സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ അടിച്ചുകൊന്നു... സംഭവം കേരളത്തിൽ തന്നെ...
ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സുജിത്തിന് മർദ്ദനമേറ്റത്.
തൃശൂർ: സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവ് മർദ്ദനമേറ്റ് മരിച്ചു. ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി പുതുക്കാട്ടിൽ സുജിത് വേണുഗോപാലാണ്(26) മരിച്ചത്. മർദ്ദനമേറ്റ് അത്യാസന്നനിലയിൽ ആശുപത്രിയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സുജിത്തിന് മർദ്ദനമേറ്റത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. ടൗണിലെ ഓട്ടോ ഡ്രൈവറായ സ്വാമി എന്ന മിഥുനാണ് കമ്പി വടി ഉപയോഗിച്ച് സുജിത്തിനെ മർദ്ദിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപോയിരിക്കുകയാണ്.

ശല്യം ചെയ്തത്...
സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ഓട്ടോ ഡ്രൈവറായ മിഥുൻ നിരന്തരം ശല്യം ചെയ്തിരുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. സഹോദരിയെ ശല്യപ്പെടുത്തിയതിന് മിഥുനെ താക്കീത് നൽകിയ സുജിത്ത് ഇനിയിത് ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

മർദ്ദനം...
എന്നാൽ തന്നെ ചോദ്യം ചെയ്തതിൽ പ്രകോപിതനായ മിഥുൻ സുജിത്തിനെ ക്രൂരമായി മർദ്ദിച്ചു. ഇരുമ്പ് വടി അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. ജനുവരി 28 ഞായറാഴ്ച ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലായിരുന്നു സംഭവം.

ആശുപത്രിയിൽ...
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സുജിത്തിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രണ്ട് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ സുജിത്ത് ചൊവ്വാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി.

ഭീഷണി...
സുജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ മിഥുൻ സംഭവത്തിന് ശേഷം ഒളിവിൽപോയിരിക്കുകയാണ്. എന്നാൽ ഞായറാഴ്ചയിലെ സംഭവത്തിന് ശേഷം മിഥുൻ സുജിത്തിന്റെ ഇളയച്ഛനെയും സഹോദരിയെയും വീണ്ടും ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ഓട്ടോയിൽ എത്തി ഇരുവരെയും തടഞ്ഞുനിർത്തിയായിരുന്നു ഭീഷണി.

അന്വേഷണം...
സംഭവത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. ഇരിങ്ങാലക്കുട സിഐ എംകെ സുരേഷ് കുമാർ, എസ്ഐ സുശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

വിദേശത്ത്...
ഇന്റീരിയർ ഡിസൈനറായ സുജിത്ത് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. കൊച്ചിയിൽ ജോലിയിൽ പ്രവേശിക്കും മുൻപ് വിദേശത്തും ജോലിചെയ്തിരുന്നു. അരുണയാണ് അമ്മ. സുവർണ ഏകസഹോദരിയാണ്.












Click it and Unblock the Notifications