'കിഫ്‌ബി ഇല്ലായെങ്കിൽ ഈ സ്മാർട്സിറ്റികൾ ഉണ്ടോ?'; രൂക്ഷവിമർശനവുമായി തോമസ് ഐസക്
കണ്ണൂരിലെ ഭൂമി കിഫ്ബി ഏറ്റെടുത്തത സംബന്ധിച്ച ഗുരുതര ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് എന്തുകൊണ്ടാണ് സുധാ പിള്ള കമ്മിറ്റ് ബാക്ക് ഫയലുകൾ പരിശോധിക്കാതിരുന്നതെന്ന് തോമസ് ഐസക്. ഇന്നത്തെ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് കമ്മറ്റിക്ക് ഈ വിവരങ്ങൾ നൽകാതെ ഇരുന്നതാണോ അതോ കമ്മറ്റി അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതാണോയെന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും അവസാനം ഭൂമി ഏറ്റെടുത്തതിന് ഇത്രയധികം പഴികേട്ട കിഫ്ബിയെ പറ്റി പരാമർശം പോലും ഇല്ലാതെ കേന്ദ്ര സ്മാർട്ട് സിറ്റിക്ക് ഈ ഭൂമികൾ സമർപ്പിച്ച് മുഖ്യമന്ത്രി കയ്യടി നേടുകയാണ്. ഒരു ചോദ്യം മാത്രമാണ് ബാക്കി,കിഫ്‌ബി ഇല്ലായെങ്കിൽ ഈ സ്മാർട്സിറ്റികൾ ഉണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'എന്തൊക്കെയായിരുന്നു പുകില്? ചെലവാക്കിയതിൽ സിംഹപങ്കും കണ്ണൂരിന്. ഏറ്റെടുത്ത ഭൂമി ഉപയോഗ ശൂന്യം - കല്ലുവെട്ടാൻ ഉപയോഗിച്ചത്. അഞ്ചിരട്ടി വില നൽകി. അഴിമതി ആക്ഷേപം ഉന്നയിച്ചത് സാക്ഷാൽ മുഖ്യമന്ത്രി തന്നെ. ഒരു ആസാമി ഇന്നലെ എഴുതി കണ്ടു കണ്ണൂരിലെ ഭൂമി പിടിക്കുമ്പോൾ തോമസ് ഐസക്കിനെന്താ ഇത്ര വെപ്രാളം? ഇന്നത്തെ പത്രം മുഴുവൻ പരതുകയായിരുന്നു. ഒരിടത്തും കണ്ണൂർ ഭൂമി ഇല്ല. തുടർച്ചയായി മൂന്ന് അന്വേഷണാത്മക റിപ്പോർട്ട് പ്രസിദ്ധീകരിച്ച മനോരമ പോലും ഇന്ന് ശൂന്യം. ഇവരെല്ലാം കൂടി സൃഷ്ട്ടിച്ച നുണ കഥകൾക്ക് ഇത്രയുമേ ആയുസ്സുള്ളൂ. കണ്ണൂർ ഭൂമിയുടെ നാൾവഴി ഇപ്പോൾ കൃത്യമായി രേഖാമൂലം തെളിഞ്ഞിട്ടുണ്ട്.

2013 ഏപ്രിൽ മാസത്തിൽ KSIDC ആണ് നിർദിഷ്ട 1000 ഏക്കർ ഏറ്റെടുക്കാൻ കേരള സർക്കാരിന് കത്തു നൽകുന്നത്.
യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഏജൻസിയായി കിൻഫ്രയെ 2013 ഡിസംബറിൽ നിശ്ചയിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് ഭരണകാലത്ത് റവന്യു ഡിപ്പാർട്മെന്റ് 2 ഉത്തരവുകൾ പുറപ്പെടുവിക്കുന്നു. 2015 സെപ്തംബർ മാസം 19,23 തീയതികളിൽ.
ജില്ലാ കളക്ടർ 2016 ജനുവരിയിൽ ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് കത്തെഴുതുന്നു.
2016 മാർച്ച് 21 ന് സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി ഇത് അംഗീകരിക്കുന്നു.
ഫിനാൻസ് ഡിപ്പാർട്മെന്റ് അംഗീകരിച്ച ഫയൽ തിരിച്ച് റവന്യുവിൽ എത്തുമ്പോളേക്കും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നു.
● ഭൂമി ഏറ്റെടുക്കാനുള്ള ഔദ്യോഗിക ഉത്തരവ് എൽഡിഎഫ് സർക്കാർ ഇറക്കുന്നു.
● ഭൂമി ഏറ്റെടുക്കാനുള്ള പണം ബജറ്റിൽ ഇല്ലാത്തതുകൊണ്ട് തീരുമാനം മരവിക്കപ്പെടുന്നു.
● 2018 ൽ കിഫ്‌ബി കണ്ണൂർ ഭൂമി ഏറ്റെടുക്കൽ പാക്കേജ് അംഗീകരിക്കുന്നു. അതിൽ ആദ്യ ഇനമായി യുഡിഎഫ് അംഗീകരിച്ച 1000 ഏക്കറിന് പണം അനുവദിക്കുന്നു.
സുധാപിള്ള കമ്മിറ്റിയെ ഞാൻ കോടാലി കമ്മിറ്റി എന്ന് വിളിച്ചു എന്നാണ് ചിലരുടെ ആക്ഷേപം. സുധാപിള്ള സീനിയർ ഉദ്യോഗസ്ഥ ആയിരുന്നവർ അല്ലെ? ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ഗുരുതര ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിനുമുൻപ് ബാക്ക് ഫയലുകൾ എങ്കിലും നോക്കണ്ടേ? അതോ ഇന്നത്തെ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് കമ്മറ്റിക്ക് നൽകാതെ ഇരുന്നതാണോ? കമ്മറ്റി അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതാണോ? ഇപ്പോൾ ഏറ്റവും അവസാനം ഭൂമി ഏറ്റെടുത്തതിന് ഇത്രയധികം പഴികേട്ട കിഫ്ബിയെ പറ്റി പരാമർശം പോലും ഇല്ലാതെ കേന്ദ്ര സ്മാർട്ട് സിറ്റിക്ക് ഈ ഭൂമികൾ സമർപ്പിച്ച് മുഖ്യമന്ത്രി കയ്യടി നേടുന്നു.
ഒരൊറ്റ ചോദ്യം. കിഫ്‌ബി ഇല്ലായെങ്കിൽ ഈ സ്മാർട്സിറ്റികൾ ഉണ്ടോ


Click it and Unblock the Notifications
