ചെയ്യും. ലതാജിയുടെ ശബ്ദത്തിന് പകരം ജാനകിയമ്മയുടെ സ്വരവും, ലൈവ് ആയി ഒരു മൈക്കിലൂടെ! അവിടെ സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുള്ള സഹൃദയായ ഒരു ഗാന വിദ്യാർത്ഥിയെ ഞാൻ കാണുകയായിരുന്നു.
സ്വരലയയുടെ യേശുദാസ് അവാർഡ് വാങ്ങാൻ തിരുവനന്തപുരത്തെത്തിയ ജാനകിയമ്മയോടൊപ്പം രണ്ട് ഗാനമേളകളിൽ പങ്കെടുക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി, കൊല്ലം കടപ്പാക്കടയിലും, പാലക്കാടും. മദ്രാസിൽ ഭരണി സ്റ്റുഡിയോയിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ മൂന്ന് ഡിവോഷനൽ ഗാനങ്ങൾ അമ്മയോടൊപ്പം പാടി റിക്കാർഡ് ചെയ്യാനുള്ളൊരു അസുലഭ സൗഭാഗ്യവും എനിക്ക് ലഭിച്ചു.
2013 ൽ കേന്ദ്ര ഗവൺമെൻ്റ് ജാനകിയമ്മയ്ക്ക് പത്മഭൂഷൻ നൽകാൻ തീരുമാനിച്ചപ്പോൾ സൗമ്യയായ് അവരത് നിരസിച്ചു. അന്വേഷിച്ചു വന്ന മീഡിയ ക്യാമറകളോട് ഒരു കുസൃതിച്ചിരിയോടെ അവർ മൊഴിഞ്ഞു, സീനിയർ ഗായകർക്ക് ഭാരതരത്ന അവാർഡ് ലഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഗാനലോകവീഥികളിലെങ്ങും ദർശിക്കാത്ത ധൈര്യവും സത്യസന്ധതയും ജാനകിയമ്മുടെ പെരുമാറ്റത്തിലും വാക്കുകളിലും പ്രകടമായിരുന്നു. 2017ൽ താൻ സംഗീത രംഗത്ത് നിന്ന് വിരമിക്കുകയാണ്, ഇത് പുതിയ പാട്ടുകാർ രംഗത്തേക്ക് കടന്നു വരാൻ വഴിയൊരുക്കുമെന്നാണ് വിശ്വാസമെന്ന് അവർ പറഞ്ഞു.
33 സ്റ്റേറ്റ് അവാർഡുകൾ, 3 നാഷണൽ അവാർഡുകൾ, ഏതാണ്ട് 45000 ത്തോളം ഗാനങ്ങൾ, ജാനകിയമ്മയുടേതായിട്ടുണ്ട്. സംഗീത പ്രേമികൾക്കൊരിക്കലും മറക്കാനാകാത്ത , അവർ ഇന്നും എന്നും മൂളി നടക്കുന്ന ഗാനങ്ങൾ . എൻ്റെ കുട്ടിക്കാലത്തെ ഗാനസുരഭിലമാക്കിയ പാട്ടുകാരിൽ ബാബുരാജിൻ്റെ സംഗീതത്തിൽ ജാനകിയമ്മയുടെ ഗാനങ്ങളുടെ സ്വാധീനവലയം ശക്തമാണ്.
പ്രിയ ഗായികയ്ക്ക് യാത്രാമൊഴി. സംഗീതത്തിൻ്റെ നീരാഴി നീന്തിക്കടന്ന് കാണാത്ത തീരങ്ങളിലെത്തിച്ചേർന്ന ജാനകിയമ്മ തൻ്റെ രത്നഘചിതമാം ഗാനച്ചിറകുകളാൽ അവിടവും സംഗീത നിർഭരമാക്കുമെന്നുറപ്പ്'
മോഹൻലാൽ
'ഭാരതത്തിന്‍റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളില്‍ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങള്‍ സമ്മാനിച്ച സ്നേഹസാഗരമാണ് ജാനകിയമ്മ. മലയാളി മനസ്സുകളില്‍ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങള്‍ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക. എന്‍റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് എനിക്കുള്ളത്. സന്തോഷവും, വിഷാദവും, കുട്ടിത്തവും ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങള്‍ക്കും ജാനകിയമ്മ തന്‍റെ മധുരസ്വരം പകര്‍ന്നു നല്‍കി. ആദ്യചിത്രത്തിന് ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവര്‍. വ്യക്തിപരമായ എനിക്ക് ഏറേ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു'
നടൻ സന്തോഷ് കീഴാറ്റൂർ
'സ്വരസൗന്ദര്യത്തിന് വിട; ആറു പതിറ്റാണ്ടുകളുടെ സംഗീത വിസ്മയത്തിനു വിരാമമായി; തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകി വിട വാങ്ങി
അനുഗൃഹീതമായ സ്വരമാധുര്യവും ആലാപനസിദ്ധിയുമായി ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തദ്ദേശിയവും വിദേശിയവുമായ ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടി.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു എസ്. ജാനകിയുടെ ജനനം. പിതാവ് ശിസ്തില രാമമൂർത്തി ആയുർവേദ ഡോക്ടറായിരുന്നു. മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചു. അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി പിന്നീട് വളർന്നത്. ചെറുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ചില ഹൃസ്വകാല പഠനങ്ങളൊഴികെ ശാസ്ത്രിയസംഗീതം ആഴത്തിൽ പഠിക്കാനുള്ള അവസരങ്ങളൊന്നും ലഭിച്ചില്ല. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അർഹയായതാണ് ജാനകിക്ക് സംഗീതലോകത്തേക്കു വഴിതുറന്നത്'


Click it and Unblock the Notifications