കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെന്യാമിനെതിരെ നടക്കുന്നത് ഇടതുപക്ഷത്തെ പിന്തുണച്ചതിനാൽ; കേരളം അദ്ദേഹത്തിനൊപ്പമെന്ന് അശോകൻ ചെരുവിൽ

Google Oneindia Malayalam News

തിരുവനന്തപുരം; ഇടതുപക്ഷത്തിനൊപ്പം തെരഞ്ഞെടുപ്പു രംഗത്ത് പ്രത്യക്ഷപ്പെട്ട എഴുത്തുകാർക്കു നേരെ വലതുപക്ഷത്തിൻ്റെ ബുദ്ധികേന്ദ്രങ്ങൾ ആസൂത്രിതമായ ആക്രമണമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എഴുത്തുകാരൻ അശോകൻ ചെരുവിൽ.ഇഇതിൻ്റെ ഭാഗമാണ് എഴുത്തുകാരൻ ബന്യാമിനുനേരെ നടക്കുന്ന അപഹാസ്യമായ വിമർശനങ്ങൾ. ആർ.എസ്.എസും കോൺഗ്രസ്സും ഉൾപ്പെടുന്ന വലതുപക്ഷത്തിനാൽ ആക്രമിക്കപ്പെടുന്നു എന്നത് എഴുത്തുകാരുടേയും കലാകാരന്മാരുടെയും പ്രസക്തിയേയും പ്രതിഭയെയുമാണ് വെളിപ്പെടുത്തുന്നതെന്നും ബെന്യാമിനൊപ്പം കേരളം ഒന്നിച്ച് നിൽക്കുമെന്നും അശോകൻ ചെരുവിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

Benyamon and asokan charuvil

ബംഗർവാടി മുതൽ ആടുജീവിതം വരെ.
എല്ലാകാലത്തും എഴുത്തുകാർ അതതു ഘട്ടങ്ങളിലെ പുരോഗമനാശയങ്ങളുമായും ജനാധിപത്യ പ്രസ്ഥാനങ്ങളുമായും സഹകരിച്ചു പ്രവർത്തിക്കാറുണ്ട്. വിശ്വപ്രസിദ്ധ എഴുത്തുകാരായ വിക്ടർ ഹ്യൂഗോ, ടോൾസ്റ്റായി, ദസ്തയോവ്സ്കി എന്നിവരുടെ കൃതികളിലും ജീവിതത്തിലും അക്കാലത്തെ ഏറ്റവും പുരോഗമന ചിന്തയായ ക്രിസ്ത്യാനിറ്റിയുടെ സ്വാധീനം കാണം. 'പാവങ്ങളി'ലും 'ബ്രദേഴ്സ് കാരമസോവി'ലും ജീവിതമാതൃകകളായി വരുന്നത് മതപുരോഹിതന്മാരാണ്. കേരളത്തിലെ എഴുത്തുകാർ പണ്ടുമുതലേ ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്നു.

ഇടതുപ്രസ്ഥാനങ്ങളേയും അതിൻ്റെ ഭാഗമായ സംഘടനകളേയും അവർ വിമർശിക്കാറില്ല എന്നല്ല ഇതിനർത്ഥം. അവരുടെ വിമർശനം പോലും ആ പ്രസ്ഥാനത്തോടുള്ള അവരുടെ ആഭിമുഖ്യത്തെയാണ് വെളിപ്പെടുത്താറുള്ളത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചേടത്തോളം ഒരു ജീവന്മരണപോരാട്ടമായിരുന്നു. പ്രത്യേകമായ മത, ജാതി, സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങളുള്ളവർ ഒഴികെ എല്ലാവരും ഇടതുപക്ഷത്തെ പിന്തുണച്ചതായി തെരഞ്ഞെടുപ്പു ഫലം വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പു നടന്ന സമയത്ത് കേരളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരും കലാകാരന്മാരും ജനങ്ങൾക്കൊപ്പം നിന്നു എന്നത് വാസ്തവമാണ്. ചിലരാകട്ടെ തെരഞ്ഞെടുപ്പു പ്രചരണ രംഗത്തും സജീവമായി വന്നു.

ഇടതുപക്ഷത്തിനൊപ്പം തെരഞ്ഞെടുപ്പു രംഗത്ത് പ്രത്യക്ഷപ്പെട്ട എഴുത്തുകാർക്കു നേരെ വലതുപക്ഷത്തിൻ്റെ ബുദ്ധികേന്ദ്രങ്ങൾ ആസൂത്രിതമായ ആക്രമണമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതിൻ്റെ ഭാഗമാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബന്യാമിനുനേരെ നടക്കുന്ന അപഹാസ്യമായ വിമർശനങ്ങൾ. അദ്ദേഹത്തിൻ്റെ പ്രസിദ്ധ നോവലായ 'ആടുജീവിത'ത്തിന് മുഹമ്മദ് അസദിൻ്റെ ഇംഗ്ലീഷിലെഴുതപ്പെട്ട 'ദ റോഡ് ടു മെക്ക' എന്ന യാത്രാവിവരണ കൃതിയുമായി സാമ്യമുണ്ടെന്ന ദുരാരോപണമാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. റോഡ് ടു മക്ക എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള എം.എൻ.കാരശേരി മാഷ് തന്നെ ഈ ആരോപണം നിരാകരിച്ചിട്ടുണ്ട്. 'റോഡ് ടു മെക്ക'ക്കും 'ആടുജീവിത'ത്തിനുമുള്ള സാമ്യം രണ്ടുകൃതിയിലും മരുഭൂമി ചിത്രീകരിക്കപ്പെടുന്നുണ്ട് എന്നതാണ്! ഇത്തരം ദുരാരോപണങ്ങൾ മഹാപ്രതിഭകളായ എഴുത്തുകാർക്കു നേരെ കേരളത്തിൽ മുൻപും ഉണ്ടായിട്ടുണ്ട് എന്ന് നമ്മൾ ഓർക്കണം.

മലയാള നോവലിൻ്റെ ചരിത്രത്തിൽ വഴിത്തിരിവുണ്ടാക്കിയ കൃതിയാണ് ഒ.വി.വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം. 'ഖസാക്ക്' മറാത്തി നോവലായ 'ബംഗർവാഡി'യുടെ അനുകരണമാണെന്നായിരുന്നു ആരോപണം. കാരണം രണ്ടു നോവലിലും ഏകാധ്യാപകവിദ്യാലയം ചിത്രീകരിക്കപ്പെടുന്നുണ്ടത്രെ! മറ്റൊരു മോഷണാരോപണം ഉണ്ടായത് എക്കാലത്തും മലയാളിയുടെ പ്രിയപ്പെട്ട കവിതയായ 'മാമ്പഴ'ത്തിനു നേരെയാണ്. ഇത്തരം മോഷണാരോപണങ്ങളും കുറ്റാന്വേഷണങ്ങളും വിമർശനം എന്ന മഹത്തായ സാഹിത്യപദ്ധതിയെ വിലയിടിച്ചു കാട്ടുകയാണ് ചെയ്യുന്നത്. ഇമ്മട്ടിലുള്ള ദുരുപധിഷ്ടമായ ആരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ ചരിത്രമാണ് മലയാളത്തിനുള്ളത്.

എഴുത്തിലും വായനയിലും സാംസ്കാരിക പ്രവർത്തനത്തിലും ഇടതുപക്ഷത്തിന് ശക്തമായ മുൻകയ്യുള്ള ദേശമാണ് കേരളം. എന്നാൽ, കേരളത്തിലെ പുരോഗമ ജനാധിപത്യ മുന്നേറ്റങ്ങളുടെ ഏറ്റവും പ്രാധാനമായ പിൻബലം സാംസ്കാരികരംഗമാണ് എന്നു തിരിച്ചറിഞ്ഞ വലതുപക്ഷം എഴുത്തുകാർക്കും കലാകാരന്മാർക്കുമെതിരെ ആസൂത്രിതമായ കടന്നാക്രമണങ്ങൾ നടത്താറുണ്ട്. നവോത്ഥാനം മുതൽക്ക് കേരളത്തിൽ നടന്ന ജനാധിപത്യവൽക്കരണത്തിൻ്റെ ഭാഗമായി പ്രിവിലേജുകൾ നഷ്ടപ്പെട്ട കുറേ ഫ്യൂഡൽ അവിശിഷ്ടങ്ങൾ ഇവിടത്തെ സാംസ്കാരിക രംഗത്ത് ന്യൂനപക്ഷമായിട്ടെങ്കിലും ഉണ്ട്. അവരുടെ നേതൃത്തത്തിലാണ് ഇടതുപക്ഷ വിരുദ്ധ സാംസ്കാരിക നീക്കങ്ങൾ. ഇടതുവിരുദ്ധ നിലപാടിൻ്റെ വിഷപാത്രം കയ്യിലെടുത്തു നിൽക്കുന്ന ഇവിടത്തെ ചില വൻകിട മാധ്യമങ്ങൾ അവരെ പിന്തുണക്കുന്നു.

വിദ്യാർത്ഥിജീവിതം കാലം മുതലേ ഇടതുപക്ഷ, മനുഷ്യാവകാശ, അവർണ്ണപക്ഷ നിലപാടുകൾ സ്വീകരിക്കുകയും അതിനായുള്ള സാംസ്കാരിക പ്രവർത്തനങ്ങളിൽ കഴിയുംവിധം പങ്കാളിയാവുകയും ചെയ്ത എഴുത്തുകാരനാണ് ഈ ലേഖകൻ. അതിൻ്റെ ഭാഗമായി വലിയമട്ടിലുള്ള ആക്രമണങ്ങൾക്ക് വിധേയനായിട്ടുണ്ട്. ഇപ്പോഴും സാഹിത്യരംഗത്തു നിന്ന് എന്നെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ സമൂഹമാധ്യമത്തിലൂടെ നടക്കുന്നു. തൻ്റെ അസാമാന്യ ധീഷണകൊണ്ടും വാക്ചാതുരി കൊണ്ടും കേരളം അംഗീകരിക്കുകയും അങ്ങേയറ്റം ആദരിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് സുനിൽ പി.ഇളയിടം.

അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളും പുസതകങ്ങളും കേരളത്തിലെ സംഘപരിവാർ സാംസ്കാരിക നീക്കത്തിൻ്റെ അടിവേരു തകർക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ വലതുപക്ഷം കലിതുള്ളി നിൽക്കുകയാണ്. എത്രയെത്ര ഗുഡനീക്കങ്ങളും ദുരാരോപണങ്ങളുമാണ് സുനിലിനെതിരെ ഉന്നയിക്കപ്പെടുന്നത്. അതിൻ്റെ ഭാഗമായി യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിൻ്റെ ഓഫീസ് ആക്രമിക്കപ്പെട്ടു. എനിക്കു തോന്നുന്നത് ആർ.എസ്.എസ്, കോൺഗ്രസ്സ്, മറ്റു മതതീവ്രസംഘങ്ങൾ ഉൾപ്പെടുന്ന ഒരു 'സംയുക്ത മായാമഴവിൽ മുന്നണി' തന്നെ സുനിലിനെ ആക്രമിക്കാനായി രൂപീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ്.

ഇത്തരം നീക്കങ്ങളൊന്നും ഈ കേരളത്തിൽ വിലപ്പോവില്ല എന്ന് വലതു ഗുഡസംഘത്തെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ആർ.എസ്.എസും കോൺഗ്രസ്സും ഉൾപ്പെടുന്ന വലതുപക്ഷത്തിനാൽ ആക്രമിക്കപ്പെടുന്നു എന്നത് എഴുത്തുകാരുടേയും കലാകാരന്മാരുടെയും പ്രസക്തിയേയും പ്രതിഭയെയുമാണ് വെളിപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ചതിൻ്റെ പേരിൽ ആക്രമിക്കപ്പെടുന്ന ബന്യാമിനൊപ്പം കേരളം ഒന്നിച്ചു നിൽക്കും.

Recommended Video

cmsvideo
തോറ്റമ്പിയ കേരളാ BJP യിൽ ഇതാ കൂട്ടത്തല്ല്

English summary
Writer Asokan charuvil supports Benyamin says Kerala will stand with you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X