ലഹരി വിമുക്തികേന്ദ്രത്തിലേക്ക് അയച്ചതിന് പ്രതികാരം; കോഴിക്കോട് യുവാവ് സഹോദരനെ വെട്ടി
കോഴിക്കോട്: ജ്യേഷ്ഠന്റെ വെട്ടേറ്റ് അനുജന് പരിക്ക്. കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലില്‍ ആണ് ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേല്‍പിച്ചത്. ചമല്‍ അംബേദ്കര്‍ കോളനിയിലെ അഭിനന്ദിനെയാണ് സഹോദരന്‍ അര്‍ജുന്‍ വെട്ടിയത്. അര്‍ജുനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ലഹരിക്ക് അടിമയാണ് എന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.
ലഹരിക്കടിമയായ അര്‍ജുനെ അതില്‍നിന്ന് മോചിപ്പിക്കാന്‍ അഭിനന്ദ് ഇടപെട്ട് ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. വെട്ടേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിനന്ദിന്റെ തലയ്ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് അര്‍ജുന്‍ ആക്രമിച്ചത്.

സംഭവത്തിന് തൊട്ടുമുമ്പ് അര്‍ജുന്‍ ക്ഷേത്രത്തില്‍ എത്തി വാള്‍ എടുത്തുകൊണ്ടുപോകുന്നത് സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടുകാര്‍ പിടിച്ചുവെച്ചതിനെ തുടര്‍ന്നാണ് അഭിനന്ദിന്റെ ജീവന്‍ രക്ഷിക്കാനായത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം. അതേസമയം ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്ന് വാള്‍ എടുത്തുകൊണ്ടുപോയതിന് ക്ഷേത്രകമ്മിറ്റി അര്‍ജുനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications