കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർക്കു ശേഷവും പ്രളയമുണ്ടാവില്ല, വിവാദത്തിന് അൽപ്പായുസ് മാത്രമേ ഉണ്ടാകൂയെന്ന് അശോകൻ ചെരുവിൽ

Google Oneindia Malayalam News

തിരുവനന്തപുരം: കെകെ ശൈലജയെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തിയതിനെ ചൊല്ലിയുളള വിവാദത്തിന് അൽപ്പായുസ് മാത്രമേ ഉണ്ടാകൂ എന്ന് സാഹിത്യകാരൻ അശോകൻ ചെരുവിൽ. നിയുക്ത മന്ത്രിമാരുടെ നിരയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ ആശങ്കക്ക് ഒരവകാശവുമില്ലെന്ന് അശോകൻ ചെരുവിൽ ഫേസ്ബുക്കിൽ കുറിച്ചു.

പ്രതികരണം വായിക്കാം: ശൈലജ ടീച്ചർ സ്ഥാനമൊഴിയുമ്പോൾ. കെ.കെ.ശൈലജ ടീച്ചർ ഉൾപ്പടെ നിലവിലുള്ള തങ്ങളുടെ മുഴുവൻ മന്ത്രിമാരെയും മാറ്റി പുതിയവരെ ഉൾപ്പെടുത്താനുള്ള സി.പി.ഐ.എം.തീരുമാനം ചർച്ചാ വിഷയമായിരിക്കുകയാണല്ലോ. ഇതൊരു പുതിയ വിവാദമായി കത്തിച്ചു നിറുത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ നിരാശപ്പെടും. ഈ വിവാദം അൽപ്പായുസ്സായിപ്പോവും എന്നാണ് ഞാൻ കരുതുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിലുണ്ടായിരുന്നവർ എത്ര പ്രഗൽഭരായിരുന്നു എന്ന കാര്യം ജനമനസ്സുകളിൽ ഒന്നുകൂടെ രജിസ്റ്റർ ചെയ്യാൻ മാത്രമേ ഈ ചർച്ച ഉതകുകയുള്ളു.
എല്ലാത്തരം അതിവൈകാരികതകളേയും മറികടന്ന് പുതിയവരെ പരീക്ഷിക്കാനും നിശ്ചയദാർഡ്യത്തെ മുന്നോട്ടുപോവാനുള്ള സി.പി.എം പാർടിയുടെ കഴിവിനെ അത് വ്യക്തമാക്കും.

തങ്ങൾ ജീവിതത്തിൻ്റെ അവലംബമായി കരുതിയ പ്രിയപ്പെട്ട മന്ത്രിമാർ മാറുമ്പോൾ ജനങ്ങൾക്ക് ഷോക്ക് ഉണ്ടാവുക സ്വാഭാവികമാണ്. ഡോ.തോമസ് ഐസക്കും, ജി.സുധാകരനും മറ്റും മത്സരിക്കാതിരുന്ന ഘട്ടത്തിലും ഇങ്ങനെയൊരു ഷോക്ക് ഉണ്ടായിരുന്നു. തുറന്നു പറയട്ടെ: ഐസക് മാറി നിന്നാൽ സംസ്ഥാനത്തിൻ്റെ സാമ്പത്തികാവസ്ഥ എന്താവും എന്ന് ഇതെഴുതുന്നയാൾ ശരിക്കും ആശങ്കപ്പെട്ടിരുന്നു. ഒരു നിലക്ക് ധനകാര്യം ആരോഗ്യമേഖലയേക്കാൾ പ്രധാനമാണല്ലോ. ഇതുപോലെ എം.എം.മണി, സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജൻ, എ.സി.മൊയ്തീൻ, ടി.പി.രാമകൃഷ്ണൻ, വി.എസ്.സുനിൽകുമാർ തുടങ്ങിയവർ മാറുന്നു എന്നു വന്നപ്പോഴും നിരാശയുണ്ടായിരുന്നു.

പക്ഷേ നിയുക്ത മന്ത്രിമാരുടെ നിരയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ ആശങ്കക്ക് ഒരവകാശവുമില്ല. മാത്രമല്ല പുതിയവർ കൂടുതൽ കരുതലോടൊയാവും ഇനി പ്രവർത്തിക്കുക. കെ.കെ.ശൈലജ ടീച്ചർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നത് എന്ന് പുതിയ ആരോഗ്യ വകുപ്പു മന്ത്രി നിശ്ചയമായും ഓർമ്മിക്കും. അടുത്ത അഞ്ചു വർഷം പിന്നിട്ട് തങ്ങൾ മാറുമ്പോൾ ഇന്നത്തേതുപോലെ ജനങ്ങളിൽ വൈകാരിക ക്ഷോഭമുണ്ടാക്കുക എന്നതായിരിക്കണം അവരുടെ ടാർജറ്റ്. സംഘടനാ രംഗത്തായാലും പാർലിമെൻ്ററി രംഗത്തായാലും മാറ്റം അനിവാര്യമാണ്. ബംഗാൾ നൽകുന്ന പാഠങ്ങളിൽ ഒന്ന് അതാണ്. ആർക്കു ശേഷവും പ്രളയമുണ്ടാവില്ല.

kk shailaja

മാറ്റാനും മാറാനുമുള്ള ഭയം കമ്യൂണിസ്റ്റു പാർടികളെ നീണ്ടകാലം സംഘടനാപരമായി മരവിപ്പിച്ചിട്ടുണ്ട്. എത്ര പ്രഗൽഭ/ൻ ആയാലും നീണ്ടകാലം ഒരു പദവിയിൽ ഇരിക്കുമ്പോൾ അയാൾക്കും മടുക്കും മറ്റുള്ളവർക്കും മടുക്കും. ഒരാൾ രണ്ടാമതും, പ്രത്യകിച്ച് ഇടവേളയില്ലാതെ മന്ത്രിയാവുന്നത് നന്നല്ല. ഇപ്പോഴത്തെ മന്ത്രിമാർ സ്വരം നന്നായിരിക്കുമ്പോഴാണ് പാട്ടുനിർത്തി ഇറങ്ങിയിരിക്കുന്നത്. അത് അവരുടെ ഭാഗ്യമെന്നേ പറയേണ്ടു. ഈയൊരു യശസ്സാടെയായിരിക്കും കാലം അവരെ ഓർമ്മിക്കുക.

ജനസേവനത്തിലും ജനപിന്തുണയിലും റിക്കാർഡ് സൃഷ്ടിച്ചു കൊണ്ടാണ് പ്രിയപ്പെട്ട ശൈലജ ടീച്ചർ മന്ത്രിസ്ഥാനത്തു നിന്ന് വിരമിക്കുന്നത്. മന്ത്രിമാർക്കു മാത്രമല്ല പൊതുരംഗത്തേക്കു വരുന്നവർക്കെല്ലാം അവരുടെ കർമ്മ നിരതജീവിതവും സ്നേഹവും കാരുണ്യവും ഒരു പാഠമാകേണ്ടതാണ്. സ്ത്രീകളെ ചുമതലകൾ ഏൽപ്പിക്കാൻ മടി കാണിക്കുന്ന ഒരു സമൂഹമാണല്ലോ നമ്മുടേത്. ഏൽപ്പിക്കട്ടെ ചുമതല ഏറ്റവും ഭംഗിയായി നിർവ്വഹിച്ച ഒരാളെന്നുള്ള നിലയിൽ അവർ പെൺവർഗ്ഗത്തിനു മുഴുവൻ നേതൃത്തത്തിലേക്കുള്ള വഴി തുറന്നു വെച്ചിരിക്കുന്നു. ഇത്തവണ മന്ത്രിസഭയിലേക്ക് മൂന്ന് വനിതാ അംഗങ്ങൾ ഒന്നിച്ചു വരുന്നത് ആ വഴിയിലൂടെയാണ്.

എം.എൽ.എ എന്ന നിലക്കുള്ള പ്രവർത്തനത്തിനു പുറമേ ടീച്ചർ പാർടി സംഘടനാ നേതൃത്തത്തിലേക്ക് കുറേകൂടി സജീവമായി വരണം എന്ന ആഗ്രഹം പ്രകടിപ്പിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ഇപ്പോൾ ടീച്ചർ പാർടിയുടെ കേന്ദ്രക്കമ്മിറ്റി അംഗമാണ്. പാർടി സമ്മേളനങ്ങൾ വരികയാണ്. കേരളത്തിൽ നിന്നും പാർടി പോളിറ്റ് ബ്യൂറോവിലേക്ക് എത്തുന്ന ആദ്യത്തെ വനിതയായി ടീച്ചർ തെരഞ്ഞെടുക്കപ്പെടട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പാർലിമെൻ്ററി രംഗത്ത് എന്നതിനേക്കാൾ ശോചനീയമാണ് രാഷ്ട്രീയസംഘടനാ നേതൃത്തത്തിലെ സ്ത്രീസാന്നിധ്യം. എല്ലാപാർടികളിലും ഈ സ്ഥിതിയാണുള്ളത്.

കമ്യൂണിസ്റ്റുപാർടികളിൽ ഒറ്റ ജില്ലാ സെക്രട്ടറിമാർ പോലും സ്ത്രീകൾ ഇല്ല എന്നത് അത്ര നല്ല കാര്യമല്ല. ഭരണരംഗത്ത് നിപുണയായ കെ.ആർ.ഗൗരിയമ്മ മുഖ്യമന്ത്രിയാവാഞ്ഞത് അവർ പാർടി നേതൃത്തത്തിൽ ഇല്ലായിരുന്നതു കൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. അത് അവരുടെ കുറ്റമല്ല. സ്ത്രീകളെ ഭദ്രമായ പദവികളിൽ മാത്രം ആലങ്കാരികമായി കൊണ്ടിരുത്തുക എന്ന സമീപനത്തിൻ്റെ ഇരയാണ് ഗൗരിയമ്മ. അധികാരം പാർളിമെൻ്ററിൽ മാത്രമാണെന്ന് ചില സ്ത്രീകളും തെറ്റിദ്ധരിക്കുന്നുണ്ടാവാം. ഒന്നാം പിണറായി മന്ത്രിസഭയിലെ സ്ഥാനമൊഴിയുന്ന മുഴുവൻ മന്ത്രിമാരുടേയും മുന്നിൽ കേരളം കൂപ്പുകൈയോടെ നിൽക്കുന്നു. നന്ദി പറയാൻ അവർക്കു വാക്കുകളില്ല. അതേസമയം പുതിയ നേതൃത്തത്തെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയും വരവേൽക്കുന്നു'.

English summary
Writer Asokan Charuvil agrees with CPM's decision of excluding KK Shailaja in new cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X