'മികച്ച ഫലിതമേത്, പുളിച്ച ഫലിതമേതെന്ന് ഇന്ദ്രന്‍സിനറിയാം'; മന്ത്രി വിഎന്‍ വാസവനെതിരെ ശാരദക്കുട്ടി
തിരുവനന്തപുരം: മന്ത്രി വി എന്‍ വാസവന്‍ നടന്‍ ഇന്ദ്രന്‍സുമായി താരതമ്യം ചെയ്ത് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. അധികാര ഗര്‍വിനെ ഫലിതമായി കാണാന്‍ കഴിയില്ലെന്നും അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു.
ശരീരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നതിലെ അനൗചിത്യവും അശ്ലീലവും സാംസ്‌കാരിക വകുപ്പു മന്ത്രിയെ പഠിപ്പിക്കാന്‍ ഞാനാരുമല്ല. പക്ഷേ, ഒരുദാഹരണം കൊണ്ട് അതിലെ വൃത്തികേടും ഹുങ്കും കാണിച്ചു തരാമെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ഇത്തരം ഗര്‍വ്വുകള്‍ ഫലിതങ്ങളായി കാണാനാവില്ല. അവ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. 'ഞാനങ്ങനെത്തന്നെയാണ് , അമിതാഭ് ബച്ചന്റെ കുപ്പായം എനിക്ക് ചേരില്ല ' എന്ന് ഇന്ദ്രന്‍സ് പറഞ്ഞത് നിരക്ഷരതയോ അജ്ഞതയോ കൊണ്ടല്ല. മികച്ച വിദൂഷകന് വിപ്ലവകാരിയുമാകാമെന്ന് തിരിച്ചറിവുള്ള കാലത്ത് ജീവിക്കുന്ന ഒരാള്‍ക്ക് ദുഷ്പ്രഭുത്വത്തിന്റെ ഫ്യൂഡല്‍കാല ജീവികളുടെ ക്രൂരഫലിതങ്ങളോട് നിസ്സംഗവും നിര്‍മ്മമവുമായി പ്രതികരിക്കാനാകുമെന്ന് തെളിയിക്കുകയാണദ്ദേഹം ചെയ്തതെന്ന് ശാരദക്കുട്ടി പറഞ്ഞു. ശാരദക്കുട്ടിയുടെ വാക്കുകളിലേക്ക്..

ശരീരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നതിലെ അനൗചിത്യവും അശ്ലീലവും സാംസ്‌കാരിക വകുപ്പു മന്ത്രിയെ പഠിപ്പിക്കാന്‍ ഞാനാരുമല്ല. പക്ഷേ, ഒരുദാഹരണം കൊണ്ട് അതിലെ വൃത്തികേടും ഹുങ്കും കാണിച്ചു തരാം. വെണ്മണി മഹന്‍ നമ്പൂതിരിപ്പാട് വലിയ തമാശക്കവിയായിരുന്നല്ലോ.

ചിരിക്കാന്‍ ആശ്രിതര്‍ ചുറ്റിനുമുള്ളപ്പോഴാണല്ലോ വികടഫലിതങ്ങള്‍ ഉണ്ടാകുന്നത് തന്റെ ആശ്രിതനായ നാണുവിന് എന്തെങ്കിലും ജോലി ശരിയാക്കിക്കൊടുക്കണമെന്ന ഒരു ശുപാര്‍ശക്കത്ത് അന്നത്തെ ജഡ്ജിയായിരുന്ന ഒടുവില്‍ കുഞ്ഞിക്കൃഷ്ണ മേനോന് കവി ശ്ലോകരൂപത്തില്‍ കൊടുത്തയച്ചു . അത് നിരക്ഷരനായ പാവം നാണുവിന്റെ കയ്യില്‍ തന്നെയാണ് കൊടുത്തയക്കുന്നത്. കത്തിങ്ങനെയാണ്.

' തോണിപ്പള്ളക്കു തുല്യം കുടവയറുമഹോപര്‍പ്പടപ്പുല്ലിനേറ്റം
നാണം നല്‍കുന്ന ചപ്രക്കുടുമയുമിളിയും
തോല്‍ക്കുടം പോലെ മെയ്യും
കാണുംനേരത്തറപ്പാനിവ പല വിഭവം
ചേര്‍ത്തു തട്ടിപ്പടച്ചീ നാണൂനെ
ത്തീര്‍ത്ത , കഞ്ജാസനനതി-
സരസന്‍ നമ്മളെത്തീര്‍ത്തതല്ലോ'

ശരീരാധിക്ഷേപത്തിന് മികച്ച ഉദാഹരണമായ ഈ കത്തു കൊടുത്തയക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം പറഞ്ഞേല്‍പിക്കുവാന്‍ സരസകവി മറന്നില്ല. 'ജഡ്ജിയദ്ദേഹം കത്തു വായിക്കുന്നതിനിടയില്‍ മുഖത്തേക്ക് നോക്കിയാല്‍ ' തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം നേരാണേ' എന്ന് ഉണര്‍ത്തിക്കണം '. ജഡ്ജി ശ്ലോകം വായിച്ചു. നാണുവിനെ നോക്കി പൊട്ടിച്ചിരിച്ചു. നാണു പറഞ്ഞു,'തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം നേരാണേ ..'

ശുദ്ധമായ നമ്പൂതിരി ഫലിതത്തിനുദാഹരണമായി പി.മാധവന്‍ ഒരു പുസ്തകത്തിന്റെ അവതാരികയില്‍ പറയുന്നത് ഈ ശ്ലോകത്തെ കുറിച്ചാണ് .
ഇതിലടങ്ങിയിരിക്കുന്ന അധികാരഗര്‍വ്വിനെ അന്നത്തെ കാലം മികച്ചതെന്ന് വാഴ്ത്തിയിരിക്കും. പക്ഷേ ഇന്ന് ഇത്തരം ഗര്‍വ്വുകള്‍ ഫലിതങ്ങളായി കാണാനാവില്ല. അവ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

'ഞാനങ്ങനെത്തന്നെയാണ് , അമിതാഭ് ബച്ചന്റെ കുപ്പായം എനിക്ക് ചേരില്ല ' എന്ന് ഇന്ദ്രന്‍സ് പറഞ്ഞത് പഴയ നാണുവിനെ പോലെ, നിരക്ഷരതയോ അജ്ഞതയോ കൊണ്ടല്ല. മികച്ച വിദൂഷകന് വിപ്ലവകാരിയുമാകാമെന്ന് തിരിച്ചറിവുള്ള കാലത്ത് ജീവിക്കുന്ന ഒരാള്‍ക്ക് ദുഷ്പ്രഭുത്വത്തിന്റെ ഫ്യൂഡല്‍കാല ജീവികളുടെ ക്രൂരഫലിതങ്ങളോട് നിസ്സംഗവും നിര്‍മ്മമവുമായി പ്രതികരിക്കാനാകുമെന്ന് തെളിയിക്കുകയാണദ്ദേഹം ചെയ്തത്.

കരയാനും ചിരിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും തന്റെ ശരീരത്തെ ആയുധമാക്കുന്ന ഒരാളിന് ആറടിപ്പൊക്കമോ പ്രഖ്യാപിതമുഖലക്ഷണങ്ങളോ ആവശ്യമില്ല എന്നു തെളിയിച്ച മനുഷ്യനാണ് ഇന്ദ്രന്‍സ് . വങ്കത്തവും ഫലിതവും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കിയ ഒരു കലാകാരന്റെ ഏറ്റവും മികച്ച പ്രതികരണമായിരുന്നു അത്.

ജീവിതത്തിലുടനീളം ഹാസ്യവേഷങ്ങള്‍ ചെയ്ത ഇന്ദ്രന്‍സിനറിയാം , മികച്ച ഫലിതമേത്, പുളിച്ച ഫലിതമേത് എന്ന്. അധികാരാശ്ലീലങ്ങളെ നിര്‍മ്മമമായും നിസ്സംഗമായും നേരിടുന്നതിലൂടെ വിദൂഷകന് അവധൂതനുമാകാം എന്നു തെളിയിച്ച, അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി ബുദ്ധിപരമായി കൂവിയിട്ടുള്ള നമ്മുടെ മഹാവിദൂഷക പരമ്പരയിലെ വര്‍ത്തമാനകാല കണ്ണിയാണ് ഇന്ദ്രന്‍സ് .












Click it and Unblock the Notifications