• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിസിയുടെ തിരിച്ചുവരവും മാണി സാറിന്‍റെ 'വന്‍ വീഴ്ചയും'..ഇരട്ടച്ചങ്കിനെക്കുറിച്ച് വാഴ്ത്തിപ്പാടിയ 2016

  • By Sreenath PS

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ചിലര്‍ വീഴുമ്പോള്‍ മറ്റുള്ളവര്‍ അവരെ ചവിട്ടിക്കടന്നുപോകും. ഇതിനിടയില്‍ നിലനില്‍ക്കുക എന്നതാണു പ്രധാനം. മിക്ക മലയാളം രാഷ്ട്രീയ സിനിമകളിലും ഇത്തരത്തിലൊരു ഡയലോഗെങ്കിലും കാണും. സിനിമയ്ക്കു പുറത്തു യഥാര്‍ത്ഥ രാഷ്ട്രീയ ലോകത്തുമുണ്ട് വീണവരും വാഴുന്നവരും സ്ഥാനം നിലനിര്‍ത്തിയവരും വന്‍ തിരിച്ചുവരവുകള്‍ നടത്തിയവരും.

2016ലെ കേരള രാഷ്ട്രീയം ഇത്തരം വ്യക്തിപരമായ നിരവധി മാറ്റങ്ങളുടെ വേദികൂടിയായിരുന്നു. അവിടെ വന്‍ തിരിച്ചുവരവുകള്‍ നടത്തിയവരുണ്ട്. വീണു പോയവരുണ്ട്. വീഴ്ചയ്ക്കിടയിലും വലിയ പരുക്കേല്‍ക്കാതെ പിടിച്ചു നിന്നവരുണ്ട്. എല്ലാവരേയും ഞെട്ടിച്ചുകൊണ്ടു രംഗപ്രവേശം ചെയ്തവരുണ്ട്. തെരഞ്ഞെടുപ്പുകളും വിവാദങ്ങളുമാണ് എല്ലായ്‌പ്പോഴും രാഷ്ട്രീയത്തിലെ ഉയര്‍ച്ച താഴ്ചകള്‍ നിയന്ത്രിക്കുന്നത്. 2016ലും ഈ സ്ഥിതിക്കു മാറ്റമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെല്ലാം അതിനു മുന്‍പുയര്‍ന്ന വിവാദങ്ങളുടെ ആകെത്തുകയായിരുന്നു.

പിസീ.... ഡാ....

പിസീ.... ഡാ....

2016ല്‍ കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ശക്തമായ തിരിച്ചുവരവു നടത്തിയത് പിസി ജോര്‍ജ്ജ് തന്നെയാണ്. നല്ല അസ്സല്‍ കബാലി സ്റ്റൈല്‍ തിരിച്ചുവരവ്. ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ. പിസിയുടെ നാളുകള്‍ അവസാനിച്ചു എന്നു വിലയിരുത്തിയവരെ ഞെട്ടിച്ച് 63000ത്തോളെ വോട്ടുകള്‍ നേടിയാണ് പിസി നിയമസഭയിലും രാഷ്ട്രീയത്തിലും വന്‍ തിരിച്ചുവരവു നടത്തിയത്. മുന്‍ തട്ടകമായിരുന്ന യുഡിഎഫിന്‍റെ വോട്ടു ബാങ്ക് തകര്‍ത്തായിരുന്നു പിസിയുടെ വിജയം.

ചില്ലറയല്ല പിസിയുടെ ചങ്കൂറ്റം!

ചില്ലറയല്ല പിസിയുടെ ചങ്കൂറ്റം!

2016ല്‍ പിസി കാണിച്ച രാഷ്ട്രീയ ചങ്കൂറ്റം ചില്ലറയല്ല. യുഡിഎഫ് രാഷ്ട്രീയത്തിലെ ഒന്നാമന്‍ ഉമ്മന്‍ചാണ്ടിയെയും രണ്ടാമന്‍ കെഎം മാണിയേയും നേരിട്ടെതിര്‍ക്കാന്‍ പിസി തയാറായി. വലതു മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് മുന്നണിക്കെതിരേ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചു. ഇടതുവലതു മുന്നണികളെ ഒന്നിച്ചെതിര്‍ത്തു പരാജയപ്പെടുത്തി. യുഡിഎഫില്‍ നിന്നു പുറത്തായശേഷവും ബിജെപിയുടെ ക്ഷണം നിരസിച്ച് ഒറ്റയ്ക്കു നില്‍ക്കാന്‍ തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാനുള്ള സ്പീക്കറുടെ തീരുമാനത്തിനെതിരേ നിയമനടപടികളിലൂടെ വിജയിക്കുക, പിസിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അന്തസ്സായി രാജിവച്ചൊഴിഞ്ഞ് ജനവിധി തേടി.

18 വര്‍ഷത്തെ ഇടവേളക്കു ശേഷം പിണറായി വന്നിരിക്കുന്നു...

18 വര്‍ഷത്തെ ഇടവേളക്കു ശേഷം പിണറായി വന്നിരിക്കുന്നു...

പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തേക്കുള്ള പിണറായി വിജയന്റെ തിരിച്ചുവരവാണ് 2016ലെ ഗംഭീര തിരിച്ചുവരവുകളില്‍ മറ്റൊന്ന്. 1998ല്‍ നായനാര്‍ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയായ ശേഷം ലാവലിന്‍ ഇടപാടിന്റെ പേരില്‍ 18വര്‍ഷത്തോളം പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തു നിന്നു മാറി നിന്നു. കോടതി അനുകൂലമായി വിധിച്ചിട്ടും കേസ് പുനരാരംഭിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചു. ടിപി ചന്ദ്രശേഖരന്‍ വധം അടക്കമുള്ള വിഷയങ്ങളിലും പ്രതിസ്ഥാനത്തു നിര്‍ത്തി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലുള്ള വിജയം. പാര്‍ട്ടിക്കുള്ളിലേയും മുന്നണിയിലേയും എതിര്‍പ്പുകള്‍ മറികടന്നു മുഖ്യമന്ത്രിയായി തിരിച്ചുവരവ് ഗംഭീരമാക്കി

രാജേട്ടനൊപ്പം വിരിഞ്ഞ താമര...

രാജേട്ടനൊപ്പം വിരിഞ്ഞ താമര...

കേന്ദ്ര മന്ത്രിസ്ഥാനം വരെയെത്തിയിട്ടും കേരള രാഷ്ട്രീയത്തില്‍ പിന്തുണ തെളിയിക്കാന്‍ സാധിക്കാതിരുന്ന ഒ രാജഗോപാലിന്റെ തിരിച്ചുവരവും അതിലൂടെയുള്ള ബിജെപിയുടെ ചുവടുറപ്പിക്കലും പ്രധാനമാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തിവയ്ക്കപ്പെട്ടതാണു രാജഗോപാലിന്റെ വിജയം. കേരള നിയമസഭയിലെത്തിയ ആദ്യ ബിജെപി പ്രതിനിധി. ബിജെപിയുടെ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവായ അദ്ദേഹം കേരളത്തില്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ വിവിധ സീറ്റുകളില്‍ മത്സരിച്ചെങ്കിലും 2016ല്‍ നേമം മണ്ഡലമാണ് അദ്ദേഹത്തിന്റെ പ്രാതിനിധ്യം അംഗീകരിച്ചത്.

കാലത്തിന്‍റെ കാവ്യനീതിയായി ബാബുവിന്‍റെ തോല്‍വി

കാലത്തിന്‍റെ കാവ്യനീതിയായി ബാബുവിന്‍റെ തോല്‍വി

സിപിഎമ്മിലെ അതികായനായ എംഎം ലോറന്‍സിനെ പരാജയപ്പെടുത്തിയാണു തുടക്കക്കാരനായ കെ ബാബു 1991ല്‍ തൃപ്പൂണിത്തുറയില്‍ നിന്നു നിയമസഭയിലെത്തുന്നത്. 2016ലെ തെരഞ്ഞെടുപ്പുവരെ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഏറ്റവും കരുത്തനായ മന്ത്രി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാര്‍ കോഴ ആരോപണത്തിന്റെ നിഴലില്‍ മത്സരിച്ച അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. തുടക്കക്കാരനായ എം സ്വരാജിനു മുന്നിലാണ് അതികായനായ ബാബുവിന്റെ പതനം എന്നതു കാലത്തിന്റെ കാവ്യ നീതി.

തുടക്കം പിഴച്ച് ജയരാജന്‍

തുടക്കം പിഴച്ച് ജയരാജന്‍

സിപിഎം രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്ര കമ്മറ്റി അംഗമായ ജയരാജന്‍ മന്ത്രിയാകും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ വളരെ വേഗത്തിലായിരുന്നു ജയരാജന്റെ വീഴ്ച. ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ നാക്കു പിഴയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജുമായുണ്ടായ അഭിപ്രായ വ്യത്യാസവും തുടക്കത്തിലേ കല്ലു കടിയായി.

ബന്ധുക്കളിലൂടെ 'രാജി' യോഗം...

ബന്ധുക്കളിലൂടെ 'രാജി' യോഗം...

തുടക്കം പിഴച്ച ജയരാജന്‍ തിരികെ ട്രാക്കിലെത്താനുള്ള ശ്രമത്തിനിടെയാണ് ബന്ധു നിയമനത്തിന്റെ പേരില്‍ വിവാദം ശക്തമാകുന്നത്. പ്രതിപക്ഷവും മുന്നണിയും പാര്‍ട്ടിക്കത്തുനിന്ന് ഒരു വഭാഗവും ജയരാജനെതിരെ രംഗത്തെത്തി. ഇതോടെ പാര്‍ട്ടി ജയരാജന്റെ രാജിയാവശ്യപ്പെട്ടു. രാജിക്കു ശേഷം ജയരാജനും പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസം ശക്തമാണെന്നാണു വാര്‍ത്തകള്‍.

ജനവിധിയില്‍ അടിപതറിയ അതികായന്മാര്‍

ജനവിധിയില്‍ അടിപതറിയ അതികായന്മാര്‍

എന്‍ ശക്തന്‍, എപി അബ്ദുള്ളക്കുട്ടി, എംവി ശ്രേയാംസ്‌കുമാര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, സിപി മുഹമ്മദ്, ഡൊമനിക് പ്രസന്റേഷന്‍, ജോസഫ് വാഴയ്ക്കന്‍, പിസി വിഷ്ണുനാഥ്, സാജു പോള്‍, അഡ്വ ശിവദാസന്‍ നായര്‍, ഷിബു ബേബിജോണ്‍, വി ശിവന്‍കുട്ടി, കെപി ധനപാലന്‍... 2016ലെ തെരഞ്ഞെടുപ്പു പരീക്ഷയില്‍ വീണുപോയത് നിരവധി അതികായന്മാരാണ്.

മണി 'ആശാന്‍' മന്ത്രിയായേ...

മണി 'ആശാന്‍' മന്ത്രിയായേ...

2016ല്‍ ഏറ്റവും അപ്രതീക്ഷിതമായ കടന്നു വരവു നടത്തിയത് ഇടുക്കിക്കാരുടെ സ്വന്തം മണിയാശാനല്ലാതെ മറ്റാരുമല്ല. വിവാദ പരാമര്‍ശങ്ങളിലൂടെയും ആരോപണങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമെങ്കിലും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എന്നതിനപ്പുറം സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ സ്ഥാനം സ്വന്തമാക്കാന്‍ 50 വര്‍ഷം കാത്തിരിക്കേണ്ടി വന്നു എം.എം. മണിക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തേക്കുള്ള വരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

മുഹ്സിനില്‍ തുടങ്ങുന്ന യുവനിര

മുഹ്സിനില്‍ തുടങ്ങുന്ന യുവനിര

മുഹമ്മദ് മുഹ്‌സിനും പ്രതിഭാ ഹരയും അടക്കമുള്ള യുവ നിര നടത്തിയ മുന്നേറ്റവും 2016ലെ പ്രധാന രാഷ്ട്രീയ മാറ്റമാണ്. അനില്‍ അക്കര, വിആര്‍ സുനില്‍കുമാര്‍, എല്‍ദോ എബ്രഹാം, എന്‍ ഷംസീര്‍, എം സ്വരാജ് തുടങ്ങിയ യുവ നിരയുടെ കടന്നുവരവിനും 2016 സാക്ഷിയായി.

