'വിവസ്ത്രനാക്കി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി'; രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്
കോഴിക്കോട്: സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വീണ്ടും പീഡന പരാതി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് യുവാവ് പരാതി നല്‍കി. സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. 2012 ല്‍ ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി.
സിനിമയില്‍ അവസരം ചോദിച്ചെത്തിയതായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവ്. ബാവുട്ടിയുടെ നാമത്തില്‍ എന്ന് സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് രഞ്ജിത്തിനെ പരിചയപ്പെട്ടതെന്ന് യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ യുവാവിന് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. പിന്നീട് ഈ നമ്പറിലേക്ക് മെസേജ് അയയ്ക്കാന്‍ പറഞ്ഞു, യുവാവ് പറയുന്നു.

'ഇത് പ്രകാരം ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് വരാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കുകയും അത് കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കി പീഡിപ്പിക്കുകയായിരുന്നു,' യുവാവ് പറഞ്ഞു.
തന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് എടുത്തിട്ടുണ്ട് എന്നും ഇത് ഗേള്‍ഫ്രണ്ടിന് കാണിച്ചുകൊടുക്കും എന്ന് പറഞ്ഞതായും യുവാവ് പറയുന്നു. ഗേള്‍ഫ്രണ്ട് എന്ന് പറയുന്ന നടിയും ആ ദിവസം താജിലുണ്ടായിരുന്നു എന്നാണ് തനിക്ക് തോന്നുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഏതെങ്കിലും കഥയ്ക്ക് വേണ്ടിയാകും എന്നായിരുന്നു അപ്പോഴും തന്റെ ധാരണ എന്നും യുവാവ് പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച തെളിവുകള്‍ കൈമാറിയിട്ടുണ്ട് എന്നും ഇപ്പോഴാണ് ഇതെല്ലാം പുറത്ത് പറയാനുള്ള സാഹചര്യം വന്നത് എന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലും രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അനുവാദമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് ശ്രീലേഖയുടെ പരാതിയില്‍ പറയുന്നത്.
പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ശ്രീലേഖ മിത്രക്ക് ദുരനുഭവുമുണ്ടായത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ സിനിമയുടെ ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. താന്‍ ഇതിന് വഴങ്ങാതിരുന്നതോടെ മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് പോലും തന്നില്ല എന്നും ശ്രീലേഖ മിത്ര ആരോപിച്ചിരുന്നു.












Click it and Unblock the Notifications