Get Updates
Get notified of breaking news, exclusive insights, and must-see stories!

പുസ്തകം വായിച്ചല്ല കോണ്‍ഗ്രസാകേണ്ടത്; തലപ്പൊക്കം താഴെവച്ചിട്ട് തെരുവിറങ്ങൂ: തരൂരിന് രൂക്ഷവിമര്‍ശനം

കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ വരെ വലിയ തലക്കെട്ടില്‍ കൊടുത്ത ശശി തരൂര്‍ എംപിയുടെ വിവാദ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം പുകയുന്നു. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ രൂക്ഷമായ വിമര്‍ശിച്ചു കൊണ്ടായിരുന്നു ശശി തരൂര്‍ എംപിയുടെ ലേഖനം. കുടുംബാധിപത്യ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും യോഗ്യതയ്ക്ക് അനുസരിച്ച് ഭരണം ലഭിക്കണമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയില്‍ ശശി തരൂരില്‍ നിന്നുണ്ടായ ഈ വിവാദ പരാമര്‍ശം ബിജെപിക്ക് വീണു കിട്ടിയ ഏറ്റവും വലിയ ആയുധമായി. ശശി തരൂരിനെ പുകഴ്ത്തി നിരവധി ബിജെപി നേതാക്കള്‍ രംഗത്ത് വരികയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ബിജെപിയുമായി ഏറെ അടുത്തു നില്‍ക്കുന്ന ശശി തരൂരിനെതിരെ കേരളത്തിലെ നേതാക്കളും വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപിയിലേക്ക് ശശി തരൂര്‍ പോകുമെന്ന അഭ്യൂഹങ്ങളും ഉണ്ടായി. ഇപ്പോഴിതാ ശശി തരൂരിന്റെ ലേഖനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഡോക്ടര്‍ ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ എഴുതിയ ലേഖനവും ചര്‍ച്ചയാവുകയാണ്.

ശശി തരൂറിന്റെ പേര് നേരെ പരാമര്‍ശിക്കാതെ മുന വച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. തന്റെ അപ്പന്‍ മുതല്‍ മക്കള്‍ വരെ കോണ്‍ഗ്രസ് ആണെന്നും പുസ്തകം എഴുതിയും വായിച്ചും മാത്രമല്ല കോണ്‍ഗ്രസുകാരന്‍ ആകേണ്ടതെന്നും അതിനായി തെരുവിലേക്ക് ഇറങ്ങണമെന്നും ജിന്റോ ജോണ്‍ ഓര്‍മിപ്പിക്കുന്നു. എന്തെങ്കിലും 'തരു'മോ എന്ന് കാതോര്‍ത്തുകൊണ്ട് ബിജെപിക്ക് വേണ്ടി പേനയുന്തുന്നുവെന്ന രൂക്ഷ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. ഞാനെന്തൊക്കെയോ ആണെന്നുള്ള തലപ്പൊക്കം താഴെ വെച്ചിട്ട് തെരുവിലിറങ്ങി നടക്കാനും അപ്പോള്‍ കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം എത്ര ആഴത്തില്‍ ഊന്നിയതാണെന്ന് മനസിലാകും എന്നും ഫേസ്ബുക് പോസ്റ്റ് പറയുന്നു

tharoor

ശശി തരൂരിനെ വിമര്‍ശിച്ചുള്ള ഡോ. ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ അപ്പന്‍ ജോണ്‍ കോണ്‍ഗ്രസുകാരനാണ്, ഇപ്പോഴും ഇനിയെന്നും. ഞാനും കോണ്‍ഗ്രസുകാരനാണ്, മരണംവരെ. എന്റെ സഹോദരങ്ങള്‍ കോണ്‍ഗ്രസുകാരാണ്, കുടുംബാംഗങ്ങളും. എന്റെ പങ്കാളി കോണ്‍ഗ്രസാണ്. എന്റെ മക്കള്‍ കോണ്‍ഗ്രസുകാര്‍ ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. കാരണം അവര്‍ എന്നെ കണ്ടാണ് വളരുന്നത്.

കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തില്‍ ഒരു കണ്ണിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത്തരം ലെഗസി പേറുന്ന കോടിക്കണക്കിന് കുടുംബങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടിത്തറയാണ്. കോണ്‍ഗ്രസ് കുടുംബ പാരമ്പര്യം അവകാശപ്പെടാനോ അഭിമാനിക്കാനോ കഴിയാത്തവര്‍ക്കത് മനസിലാക്കണമെന്നില്ല.

പുസ്തകമെഴുതിയും വായിച്ചും മാത്രമല്ല കോണ്‍ഗ്രസാകേണ്ടത്. ഇന്ത്യയെ കണ്ടെത്തിക്കൊണ്ടാകണം. ഗാന്ധിയെയും നെഹ്റുവിനെയും മറ്റനേകം മനുഷ്യരെയും പോലെ. അതിന് ലൈബ്രറിയിലെ കോണ്‍ഗ്രസില്‍ നിന്ന് തെരുവിലെ കോണ്‍ഗ്രസിലേക്ക് ഒരുപാട് വളരാനുണ്ട്. ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാം, പക്ഷേ സംഘപരിവാര്‍ വിരുദ്ധ ഗാന്ധിയന്‍ കോണ്‍ഗ്രസാകാന്‍ പ്രത്യയശാസ്ത്രം ബോധ്യമുണ്ടാകണം. ഏത് തകര്‍ച്ചയിലും തളരാതെ, തലകുനിക്കാതെ പോരാടാന്‍ നെഹ്റുവിയന്‍ കോണ്‍ഗ്രസാകണം. അക്കാര്യത്തില്‍ തരിമ്പും കുറവില്ലാത്തവരാണ് ഇന്ത്യയില്‍ നെഹ്‌റു കുടുംബം.

നില്‍ക്കുന്ന ഇടം മറന്ന് മറ്റാരൊക്കെ സംഘപരിവാര്‍ ചാണക വരളിക്ക് മുന്നില്‍ തലകുനിച്ചാലും, അവര്‍ ഒരിക്കലും സംഘപരിവാര്‍ ആകില്ല എന്നുള്ള ഉറച്ച ബോധ്യമുള്ള ഒരു കോണ്‍ഗ്രസുകാരനാണ് ഞാന്‍. അത് തന്നെയാണ് കോണ്‍ഗ്രസുകാര്‍ എന്നുള്ളതില്‍ നെഹ്റു കുടുംബത്തിന് കിട്ടുന്ന ഏറ്റവും വലിയ പ്രിവിലേജും. എന്തെങ്കിലും 'തരു'മോ എന്ന് കാതോര്‍ത്തുകൊണ്ട് ബിജെപിക്ക് വേണ്ടി പേനയുന്തുന്നവര്‍ക്ക് അത് മനസിലാകണമെന്നില്ല.

പഞ്ചനക്ഷത്ര ഹോട്ടലുകളും ശീതളഛായയും അധികാര അലങ്കാരങ്ങളും ആര്‍ഭാട ആടയാഭരണങ്ങളും ഇല്ലാതെ തെരുവിലിറങ്ങി മനസിലാക്കണം കോണ്‍ഗ്രസ് എന്താണെന്ന്... പുസ്തകത്തിലെ ഗാന്ധിയല്ല മനുഷ്യരിലെ ഗാന്ധിയെന്നും. മനുഷ്യരിലേക്ക് പടരുന്ന ഗാന്ധിയെ കാണാന്‍ ഇന്നെളുപ്പം നെഹ്റു കുടുംബം തന്നെയാണ്. താനെന്തൊക്കെയോ ആണെന്നുള്ള തലപ്പൊക്കം താഴെ വച്ചിട്ട് തെരുവിറങ്ങി ഒന്ന് നടക്ക് മനുഷ്യാ നിങ്ങള്‍. അപ്പോഴറിയാം കോണ്‍ഗ്രസ്സിന്റെ കുടുംബാധിപത്യം എത്ര ആഴത്തില്‍ വേരൂന്നിയത് ആണെന്ന്. കോണ്‍ഗ്രസാണ് ഞങ്ങള്‍ക്ക് കുടുംബം. ഇന്ത്യയിലെ എല്ലാ വൈവിധ്യങ്ങളും കോര്‍ത്തുപിടിക്കുന്ന കൂട്ടുകുടുംബം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+