ട്രെയിന്‍ യാത്രക്കിടെ യുവഡോക്ടര്‍ക്ക് നേരെ പീഡനശ്രമം; പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട് റെയില്‍വേ പൊലീസ്
കാസര്‍കോഡ്: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം. ചെന്നൈയില്‍ നിന്ന് മംഗളൂരിലേക്ക് പോകുന്ന ചെന്നൈ എക്സ്പ്രസില്‍ വെച്ചായിരുന്നു ലൈംഗികാതിക്രം എന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. യുവ ഡോക്ടറുടെ പരാതിയില്‍ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അക്രമിയുടെ ചിത്രം ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതോടെ പ്രതി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. തലശ്ശേരിയില്‍ നിന്നാണ് ഇയാള്‍ ട്രെയിന്‍ കയറിയത് എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ ചിത്രം റെയില്‍വേ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണം എന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.

സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ 9497981124 എന്ന മൊബൈല്‍ നമ്പറില്‍ വിവരം അറിയിക്കാം എന്നും പൊലീസ് വ്യക്തമാക്കി. ആദ്യം മോശമായി പെരുമാറിയപ്പോള്‍ താക്കീത് കൊടുത്തിരുന്നു എന്നും എന്നാല്‍ സീറ്റില്‍ ഇരുന്നിട്ടും മോശമായി പെരുമാറുകയായിരുന്നു എന്നുമാണ് യുവ ഡോക്ടര്‍ തന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
മംഗളൂരുവില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന യുവ ഡോക്ടറാണ് പരാതിക്കാരി. ആദ്യം തന്റെ സ്വകാര്യഭാഗത്ത് ഇയാള്‍ സ്പര്‍ശിച്ചു എന്ന് യുവതി പറയുന്നു. അപ്പോള്‍ തന്നെ ഇയാളോട് പ്രതികരിച്ചിരുന്നു. പിന്നീട് സീറ്റില്‍ ഇരുന്നപ്പോഴും ഇദ്ദേഹം മോശമായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications