എക്സ്ഇ-വകഭേദം: സജീവ ജാഗ്രത തുടരണമെന്ന് കേന്ദ്രമന്ത്രി, അവലോകന യോഗം വിളിച്ച് ചേർത്തു
ദില്ലി: കോവിഡ്-19-ന്റെ പുതിയ എക്സ്ഇ- വകഭേദത്തെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ രാജ്യത്തെ പ്രധാന ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തെ കോവിഡ് -19 കേസുകൾ അവലോകനം ചെയ്യുമ്പോൾ, പുതിയ വകഭേദങ്ങളുടെയും കേസുകളുടെയും നിരന്തരമായ നിരീക്ഷണവും ,ശ്രദ്ധയും വർദ്ധിപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളുടെയും, വിഭവങ്ങളുടെയും രംഗത്ത് , കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത നിരന്തരം അവലോകനം ചെയ്യാൻ ഡോ. മാണ്ഡവ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷൻ യജഞം പൂർണ്ണ വേഗതയിൽ നടത്തണമെന്നും അർഹരായ എല്ലാവർക്കും വാക്‌സിനേഷൻ നൽകണമെന്നും മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.

യോഗത്തിൽ ഡോ.വി.കെ. പോൾ, നീതി ആയോഗ് അംഗം (ആരോഗ്യം), ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേരിയ, ഐസിഎംആർ ഡിജി ഡോ ബൽറാം ഭാർഗവ, ഡോ. എൻ കെ അറോറ എന്നിവർക്ക് പുറമെ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അതേസമയം. ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 185.90 കോടി (1,85,90,68,616) പിന്നിട്ടു. 2,25,28,350 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.27 കോടി യിലധികം (2,27,48,406) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 27,401 ഡോസ് കരുതൽ വാക്സിനും നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുകയാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന് 10,889 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% മാത്രമാണ്. ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,258 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,04,329 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 796 പേര്‍ക്ക് മാത്രവുമാണ്.












Click it and Unblock the Notifications