വയനാട്ടില്‍ ലോകാരോഗ്യ ദിനം ആചരിച്ചു
കല്‍പ്പറ്റ: ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന വളരെ പ്രധാന്യമര്‍ഹിക്കുന്ന വിഷയം പ്രതിപാദിച്ചുകൊണ്ട് ജില്ലയിലെങ്ങും ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.കെ.സി. മൈമൂന അധ്യക്ഷത വഹിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍ എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സെമിനാറില്‍ ജീവിത ശൈലീ രോഗ നിയന്ത്രണം എന്ന വിഷയത്തില്‍ അര്‍ബന്‍ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.കെഎസ് അജയന്‍ സെഷന്‍ അവതരിപ്പിച്ചു. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി ഭക്ഷണരീതികളിലടക്കം സമൂലമായ മാറ്റം അനിവാര്യമാണെന്നായിരുന്നു ഈ സെഷനില്‍ പ്രതിപാദിച്ചത്.

യുവാക്കളില്‍ മുതല്‍ വാര്‍ധ്യകത്തിലെത്തിയവരില്‍ വരെ ഇന്ന് ജീവിതശൈലി രോഗങ്ങള്‍ അലോസരപ്പെടുത്തുന്നതായി കാണാം. ഇതിനെ ചെറുക്കാന്‍ ചിട്ടയായ ജീവിതരീതിയും, ലഹരിവസ്തുക്കളുടെ ഉപയോഗം അവസാനിപ്പിക്കലുമാണ് പ്രധാനമാര്‍ഗമെന്നും ക്ലാസ് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ക്ക് പ്രധാനകാരണമായി കാണുന്നത് ജീവിതശൈലി രോഗമായ കൊളസ്‌ട്രോള്‍, പ്രമേഹം അടക്കമുള്ള രോഗങ്ങളാണ്.
ഇതിനെ ചെറുക്കുന്നതായി ഭക്ഷണക്രമത്തില്‍ വരുത്തേണ്ട രീതികളും, ചിട്ടയായ വ്യായാമമുറകളും സെഷന്‍ പ്രതിപാദിച്ചു. നാലാംമൈല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച കൂട്ട നടത്തം ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.ഇ.ഇബ്രാഹിം ഫ്‌ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, അംഗണ്‍വാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവല്‍ പങ്കെടുത്തു.ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.കെ.ജോണ്‍സണ്‍ നന്ദി പറഞ്ഞു.












Click it and Unblock the Notifications