ഫോര്‍ട്ട്‌കൊച്ചി ബോട്ട് ജെട്ടി ശോചനീയാവസ്ഥയില്‍; മഴ പെയ്താല്‍ നില്‍ക്കാന്‍ കഴിയില്ല, വെളിച്ചവുമില്ല
മട്ടാഞ്ചേരി: ആയിരകണക്കിന് യാത്രക്കാര്‍ യാത്ര ചെയ്യുന്ന ഫോര്‍ട്ടുകൊച്ചി കസ്റ്റംസ് ജെട്ടി ശോചനീയാവസ്ഥയില്‍. മേല്‍ക്കൂര തകര്‍ന്നതിനാല്‍ മഴ പെയ്താല്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മേല്‍ക്കൂര ജീര്‍ണ്ണാവസ്ഥയിലായതിനെ തുടര്‍ന്ന് ഇരുമ്പ് ഷീറ്റ് തകര്‍ന്നതിനെ തുടര്‍ന്ന് പെയ്യുന്ന മഴ മുഴുവന്‍ ജെട്ടിയിലേക്കാണ് പതിക്കുന്നത്. കുറച്ച് ദിവസങ്ങളായി ജെട്ടിയില്‍ വിളക്കുമില്ല.
രാത്രിയായാല്‍ കൂരിരുട്ടാണ് അവസ്ഥ. വൈദ്യുതി ഇല്ലാത്തത് മൂലം സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ദുരിതം പേറുന്നു. ജെട്ടിയില്‍ ബോട്ടടുക്കുമ്പോള്‍ ഇരുട്ടുമൂലം ഇറങ്ങുവാനും കയറാനും പറ്റാത്ത അവസ്ഥയാണ്.

ബോട്ടിലെ ജീവനക്കാര്‍ യാത്രക്കാരെ കൈ പിടിച്ച് ഇറക്കേണ്ട ഗതികേടിലാണ്. ഇത് സംബന്ധമായി പരാതിപ്പെട്ടിട്ടും നടപടികള്‍ ആകുന്നില്ലെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എം.മുഹമ്മദ് അബ്ബാസ് ആരോപിച്ചു. ബോട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ജെട്ടിക്കും, ബോട്ടിനും ഇടയിലൂടെ കായലിലേക്ക് വീഴാനുള്ള സാധ്യതയും ഏറെയാണ്.അടിയന്തിര പ്രാധാന്യം നല്‍കി ഒരു അപകടത്തിന് ഇടനല്‍കാതെ പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications