പിടി ഉഷയ്‌ക്കെതിരെ തുറന്നടിച്ച് വിനേഷ് ഫോഗട്ട്: 'സഹായിച്ചില്ല, ഫോട്ടോ എടുത്തത് അനുമിതിയില്ലാതെ'
ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവി പി ടി ഉഷയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഒളിംപിക്സ് ഗുസ്തി താരവും ഹരിയാന നിയമഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായി വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിനിടെ ആശുപത്രി കിടക്കയിൽ വച്ച് തന്നോടൊപ്പം പിടി ഉഷ ഫോട്ടോ എടുത്തത് തന്റെ അനുമതിയില്ലാതെയാണെന്നും കാര്യമായ ഒരു സഹായവും നൽകാതെ വിഷയം രാഷ്ട്രീയവൽക്കരിച്ചുവെന്നുമാണ് വിനേഷ് ഫോഗട്ടിന്റെ ആരോപണം.
ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടർന്ന് വനിതകളുടെ 50 കിലോഗ്രാം ഗുസ്തി മത്സരത്തിന്റെ ഫൈനലില്‍ നിന്നും വിനേഷ് ഫോഗട്ട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ഗുസ്തി താരമായി മാറിയ വിനേഷിന് വെറുംകൈയോടെ മടങ്ങേണ്ടി വന്നു.

ഭാരം കുറയ്ക്കാനായി നടത്തിയ കഠിനശ്രമങ്ങളെ തുടർന്ന് ആരോഗ്യനില വഷളായ വിനേഷ് ഫോഗട്ടിനെ പാരീസി ഒളിമ്പിക്സ് വില്ലേജിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമയത്തായിരുന്നു ഐ ഒ എ മേധാവി പി ടി ഉഷ വിനേഷ് ഫോഗട്ടിന്റെ സന്ദർശിക്കുകയും എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. കൂടിക്കാഴ്ചയുടെ ഫോട്ടോ അവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും അത് വൈറലാവുകയും ചെയ്തിരുന്നു.
എന്നാൽ അസോസിയേഷനില്‍ നിന്ന് തനിക്ക് ശരിക്കുമുള്ള പിന്തുണ ലഭിച്ചില്ലെന്നും തൻ്റെ സമ്മതമില്ലാതെയാണ് ഫോട്ടോ എടുത്തതെന്നുമാണ് വിനേഷ് ഫോഗട്ട് ഇപ്പോള്‍ വ്യക്തമാക്കുന്നത്. "ഞാന്‍ ഒരു ആശുപത്രി കിടക്കയിലാണ്, പുറത്ത് ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൊന്നിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ആ സ്ഥലത്ത്, നിങ്ങൾ എന്നോടൊപ്പമാണ് നിൽക്കുന്നതെന്ന് എല്ലാവരേയും കാണിക്കാൻ, നിങ്ങൾ എന്നോട് പറയാതെ ഒരു ഫോട്ടോ ക്ലിക്കുചെയ്‌തു, എന്നിട്ട് നിങ്ങൾ എൻ്റെ കൂടെ നിൽക്കുന്നുണ്ടെന്ന് പറയാൻ സോഷ്യൽ മീഡിയയിൽ അതു പങ്കുവെച്ചു. അങ്ങനെയാണോ പിന്തുണ അറിയിക്കേണ്ടത്" ഒരു പ്രാദേശിക വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിനേഷ് ഫോഗട്ട് പറഞ്ഞു.
"എനിക്ക് എന്ത് പിന്തുണയാണ് അവിടെ ലഭിച്ചതെന്ന് എനിക്കറിയില്ല. പിടി ഉഷ മാഡം എന്നെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു ഫോട്ടോ ക്ലിക്കുചെയ്‌തു. ഇവിടെ രാഷ്ട്രീയത്തിൽ പലതും അടഞ്ഞ വാതിലുകൾക്ക് പിന്നിൽ നടക്കുകയാണ്. അതുപോലെ, അവിടെയും (പാരീസിൽ) രാഷ്ട്രീയം കളിച്ചു. അതുകൊണ്ടാണ് എൻ്റെ ഹൃദയം തകർന്നത്. 'ഗുസ്തി ഉപേക്ഷിക്കരുത്' എന്നാണ് പലരും പറയുന്നത്. ഞാൻ എന്തിനുവേണ്ടി തുടരണം! എല്ലായിടത്തും രാഷ്ട്രീയമുണ്ട്, "വിനേഷ് ഫോഗട്ട് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications