'ആ കളിപ്പേര് വിളിക്കരുതായിരുന്നു', ശബരീനാഥന് എംഎല്‍എയോട് മാപ്പ് ചോദിച്ച് ബെന്യാമിൻ
തിരുവനന്തപുരം: കെഎസ് ശബരീനാഥന് എംഎല്‍എയുമായി ഫേസ്ബുക്കില്‍ മുന്‍പ് നടന്ന വാക്പോരിന്റെ പേരില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരന് ബെന്യാമിന്. മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിതി വിശദീകരിക്കാന്‍ ദിവസവും 6 മണിക്ക് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയതിന് ആറ് മണിത്തളള് എന്ന് ശബരീനാഥന് അടക്കമുളള നേതാക്കള്‍ പരിഹസിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്കെതിരെ ബെന്യാമിന് രംഗത്ത് വന്നത്. തക്കുടുക്കുട്ടാ എന്നും തരത്തില്‍ പോയി കളിക്ക് എന്നും അടക്കമുളള പ്രയോഗങ്ങള്‍ ബെന്യാമിന് നടത്തിയിരുന്നു. ശബരിനാഥന് മറുപടിയുമായി എത്തുകയും വാക്പോര് കനക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് ബെന്യാമിന് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

പരിഹസങ്ങളിലും കളിയാക്കലുകളിലും
ഖേദപൂർവ്വം ഒരു കുറിപ്പ് എന്ന തലക്കെട്ടിലാണ് ബെന്യാമിന്റെ കുറിപ്പ്. വായിക്കാം: '' പ്രിയപ്പെട്ടവരേ, നമ്മിൽ ഭൂരിപക്ഷവും ഓരോരോ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരും അവയെ പിന്തുടരുന്നവരുമാണ്. അതുകൊണ്ടു തന്നെ പൊതുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയയിലും രാഷ്ട്രീയം പറയാൻ പ്രേരിതർ ആവുകയും ചെയ്യും. അത് ചിലപ്പോൾ വാക്കുകൾകൊണ്ടുള്ള ആക്രമണ പ്രത്യാക്രമണങ്ങളിലും പരിഹസങ്ങളിലും കളിയാക്കലുകളിലും ഒക്കെ ചെന്നു കലാശിക്കാറുമുണ്ട്. എന്നൽ അത് അവിടെ അവസാനിക്കേണ്ടതും തുടർന്നും വിദ്വേഷം വച്ചുപുലർത്തതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്.

കളിപ്പേര് വിളിച്ചാക്ഷേപിച്ചു
രാഷ്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനും കഴിയില്ല. ഇതിപ്പോൾ പറയാൻ ഒരു കാരണമുണ്ട്. കഴിഞ്ഞ വർഷം ഞാനും ശ്രീ. ശബരീനാഥൻ എം.എൽ.എ തമ്മിൽ ഉണ്ടായ കടുത്ത വാക്ക്പയറ്റ് ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ. അതിനിടയിൽ ഞാൻ തികച്ചും സന്ദർഭവശാൽ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി.

നിത്യസംഭവമായി മാറി
ആ വാക്കുതർക്കത്തിനിടയിൽ അപ്പോൾ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളിൽ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാൽ ആക്ഷേപങ്ങൾ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.

രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പ് ഉണ്ടാവാം
നമ്മുടെ രാഷ്രീയപരമായ എതിരഭിപ്രയങ്ങൾ പ്രകടിപ്പിക്കുവാൻ നമുക്ക് മറ്റ് മാർഗ്ഗങ്ങൾ ഉണ്ടല്ലോ. രാഹുൽ ഗാന്ധിയെ അമൂൽ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരൻ എന്നു വിളിക്കുന്നതിലും കെ. സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രിയത ഉണ്ട് എന്ന് ഞാൻ കരുതുന്നു. അതേ നിലപാട് തന്നെയാണ് ശബരീനാഥന്റെ കാര്യത്തിലും എനിക്കുള്ളത്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം.

ഒരു കൂട്ടായ ശ്രമം ഉണ്ടാവണം
എന്നാൽ അത് ചുമ്മതെ കളിപ്പേരുകൾ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്ന്നു പോകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ പരിഹാസം പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബാങ്ങൾക്കു നേരെയും അവരുടെ സന്തോഷ നിമിഷങ്ങൾക്ക് നേരെയും നീണ്ടു ചെല്ലുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്ന് എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.

നിർവ്യാജമായി ക്ഷമ ചോദിക്കുന്നു
എന്നുമാത്രല്ല, ഒട്ടും മനപൂർവ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയ പ്രവർത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതിൽ ശബരിയോട് നിർവ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എന്നെ വായിക്കുകയും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാവരും ദയവായി എന്റെ അഭ്യർത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ ബെന്യാമിൻ''.