മൂലയിലൊതുങ്ങി വിഎസ്

മൂലയിലൊതുങ്ങി വിഎസ്

കേരള രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളായ വിഎസ് അച്യുതാനന്ദനും കെഎം മാണിക്കും 2016 നിര്‍ണായകമായിരുന്നു. പാര്‍ട്ടിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നു വിഎസ് പാര്‍ട്ടി വിടുമെന്നും അദ്ദേഹത്തെ പുറത്താക്കുമെന്നും വരെ 2015 അവസാനം സാഹചര്യങ്ങള്‍ ചെന്നെത്തി. എന്നാല്‍ 2016ലെ തെരഞ്ഞെടുപ്പില്‍ വിഎസിനെ മുന്നില്‍ നിര്‍ത്തിത്തന്നെ എല്‍ഡിഎഫ് ഭരണം പിടിച്ചു. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്കു വിഎസിന്റെ പേരു നിര്‍ദേശിച്ചെങ്കിലും സംസ്ഥാന നേതൃത്വം എതിര്‍ത്തു. സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവിനു വേണ്ടി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന കാബിനറ്റ് പദവി സൃഷ്ടിക്കപ്പെട്ടു. അധികാര മോഹിയായ നേതാവ് എന്ന ആരോപണവും പേറി കമ്മിഷന്‍ ചെയര്‍മാന്റെ കസേരയിലേക്ക് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോ ഒതുങ്ങുന്ന കാഴ്ചയാണ് 2016 അവസാനിക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത്.

മാണി സാറിനു വരുമോ നല്ലകാലം ?

മാണി സാറിനു വരുമോ നല്ലകാലം ?

യുഡിഎഫ് രാഷ്ട്രീയത്തിലെ രണ്ടാമനായിരുന്ന മാണി സാറിന് തിരിച്ചടികളുടെ വര്‍ഷമാണ് 2016. ബാര്‍ കോഴ ആരോപണത്തെത്തുടര്‍ന്നു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും യുഡിഎഫുമായി ഉണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകാനുള്ള തീരുമാനം കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഒറ്റപ്പെടല്‍ തന്നെയാണ്. ഒറ്റയ്ക്കു നില്‍ക്കുന്ന മാണിയും കേരള കോണ്‍ഗ്രസും നിര്‍ണായകമായ രാഷ്ട്രീയ സാഹചര്യങ്ങളെ എത്രകണ്ട് അതിജീവിക്കും എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. 2016 അവസാനിക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ പ്രത്യേകിച്ചൊരു രാഷ്ട്രീയ പ്രാധാന്യവും അവകാശപ്പെടാനില്ലാത്ത ഒരു എംഎല്‍എയും കക്ഷി നേതാവും മാത്രമാണ് കെ.എം. മാണി. അതേ സമയം ബാര്‍കോഴക്കേസിലെ പുതിയ സംഭവ വികാസങ്ങള്‍ മാണിക്കനുകൂലമാണ് എന്നതും കാണാതിരുന്നുകൂടാ. മാത്രമല്ല ബിഡിജെഎസുമായി ചേര്‍ന്നു വിപൂലീകരിച്ച എന്‍ഡിഎ കേരള ഘടകത്തിന്റെ വാതിലുകള്‍ മാണിക്കു മുന്നില്‍ തുറന്നു കിടക്കുന്നുമുണ്ട്.

English summary
PC George and Pinarayi Vijayan made a big resurrection to the parliamentary politics in Kerala. K Babu and EP Jayarajan faced big set back. But MM Mani won unexpected gain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more