'നിങ്ങളുടെ ഭാര്യ നിങ്ങളെ ചതിക്കും, അച്ചിവീട്ടിലെ താമസം മാറ്റൂ'; ശബരിനാഥന് സൈബർ ആക്രമണം
തിരുവനന്തപുരം: സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തിക്കൊണ്ട് ദിവ്യ എസ് അയ്യർ പങ്കുവെച്ച കുറിപ്പ് വലിയ വിവാദത്തിനാണ് വഴിവെച്ചത്. ദിവ്യയുടെ നടപടി ചട്ടലംഘനമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. പിന്നാലെ ദിവ്യക്കെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചീഫ് സെക്രട്ടറിക്ക് പരാതിയും നൽകി.
അതേസമയം ദിവ്യയുടെ പ്രതികരണത്തിന്റെ പേരിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്നത് അവരുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ കെഎസ് ശബരീനാഥ് ആണ്. ദുഃഖവെള്ളി ദിനത്തിൽ ശബരീനാഥ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന് താഴെ കടുത്ത അധിക്ഷേപമാണ് ചിലർ നടത്തുന്നത്. ദിവ്യയെ അടക്കി നിർത്തണമെന്നും ഭാര്യയുടെ കീഴിൽ കഴിയുന്നത് അവസാനിപ്പിക്കണമെന്നുമൊക്കെയാണ് ചിലരുടെ 'ഉപദേശം'. ഭാര്യയെ അടക്കി നിർത്താൻ ആയില്ലെങ്കിൽ വീട്ടിൽ ചൊറിയും കുത്തി ഇരിക്കേണ്ടി വരുമെന്നാണ് ചിലരുടെ ഭീഷണി. ചില കമന്റുകൾ ഇങ്ങനെ

'അച്ചി വീട്ടിലെ താമസം മാറ്റണം ഇല്ലേൽ അവര് പറയുന്നത് എല്ലാം അനുസരിക്കേണ്ടി വരും', ' ഇന്നത്തെ ദുഖ വെള്ളി ദിനത്തിൽ എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ. കുരിശ് ചുമലിലേന്തി മുന്നോട്ടുപോകുന്ന യേശുക്രിസ്തുവിന്റെ അവസ്ഥയാണ് നിങ്ങൾക്കും. കുരിശായ ചതിക്കുന്നവളായ ഈ ഭാര്യയെ ഒഴിവാക്കുന്നതായിരിക്കും അങ്ങേക്ക് നല്ലത്. നിങ്ങളുടെ ഭാര്യ നിങ്ങളെ ചതിക്കും. ചിലപ്പോൾ ചതിച്ചു കൊണ്ടിരിക്കുകയായിരിക്കും. അന്തസായ രാഷ്ട്രീയമായ ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകണമെങ്കിൽ ശക്തമായ തീരുമാനം നിങ്ങൾ എടുക്കണം'.
'ലാളിച്ച് കൊഞ്ചിച്ച് തലയിൽ വെച്ചാൽ പേനരിക്കും താഴെവച്ചാൽ ഉറുമ്പരിക്കും എന്ന നിലയിൽ സംരക്ഷിച്ചു പോന്ന ഭാര്യ അവസാനം ശബരീനാഥിനെയും തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് എത്തി. ചോറു കൊടുത്താൽ മാത്രം പോരാ ചൊല്ലും കൂടെ കൊടുക്കണം എങ്കിലേ ഉത്തമ ഭാര്യ ആകൂ'
'നിന്റെയൊക്കെ ഉള്ളിൽ ശെരിക്കും കോൺഗ്രസ് ഉണ്ടോ. ഉണ്ടെങ്കിൽ സ്വന്തം വീട്ടിൽ ഉള്ളവരെ നിയന്ത്രിക്കാൻ പഠിക്കണം. ചോറ് ഇവിടെയും കൂറ് വേറെ എവിടെയെങ്കിലും ആയിട്ട് കാര്യം ഇല്ല. അങ്ങനെ ആണെങ്കിൽ ഇനി അങ്ങോട്ട് ചിലപ്പോൾ വീട്ടിൽ ചൊറിയും കുത്തി ഇരിക്കേണ്ടി വരും, ഓർത്താൽ നന്ന്'
'താങ്കൾ ഏതു പാതയിലൂടെ ആണ് ആവോ പോകുന്നത് ഭാര്യയുടെ പാത. അതോ ജികെ തെളിച്ച പാതയിലൂടെ ആണോ. അധികം ആയാൽ അമൃതും വിഷം. ഭാര്യ IAs തലയിൽ വച്ചു വല്ലാതെ വിഷമിക്കുന്നു. രാജിവെച്ച് ആ പാർട്ടിയിൽ ചേർന്നാൽ കൂടുതൽ നന്മകൾ കാണാൻ സാധിക്കും കൂടുതൽ പാതകൾ തുറന്നു കിട്ടും',ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ദിവ്യ നടത്തിയത് ചട്ടലംഘനമാണെന്നാണ് ചിലർ കമന്റിൽ ചൂണ്ടിക്കാട്ടുന്നത്.
'ദിവ്യ എസ് അയ്യർക്ക് ഏത് രാഷ്ട്രീയ പാർട്ടിയെ ഇഷ്ടപ്പെടാനും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട് ഭർത്താവ് ശബരീനാഥിന്റെ രാഷ്ട്രീയ നിലപാട് തന്നെ ആകണമെന്ന് നിർബന്ധമില്ല. പക്ഷേ സർവീസ് ചട്ടം ദുരുപയോഗം ചെയ്തു കൊണ്ട് ഒരു പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെ പ്രശംസിക്കുന്നത് നിയമവിരുദ്ധമാണ്', ഒരാൾ കമന്റ് ചെയ്തു.
വിവാദ കുറിപ്പ് ഇങ്ങനെ
'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' എന്നായിരുന്നു കുറിപ്പ്. അതേസമയം സംഭവം വിവാദമായതോടെ ദിവ്യ വിശദീകരണം നൽകിയിരുന്ന. തന്റെ ബോധ്യത്തിൽ നിന്നുമാണ് അത്തരം ഒരു കുറിപ്പ് പങ്കിട്ടത് എന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ ദിവ്യക്ക് വീഴ്ചപറ്റിയെന്നായിരുന്നു ഭർത്താവ് കൂടിയായ ശബരീനാഥ് പ്രതികരിച്ചത്.












Click it and Unblock the Notifications