• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിക്കറ്റ് വീണു എന്നൊക്കെ എഴുതുന്നവരുടെ മനസ്സിനെ ബാധിച്ചത് അവരുടെ രാഷ്ട്രീയമെന്ന് അശോകൻ ചരുവിൽ

തിരുവനന്തപുരം: ക്യാൻസർ ബാധിതനായ കോടിയേരി ബാലകൃഷ്ണൻ അവധി എടുത്തത് പോലും രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം അടക്കമുളളവർ എന്നാണ് സിപിഎം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോടിയേരി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. പിന്നാലെയുളള ചർച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരനായ അശോകൻ ചരുവിൽ. ഫേസ്ബുക്കിലാണ് പ്രതികരണം.

രോഗവും രാഷ്ട്രീയവും എന്ന തലക്കെട്ടിലാണ് കുറിപ്പ്: '' രാഷ്ട്രീയമായി വ്യത്യസ്ത നിലപാട് സ്വീകരിക്കുമ്പോഴും മനുഷ്യത്വത്തിൻ്റെ അടിസ്ഥാന സംഗതിയായ ദയയും സഹാനുഭൂതിയും എല്ലാവരിലും ഉണ്ടാകും എന്നാണ് ഞാൻ ഇതുവരെ കരുതിയിരുന്നത്. പ്രത്യേകിച്ചും രോഗം ബാധിച്ചവരോടും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടുമുള്ള ദയാവായ്പ്. എൻ്റെ ധാരണകൾ അബദ്ധമാണെന്ന് തെളിയുകയാണോ?

ധാർമ്മിക മൂല്യങ്ങളും മനുഷ്യത്വവും കേവലം വ്യക്തിപരമല്ല; അത് തങ്ങൾ പിന്തുടരുന്ന രാഷ്ട്രീയത്തിൻ്റെയും സിദ്ധാന്തത്തിൻ്റെയും ഭാഗം തന്നെയാണ് എന്ന് വർത്തമാന കേരളം തെളിയിക്കുന്നു. ഒരാൾ ബി.ജെ.പി.യുടേയും ഇന്നത്തെ സംസ്ഥാന കോൺഗ്രസ് ഘടകത്തിൻ്റേയും നേതാവെങ്കിൽ അയാളിൽ നിന്ന് കരുണ പ്രതീക്ഷിക്കുന്നത് അബദ്ധം തന്നെയാണ്. വ്യക്തിപരമായ സവിശേഷതകൾ മനുഷ്യനിലുണ്ടാവുന്നത് അയാൾ പിന്തുടരുന്ന ജനാധിപത്യബോധത്തിൻ്റെയും പ്രത്യയശാസ്ത്രത്തിൻ്റെയും ഭാഗമായിട്ടാണ്.

കോടിയേരി ബാലകൃഷ്ണൻ എന്ന ജനനേതാവ് കുറച്ചു കാലമായി അർബുദ രോഗത്തിന് അടിമപ്പെട്ടാണ് ജീവിക്കുന്നതെന്ന് കേരളീയർക്ക് അറിയാം. അതിനായുള്ള ചികിത്സ നേരത്തേ നടത്തിയിരുന്നു. രോഗം കുറച്ച് ഭേദപ്പെട്ട് അദ്ദേഹം ചുമതലകളിലക്ക് തിരിച്ചു വന്നു. ഇപ്പോൾ വീണ്ടും അദ്ദേഹം ചികിത്സക്കായി അവധിയിൽ പ്രവേശിക്കുകയാണ്. സാധാരണ ഗതിയിൽ ഈ ഘട്ടത്തിൽ അദ്ദേഹത്തിന് ആശ്വാസവചനങ്ങളും സ്നേഹപിന്തുണയുമാണ് എല്ലാവരും നൽകേണ്ടത്. കാരണം കാൻസർ ചികിത്സക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് സഹജീവികളുടെ സ്നേഹമാണ്. പക്ഷേ പല കോണുകളിൽ നിന്നും അങ്ങനെയല്ല ഉണ്ടായത്.

അർബുദം എന്ന രോഗത്തിൻ്റെ പ്രത്യേകതകൾ കേരളീയരെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. ഒരിക്കൽ ആശ്വാസം കിട്ടിയാലും വീണ്ടും വീണ്ടും അത് കടന്നാക്രമിച്ചുകൊണ്ടിരിക്കും. അപ്പോഴൊക്കെ ചികിത്സ വേണ്ടി വരും. ഇക്കാര്യം നന്നായി അറിയാവുന്നവരിൽ ഒരാളാണ് ഈ ലേഖകൻ. എൻ്റെ സഹയാത്രിക കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി ഈ രോഗത്തിൻ്റെ പിടിയിലാണ്. കോവിഡ് എന്ന മഹാമാരിയുടെ ഇക്കാലത്ത് കാൻസർ രോഗികളുടെ ജീവിതം അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ്.

ഈ സന്ദർഭത്തിൽ ചികിത്സയും വിശ്രമവും മാറ്റിവെച്ച് ഒരാൾ സി.പി.ഐ.എം. പോലുള്ള ഒരു പാർടിയുടെ സാരഥിയായി ഇറങ്ങുക എന്നതിൻ്റെ അപകടം സാമാന്യബോധമുള്ളവർക്കെല്ലാം മനസ്സിലാവേണ്ടതാണ്. ഈ ഘട്ടത്തിൽ "വിക്കറ്റ് വീണു" എന്നൊക്കെ എഴുതുന്നവരുടെ മനസ്സിനെ ബാധിച്ചിരിക്കുന്നത് അവർ പിന്തുടരുന്ന രാഷ്ട്രീയമാണ്. എന്തായാലും യു.ഡി.എഫ്, ബി.ജെ.പി. നേതാക്കൾക്കും അവരുടെ നാവായി നിൽക്കുന്ന മാധ്യമങ്ങളിലെ അധിപന്മാർക്കും ബന്ധുക്കൾക്കും കാൻസർ എന്ന മാരകരോഗം വരാതിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു''.

English summary
Writer Asokan Charuvil reacts to discussions about Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X