കഥ കേട്ടപ്പോള്‍ ഇന്റിമേറ്റ് സീന്‍ അഭിനയിച്ചു കാണിക്കണമെന്ന്..' വികെപിക്കെതിരേയും പീഡന പരാതി
കൊച്ചി: സംവിധായകന്‍ വികെ പ്രകാശ് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്ന പരാതിയുമായി യുവ കഥാകൃത്ത്. ആദ്യ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ വികെപി മോശമായി പെരുമാറിയെന്ന് അവര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അവരുടെ പ്രതികരണം. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും കഥാകൃത്ത് വ്യക്തമാക്കി. കഥ കേള്‍ക്കണമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ച് വരുത്തി മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി.
രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. സിനിമയുടെ കഥ പറയുന്നതിനാണ് വികെ പ്രകാശ് എന്ന സംവിധയാകനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ അദ്ദേഹം ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരാനും പറയുകയായിരുന്നു എന്ന് യുവതി പറയുന്നു. ' തന്റെ കഥ സിനിമയാക്കും എന്ന ഉറപ്പിന്റെ പുറത്താണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിക്കുന്നത്,': യുവതി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം പറഞ്ഞ സമയത്ത് തന്നെ കൊല്ലത്തെത്തി എന്നും കൊല്ലത്ത് ഒരു ഹോട്ടലില്‍ അദ്ദേഹം രണ്ട് മുറികളെടുത്തിരുന്നു എന്നും യുവതി പറയുന്നു. 'എന്റെ മുറിയില്‍ വന്ന അദ്ദേഹം കഥ പറയാന്‍ പറഞ്ഞു. കഥ പറഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തിവെക്കാന്‍ പറഞ്ഞു. പിന്നീട് എനിക്ക് മദ്യം ഓഫര്‍ ചെയ്തു. കഥ പറയുന്നത് തുടരട്ടേയെന്ന് ചോദിച്ചപ്പോള്‍ നമുക്ക് അഭിനയത്തിലേക്ക് കടക്കാമെന്നായിരുന്നു മറുപടി,' അവര്‍ പറയുന്നു.
പിന്നീട് ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന് തന്നോട് അഭിനയിക്കാന്‍ പറയുകയായിരുന്നു എന്ന് യുവതി പറഞ്ഞു. അഭിനയത്തോട് താല്‍പര്യമില്ലെന്നും തന്റെ കഥ സിനിമയാക്കാനാണ് താല്‍പര്യമെന്നും പറഞ്ഞെങ്കിലും അഭിനയിക്കാന്‍ പറ്റുമെന്ന് പറഞ്ഞ് അതിന് നിര്‍ബന്ധിക്കുകയായിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കാണിച്ച് തരാമെന്ന് പറഞ്ഞു ദേഹത്ത് സ്പര്‍ശിക്കാനും ചുംബിക്കാനും ശ്രമിച്ചു.
' എന്നെ കിടക്കയിലേക്ക് കിടത്താനും ശ്രമിച്ചു. കഥ കേള്‍ക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോള്‍ തന്നെ മനസിലായി. സര്‍ മുറിയിലേക്ക് പൊക്കോളൂ, കൊച്ചിയിലേക്ക് വരുമ്പോള്‍ ഞാന്‍ വന്ന് കഥ പറയാമെന്നും പറയുകയായിരുന്നു. അദ്ദേഹം മുറിയില്‍ നിന്നും പോയപ്പോള്‍ തന്നെ ഞാന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓട്ടോ വിളിച്ച് അവിടെ നിന്നും മടങ്ങി. പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ സംവിധായകന്റെ കുറേ മിസ്ഡ് കോളുണ്ടായിരുന്നു,' കഥാകൃത്ത് പറഞ്ഞു
തിരിച്ചു വിളിച്ചപ്പോള്‍ ക്ഷമിക്കണമെന്നും ഇത് ആരോടും പറയരുതെന്നും പറഞ്ഞു. തുടര്‍ന്ന് പതിനായിരം രൂപ അയച്ച് തന്നു. അതിന് ശേഷം ഒരു ബന്ധവും ഉണ്ടായില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് മുന്നോട്ട് വരുന്നത് എന്നും സിനിമാ മേഖലയില്‍ ഇനി വരുന്ന ആര്‍ക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications