സിനിമയിലെ രംഗങ്ങൾ അറംപറ്റി, കൊല്ലത്ത് യുവനടന് ദാരുണാന്ത്യം! അന്ത്യനിമിഷങ്ങൾ തനിയാവർത്തനം!
കൊല്ലം: സിനിമയില്‍ അഭിനയിച്ച രംഗങ്ങള്‍ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും ആവര്‍ത്തിച്ച് യുവനടന് ദാരുണമായ മടക്കം. യുവനടനായ ഗോഡ്‌ഫ്രെ കഴിഞ്ഞ ദിവസമാണ് തൃക്കടവൂരില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മരണമടഞ്ഞത്.
ഗോഡ്‌ഫ്രെ അഭിനയിച്ച സിനിമയിലെ മരണരംഗം പോലെ തന്നെ ആയിരുന്നു ജീവിതത്തിലെ അന്ത്യവും എന്നാണ് വീട്ടുകാരേയും സുഹൃത്തുക്കളേയും ഏറ്റവും നോവിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ സിനിമയിലെ രംഗങ്ങള്‍ അറംപറ്റിയത് പോലെ...

സിനിമ സ്വപ്നം കണ്ട യുവാവ്
കൊല്ലം ചവറയിലെ പിജെ ഹൗസില്‍ റിട്ടയേര്‍ഡ് എസ്‌ഐ ആയ ജോണ്‍ റോഡ്രിഗസിന്റെ മകനാണ് യുവനടനായ ഗോഡ്‌ഫ്രെ. സിനിമ സ്വപ്‌നം കണ്ട് നടന്ന യുവാവ്. ദ ലവേഴ്‌സ് എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ നായകന്‍ ആയിരുന്നു ഗോഡ്‌ഫ്രെ. തന്റെ സുഹൃത്തായ ഷൈജുവുമായി ചേര്‍ന്ന് ഗോഡ്‌ഫ്രെ തന്നെയാണ് നാല് വര്‍ഷം മുന്‍പ് ഈ സിനിമ നിര്‍മ്മിച്ചത്.

സിനിമയിലെ നായകനും മരണം
ഈ സിനിമയില്‍ നായക കഥാപാത്രം വാഹനാപകടത്തില്‍ മരണപ്പെടുകയാണ്. നായകന്‍ ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ഈ രംഗം ചിത്രീകരിച്ചതാകട്ടെ കരുനാഗപ്പളളിയിലാണ്. ഗോഡ്‌ഫ്രെയുടെ വീട്ടില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലം മാത്രമുളള ഇടം.

ബൈക്ക് അപകടം
കഴിഞ്ഞ ദിവസം ബൈക്കില്‍ പ്രാക്കുളത്തെ ബന്ധുവിട്ടില്‍ പോയി മടങ്ങവെയാണ് ഗോഡ്‌ഫ്രെ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിന് സമീപത്തുളള വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. രാത്രി നീരാവില്‍ പൊട്ടന്‍മുക്കിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.

രക്തം വാര്‍ന്നൊഴുകി റോഡില്‍ കിടന്നു
അപകടത്തില്‍ ഗോഡ്‌ഫ്രെയുടെ ഹെല്‍മെറ്റ് തകര്‍ന്നു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി റോഡില്‍ കിടന്ന ഗോഡ്‌ഫ്രെയെ ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ അതുവഴി വന്ന കെഎസ്ഇബി ജീവനക്കാരനായ വ്യക്തി ഗോഡ്‌ഫ്രെയ്ക്ക് കൃത്രിമശ്വാസം നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തി.

ജീവൻ രക്ഷിക്കാനായില്ല
അതിന് ശേഷം സ്ഥലത്ത് എത്തിയ ചില യുവാക്കളാണ് ഓട്ടോറിക്ഷയില്‍ കയറ്റി ഗോഡ്‌ഫ്രെയെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഗോഡ്‌ഫ്രെ ജീവന്‍ വെടിഞ്ഞിരുന്നു. ഇന്നലെ ചവറ തലമുകള്‍ സെന്റ് അഗസ്റ്റിന്‍ പളളിയില്‍ ഗോഡ്‌ഫ്രെയുടെ മൃതദേഹം സംസ്‌ക്കരിച്ചു.

അന്ത്യനിമിഷങ്ങളും നോവ്
ആ അന്ത്യനിമിഷങ്ങളും ഗോഡ്‌ഫ്രെയുടെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും കൂടുതല്‍ നോവായി. ദ ലവേഴ്‌സ് എന്ന ചിത്രത്തില്‍ നായകന്റെ മൃതദേഹം പളളിയിലേക്ക് എത്തിച്ച ആംബുലന്‍സ് ഡ്രൈവറായി വേഷമിട്ടത് ചവറ സ്വദേശിയായ അബ്ദുള്‍ സലീം ആയിരുന്നു. സലീം തന്നെ ആ കര്‍മം ജീവിതത്തിലും ചെയ്തു. സിനിമയില്‍ നായകന്റെ മൃതദേഹത്തെ ധരിപ്പിച്ച വസ്ത്രം തന്നെ ഗോഡ്‌ഫ്രെയെ അണിയിച്ചതും നോവുന്ന കാഴ്ചയായി.












Click it and Unblock the Notifications